കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചു; ആദ്യ യാത്ര വൈപ്പിന്‍ ദ്വീപിലേക്ക്; ആവേശമായി കന്നിയാത്ര

കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചു; ആദ്യ യാത്ര വൈപ്പിന്‍ ദ്വീപിലേക്ക്; ആവേശമായി കന്നിയാത്ര

കൊച്ചി: രാജ്യത്തെ തന്നെ ആദ്യ സംയോജിത ജലഗതാഗത സംവിധാനമായ വാട്ടര്‍ മെട്രോ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് ഹൈക്കോടതി ജംഗ്ഷനിലെ ടെര്‍മിനലില്‍ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ സര്‍വീസ് നടത്തിയത്. വൈപ്പിനില്‍ നിന്ന് തിരികെ മുളവുകാട് ടെര്‍മിനല്‍ വഴി ഹൈക്കോടതി ജംഗ്ഷനിലുമെത്തി. കന്നിയാത്രയ്ക്ക് ബോട്ട് നിറഞ്ഞ് യാത്രക്കാരുണ്ടായിരുന്നു. വൈറ്റില-കാക്കനാട് റൂട്ടിലെ സര്‍വീസ് നാളെ ആരംഭിക്കും.

നൂറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടര്‍ മെട്രോയുടെ ഭാഗമായുള്ളത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടുമായി ഒരേ ലെവലില്‍ നില്‍ക്കാനാകുന്ന ഫ്‌ളോട്ടിങ് ജട്ടികളും യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാന്‍ പാസഞ്ചര്‍ കണ്‍ട്രോളിങ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാകുന്നതോടെ 10 ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വീസ് നടത്തും.

വളരെ കുറഞ്ഞ യാത്രാനിരക്കും വാട്ടര്‍മെട്രോയുടെ പ്രത്യേകതയാണ്. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ് വരുന്നത്. ഹൈക്കോര്‍ട്ട്- വൈപ്പിന്‍ യാത്രയ്ക്ക് 20 രൂപയും വൈറ്റില-കാക്കനാട് 30 രൂപയുമാണ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്.

ടെര്‍മിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളില്‍നിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും. മെട്രോ റെയിലിലെ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാം. കൊച്ചി വണ്‍ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈല്‍ ക്യുആര്‍ കോഡ് ഉപയോഗിച്ചും യാത്രചെയ്യാന്‍ സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.