ശമ്പളം വർധിപ്പിക്കണം; കാനഡയിൽ സർക്കാർ ജീവനക്കാർ സമരത്തിൽ

ശമ്പളം വർധിപ്പിക്കണം; കാനഡയിൽ സർക്കാർ ജീവനക്കാർ സമരത്തിൽ

ഒട്ടാവ: ശമ്പള വർദ്ധനവ്, വർക്ക് ഫ്രം ഹോം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാന‍ഡയിലെ 155,000 സർക്കാർ ജീവനക്കാർ പണിമുടക്കിൽ. പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡയും സർക്കാർ ജീവനക്കാരെ നിയമിക്കുന്ന ട്രഷറി ബോർഡ് ഓഫ് കാനഡയും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം ആരംഭിച്ചത്. ബുധനാഴ്ച മുതലാണ് 120,000 ട്രഷറി ബോർഡ് തൊഴിലാളികളും 35,000 റവന്യൂ ഏജൻസി ജീവനക്കാരും പണിമുടക്കുന്നത്.

പ്രധാനമായും സമരം ബാധിക്കപ്പെട്ട സേവനങ്ങളിലൊന്ന് ഇമിഗ്രേഷനാണ്. ഇത് താൽക്കാലിക വർക്ക് പെർമിറ്റുകൾ, സ്ഥിര താമസം, വിദേശ വിദ്യാർത്ഥികൾക്കുള്ള പഠന പെർമിറ്റുകൾ എന്നിവയ്ക്കുള്ള അപേക്ഷകർക്ക് തിരിച്ചടിയാണ്. ഇന്ത്യയിൽ നിന്നുള്ള നിരവധിപ്പേരാണ് ഈ സേവനങ്ങൾക്കായി കാത്തിരിക്കുന്നത്.

ട്രഷറി ബോർഡ് അം​​ഗങ്ങൾ റിമോട്ട് വർക്കിങ്ങ് സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. ശമ്പള വർധനവ് സംബന്ധിച്ച ചർച്ചകളും പുരോ​ഗമിക്കുകയാണെന്ന് പിഎസ്എസിയുടെ ദേശീയ പ്രസിഡന്റ് ക്രിസ് എയ്ൽവാർഡ് പറഞ്ഞു. എന്നാൽ, നികുതി റിട്ടേണുകൾക്ക് മേൽനോട്ടം വഹിക്കുന്ന റവന്യൂ ഏജൻസി തൊഴിലാളികളുടെ ശമ്പള വർധനവ് സംബന്ധിച്ച് സർക്കാരുമായി നടത്തിയ ചർച്ചയിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റവന്യൂ ഏജൻസി തൊഴിലാളികൾ 22.5 ശതമാനം ശമ്പള വർധനവാണ് ആവശ്യപ്പെടുന്നത്. ഫെഡറൽ ഗവൺമെന്റ് അഡ്മിനിസ്ട്രേഷന് മേൽനോട്ടം വഹിക്കുന്ന ട്രഷറി ബോർഡ് തൊഴിലാളികൾ 13.5 ശതമാനം ശമ്പള വർധനവും ആവശ്യപ്പെടുന്നു. എന്നാൽ മൂന്ന് വർഷത്തിനിടെ ഒൻപതു ശതമാനം വർധനവാണ് ഇരുകൂട്ടർക്കും സർക്കാർ വാഗ്ദാനം ചെയ്തത്. ഉയർന്ന വേതനത്തിന് പുറമേ, വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യവും തൊഴിലാളി യൂണിയൻ ആവശ്യപ്പെടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.