ഒമിക്രോണിന്റെ പുതിയ വകഭേദം 'ആര്‍ക്ടറസ്' ഓസ്‌ട്രേലിയയില്‍ വ്യാപിക്കുന്നു

ഒമിക്രോണിന്റെ പുതിയ വകഭേദം 'ആര്‍ക്ടറസ്' ഓസ്‌ട്രേലിയയില്‍ വ്യാപിക്കുന്നു

സിഡ്‌നി: ഒമിക്രോണിന്റെ പുതിയ വകഭേദം ഓസ്‌ട്രേലിയയില്‍ എക്‌സ്ബിബി.1.16 അതിവേഗം വ്യാപിക്കുന്നുവെന്ന് വിദഗ്ധര്‍. ആര്‍ക്ടറസ് എന്നാണ് ഈ ഉപവകഭേദത്തിന് പേര് നല്‍കിയിരിക്കുന്നത്. രാജ്യത്ത് ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്താണ് ആദ്യമായി ഈ വകഭേദം കണ്ടെത്തിയത്. ആശുപത്രി ചികിത്സ ആവശ്യമാകുന്ന തരത്തില്‍ ഗുരുതരമാകുന്നില്ലെങ്കിലും അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതാണ് ഈ വകഭേദമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. നിലവില്‍ 29 രാജ്യങ്ങളില്‍ ആര്‍ക്ടറസ് വൈറസ് സാന്നിധ്യമുണ്ട്.

കോവിഡ് പോസിറ്റീവ് സാമ്പിളുകളില്‍ നടത്തിയ ജനിതക ശ്രേണീകരണ പരിശോധനകളിലാണ് സമീപകാല വര്‍ദ്ധനയ്ക്ക് കാരണം ആര്‍ക്ടറസ് ആണെന്ന് കണ്ടെത്തിയത്. ഓസ്‌ട്രേലിയയ്ക്കു പുറമേ ഇന്ത്യ, അമേരിക്ക, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ഈ ഉപവകഭേദം രോഗവ്യാപനമുണ്ടാക്കുന്നുണ്ട്.

70 ശതമാനം ഓസ്ട്രേലിയക്കാര്‍ക്ക് രണ്ട് ഡോസ് വാക്സിനു പുറമേ ഒരു ബൂസ്റ്റര്‍ ഷോട്ട് കൂടി ലഭിച്ചിട്ടുണ്ട്. അതേസമയം ഇത് പര്യാപ്തമല്ലെന്നും ജനസംഖ്യയുടെ 90-95 ശതമാനമായി വര്‍ദ്ധിപ്പിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

മാര്‍ച്ച് 17 വരെ ഓസ്ട്രേലിയയില്‍ 22,000-ത്തിലധികം പുതിയ കോവിഡ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച ഇത് 29,000 ആയി ഉയര്‍ന്നിട്ടുണ്ട്.

ന്യൂ സൗത്ത് വെയില്‍സില്‍ ഏപ്രില്‍ 20 ന് അവസാനിച്ച ആഴ്ചയില്‍ 12,393 കോവിഡ് കേസുകളാണു രേഖപ്പെടുത്തിയത്. ഒരു ആഴ്ച മുന്‍പ് ഈ കണക്ക് 9,643 ആയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. മാര്‍ച്ച് 17 വരെയുള്ള ആഴ്ചയില്‍ 1345 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേരത്തെയുള്ള കോവിഡ് വകഭേദങ്ങളുടെ ലക്ഷണങ്ങള്‍ക്കൊപ്പം ചെങ്കണ്ണും ഈ വകഭേദത്തിന്റെ ലക്ഷണമാണ്.

സാധാരണ കോവിഡ് ലക്ഷണങ്ങളായ തൊണ്ടവേദന, മൂക്കൊലിപ്പ്, ജലദോഷം, ചുമ, തളര്‍ച്ച, പേശീവേദന, വയറിനു പ്രശ്‌നം തുടങ്ങിയവയ്‌ക്കൊപ്പം ശക്തമായ പനിക്കും ചെങ്കണ്ണിനും സാധ്യതയുണ്ട്. പ്രത്യേകിച്ച് കുട്ടികളില്‍.

നിലവില്‍ ആശങ്കാജനകമല്ലെങ്കിലും ആരോഗ്യ വിദഗ്ധര്‍ പുതിയ വകഭേദത്തെ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. രോഗം കൂടുതലായി വ്യാപിക്കുകയാണെങ്കില്‍ അത് ആളുകളുടെ പ്രതിരോധ ശേഷിയെ ബാധിക്കും. അതിനാല്‍ രോഗം നിയന്ത്രിച്ച് നിര്‍ത്തുന്നത് അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.