ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്നും ഉത്പാദന മേഖലയിൽ പത്ത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രകടനപത്രികയിൽ ബിജെപി വാഗ്ദാനം ചെയ്യുന്നു. ബെംഗളൂരുവിൽ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയാണ് പത്രിക പുറത്തിറക്കിയത്. എല്ലാവർക്കും നീതി ഉറപ്പാക്കുക, ആരെയും പ്രീതിപ്പെടുത്താതിരിക്കുക എന്നതാവും ബിജെപിയുടെ നയമെന്ന് പ്രകടനപത്രിക പുറത്തിറക്കിയശേഷം നഡ്ഡ മാധ്യമങ്ങളോട് പറഞ്ഞു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിമാസ റേഷൻ കിറ്റാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. പ്രതിദിനം അരലിറ്റർ പാലും പ്രതിവർഷം മൂന്ന് പാചകവാതക സിലിണ്ടറുകളും ബിപിഎൽ വിഭാഗക്കാർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ദീപാവലി അടക്കമുള്ള ഉത്സവാഘോഷങ്ങളോട് അനുബന്ധിച്ചാവും ഓരോ സിലിണ്ടറുകൾവീതം നൽകുക. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് സാമ്പത്തിക പിന്തുണ, സർക്കാർ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതി, ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനുള്ള പദ്ധതി എന്നിവയും പത്രികയിലുണ്ട്.
കർണാടകയെ ഇലക്ട്രിക് വാഹനങ്ങളുടെ ഹബ്ബാക്കി മാറ്റുമെന്നാണ് മറ്റൊരു വാഗ്ദാനം. 1000 സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകും, ഇലക്ട്രിക് വാഹനങ്ങൾക്കുവേണ്ടിയുള്ള ചാർജിങ് സ്റ്റേഷനുകൾ വ്യാപകമാക്കും, ബി.എം.ടി.സി ബസ്സുകൾ മുഴുവൻ ഇലക്ട്രിക്ക് ആക്കിമാറ്റും. ബെംഗളൂരുവിന് സമീപം ഇ.വി നഗരം സ്ഥാപിക്കും തുടങ്ങിയവയാണ് വാഗ്ദാനങ്ങൾ. ഭൂരഹിതർക്കും ഭവനരഹിതർക്കും വേണ്ടിയുടെ പദ്ധതി, എസ്.സി - എസ്.ടി കുടുംബങ്ങൾക്ക് 10,000 രൂപവീതം അഞ്ചുവർഷത്തേക്ക് സ്ഥിരനിക്ഷേപം വാഗ്ദാനം ചെയ്യുന്ന പദ്ധതി തുടങ്ങിയവയും ബിജെപി പ്രകടന പത്രികയിലുണ്ട്. മെയ് പത്തിനാണ് കർണാടകയിൽ തിരഞ്ഞെടുപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.