അമേരിക്കയിൽ 13 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി നിയമനിർമാണം

അമേരിക്കയിൽ 13 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി നിയമനിർമാണം

വാഷിങ്ടൺ: അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യക്കൊപ്പം അതേ വേഗത്തിൽ വളരുകയാണ് ഇന്നത്തൈ കുട്ടികൾ. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻതീരുമാനിച്ച് അമേരിക്ക. 13 വയസ്സിനു താഴെയുള്ള കുട്ടികളെ സാമൂഹിക മാധ്യമങ്ങളിൽനിന്ന് വിലക്കാനുള്ള ബിൽ സെനറ്റിൽ അവതരിപ്പിച്ചു. പ്രാധാനമായും ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക് തുടങ്ങിയവയിൽ നിന്നും വിലക്കാനാണ് ശുപാർശ. രാജ്യത്ത് കൗമാരക്കാർക്ക് സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കണമെങ്കിൽ ടെക് കമ്പനികൾ, രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കണമെന്നും ബില്ലിൽ നിർദേശിക്കുന്നു.

അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷമായി ബാധിക്കുന്നുവെന്ന വിദഗ്ധാഭിപ്രായം വിശദമായി പരിശോധിക്കണമെന്നും ബിൽ ആവശ്യപ്പെടുന്നു. കുട്ടികളെക്കുറിച്ചുള്ള വ്യക്തിഗതവിവരങ്ങളടങ്ങിയ ഉള്ളടക്കമോ പരസ്യങ്ങളോ സാമൂഹികമാധ്യമ കമ്പനികൾ പങ്കുവെക്കാൻ പാടില്ലെന്നും അനുശാസിക്കുന്നുണ്ട്. ബില്ല് പ്രാബല്യത്തിത്തിൽ വരുന്നതോടെ നിയന്ത്രണങ്ങൾ നടപ്പിലാക്കും. കുട്ടികളുടെ പേരിൽ പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ കഴിയില്ല. എന്നാൽ, ലോഗിൻചെയ്യാതെ ഉള്ളടക്കം വായിക്കാൻ പറ്റും.

സാമൂഹികമാധ്യമങ്ങളിലെ ചതിക്കുഴികളിൽനിന്ന് കുട്ടികളെ രക്ഷിക്കാനുള്ള ആദ്യ പടിയായാണ് ഇത്തരമൊരു ബില്ല് കൊണ്ടുവരാനുള്ള കാരണമെന്ന് സെനറ്റംഗം ബ്രയാൻ ഷാറ്റസ് പ്രതികരിച്ചു. 2021-ലെ ഒരു സർവേ റിപ്പോർട്ടുപ്രകാരം, യു.എസിലെ ഹൈസ്‌കൂൾ വിദ്യാർഥികളിൽ 57 ശതമാനം പെൺകുട്ടികളിലും 29 ശതമാനം ആൺകുട്ടികളിലും വിഷാദരോഗം ഉള്ളതായി കണ്ടെത്തിയിരുന്നു.

അമിതമായി ഫോണ് ഉപയോഗിക്കുന്നവർ വിഷാദ രോഗികളാകാന് സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കുട്ടികൾ മാത്രമല്ല, മുതിർന്നവരെപ്പോലും സ്ഥലകാലബോധം വിട്ട് ആസക്തരാക്കുവാനുള്ള ശക്തിയും സ്വാധിനവുമുള്ള ഇടങ്ങളായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയ. മറ്റൊരു വിധത്തിൽ ചിന്തിച്ചാൽ മാതാപിതാക്കളിലെ അമിതമായ ഫോൺ ഉപയോഗമാണ് കുട്ടികളെയും ബാധിച്ചിരിക്കുന്നത്. ഇന്ന് ആർക്കും ആരോടും സംസാരിക്കാനോ ഇടപെഴകാനോ ഒന്നും സമയമില്ല. പരസ്പരം നേരിൽ സംസാരിക്കാനുള്ള പല സാഹചര്യങ്ങളും കുറഞ്ഞു വന്നു. സ്വന്തം തിരക്കുകൾക്കിടയിൽ കുട്ടികൾക്കൊപ്പം സംസാരിക്കാനോ അവരെ കേൾക്കാനോ നേരമില്ലാതെ വന്നപ്പോൾ അച്ഛനമ്മമാർ തന്നെയാണ് അവരുടെ കൈകളിലേക്ക് ഫോൺ വെച്ചു കൊടുത്തത്. പിന്നീട് അവരുടെ കൂട്ടും വഴികാട്ടിയുമെല്ലാം സോഷ്യൽ ലോകമായി മാറുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.