മഅദനിക്ക് അകമ്പടി: പൊലീസുകാരുടെ എണ്ണം വെട്ടികുറയ്ക്കാനാകില്ലെന്ന് കര്‍ണാടകം; ചെലവ് പിണറായി സര്‍ക്കാര്‍ വഹിക്കണമെന്ന് മുസ്ലീം സംഘടനകള്‍

മഅദനിക്ക് അകമ്പടി: പൊലീസുകാരുടെ എണ്ണം വെട്ടികുറയ്ക്കാനാകില്ലെന്ന് കര്‍ണാടകം; ചെലവ് പിണറായി സര്‍ക്കാര്‍ വഹിക്കണമെന്ന് മുസ്ലീം സംഘടനകള്‍

ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മഅദനിയുടെ കേരള സന്ദര്‍ശനത്തിന് അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണം വെട്ടികുറയ്ക്കാനാകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. അകമ്പടി ചെലവ് കണക്കാക്കിയത് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ്. ഇതിനായി കേരളം സന്ദര്‍ശിച്ചാണ് ശുപാര്‍ശ തയ്യാറാക്കിയതെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഇരുപത് പൊലീസുകാര്‍ അകമ്പടിയായി മഅദനിക്കൊപ്പം പോകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇവരുടെ ചെലവിനായി പ്രതിമാസം 20.23 ലക്ഷം രൂപയാണ് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടത്. ഇത് വെട്ടി കുറയ്ക്കണം എന്നായിരുന്നു മഅദനിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കരുതെന്ന് കര്‍ണാടക ഭീകര വിരുദ്ധ സെല്ലിന്റെ അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. സുമീത് എ.ആര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

അസുഖ ബാധിതനായ മാതാപിതാക്കളെ കാണുന്നതിനാണ് കേരളത്തിലേയ്ക്ക് പോകുന്നതെന്നാണ് കോടതിയില്‍ പറഞ്ഞിരുന്നത് . എന്നാല്‍ പൊലീസിന് നല്‍കിയ അപേക്ഷയില്‍ കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് മഅദനി രേഖപെടുത്തിയിരിക്കുന്നത്.

തുടര്‍ന്ന് സുരക്ഷാ ഭീഷണിയും മറ്റ് ക്രമീകരണങ്ങളും പരിശോധിക്കുന്നതിന് യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കി. ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുപതംഗ പൊലീസ് സംഘം മദനിക്ക് അകമ്പടി നല്‍കാന്‍ തീരുമാനിച്ചതെന്നും മറുപടി സത്യവാങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിരോധിത സംഘടനയായ സിമിയിലെ അംഗമാണ് മദനിയെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കുന്നു. യു.എ.പി.എ നിയമ പ്രകാരം നിരോധിച്ചിട്ടുള്ള ലഷ്‌കര്‍ ഇ ത്വയ്ബ, ഇന്ത്യന്‍ മുജാഹിദീന്‍ എന്നീ സംഘടനകളുമായും മഅദനിയ്ക്ക് ബന്ധമുണ്ട്. നിയന്ത്രണങ്ങളില്ലാതെ നാട്ടിലേക്ക് പോകാന്‍ അനുവദിച്ചാല്‍ ഈ നിരോധിത സംഘടനകളുമായി ബന്ധപ്പെടാന്‍ സാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നു.

അതേസമയം മഅദനിയുടെ കേരള യാത്രയുടെ ചിലവും സംരക്ഷണവും പിണറായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മുസ്ലീം ജമാ അത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു. മഅദനിയെ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും മുസ്ലീം ജമാ അത്ത് കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു. ചില പ്രാദേശിക മുസ്ലീം സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.

കര്‍ണാടക പൊലീസിന്റെ സുരക്ഷയില്‍ കേരളത്തിലേക്ക് പോകാനായിരുന്നു മദനിയ്ക്ക് കോടതി അനുമതി നല്‍കിയത് . ഇതനുസരിച്ചാണ് യാത്രയ്ക്കും സുരക്ഷാ ചിലവിനുമായി 60 ലക്ഷം രൂപ കെട്ടിവെയ്ക്കാന്‍ കര്‍ണാടക പൊലീസ് നിര്‍ദ്ദേശം നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.