ജോസ്‌വിന്‍ കാട്ടൂര്‍
വത്തിക്കാന്‍ സിറ്റി: ഹംഗറിയിലെ തന്റെ ത്രിദിന അപ്പസ്‌തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ബുഡാപെസ്റ്റില്‍ നിന്ന് റോമിലേക്കുള്ള മടക്ക യാത്രാവേളയില്‍, ഫ്രാന്‍സിസ് പാപ്പ തന്നോടൊപ്പം യാത്ര ചെയ്ത മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. റഷ്യയിലേക്കു ബലമായി പിടിച്ചു കൊണ്ടുപോയ ഉക്രെയ്ന്‍കാരായ കുട്ടികളെ തിരികെയെത്തിക്കുന്ന കാര്യത്തില്‍ പരിശുദ്ധ സിംഹാസനത്തിന്റെ ഇടപെടലിനെക്കുറിച്ചും അടുത്തിടെ താന്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിനെക്കുറിച്ചും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ യാത്രാ മധ്യേ ചര്‍ച്ച ചെയ്തു.
ഹംഗറിയിലെ തന്റെ സന്ദര്‍ശന വേളയിലുണ്ടായ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചായിരുന്നു ആദ്യത്തെ ചോദ്യം. അതിന് ഉത്തരമായി, 1960-കളിലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഹംഗറിയിലെ ഈശോ സഭാ വൈദികരെ ആ രാജ്യത്തുനിന്ന് പുറത്താക്കിയതും അവര്‍ സ്വദേശമായ അര്‍ജന്റീനയില്‍ അഭയാര്‍ത്ഥികളായി എത്തിയതും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ തന്റെ ഓര്‍മ്മയില്‍ നിന്നും മാര്‍പ്പാപ്പ പങ്കുവച്ചു.
അന്നു മുതല്‍ ഇന്നോളം താന്‍ കണ്ടുമുട്ടിയ എല്ലാ ഹംഗറിക്കാരും മഹത്തായ അവരുടെ സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നവരായിരുന്നുവെന്നും പാപ്പ പറഞ്ഞു. താരതമ്യേന പഠിക്കാന്‍ പ്രയാസമുള്ള ഭാഷയായ ഹംഗേറിയന്‍ ഭാഷ അറിയാമോ എന്ന ചോദ്യത്തിന് ഉത്തരമായി മാര്‍പാപ്പ ഇങ്ങനെ പറഞ്ഞു: 'സ്വര്‍ഗത്തിലെത്തിയ ശേഷമേ എനിക്കത് പഠിക്കാന്‍ സാധിക്കൂ!'
പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി നടത്തിയ കൂടിക്കാഴ്ചയില്‍, ബാല്‍ക്കന്‍ പാത വഴിയുള്ള അഭയാര്‍ത്ഥി പ്രവാഹം തടയാനായി ഹംഗറി അടുത്തിടെ അടച്ച അതിര്‍ത്തികള്‍ വീണ്ടും തുറക്കുന്നതിനെക്കുറിച്ചും ഉക്രെയ്‌നില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ചകളുണ്ടായോ എന്നതായിരുന്നു അടുത്ത ചോദ്യം.
സമാധാനം സ്ഥാപിക്കണമെങ്കില്‍ ബന്ധങ്ങളും സൗഹൃദങ്ങളും എപ്പോഴും തുറവിയോടു കൂടി സൂക്ഷിക്കണമെന്നും ഈ കാര്യങ്ങള്‍ ഒര്‍ബാനോടു മാത്രമല്ല എല്ലായിടത്തും താന്‍ ആവര്‍ത്തിക്കുന്നതാണെന്നും മാര്‍പാപ്പ മറുപടിയായി പറഞ്ഞു.
അഭയാര്‍ത്ഥികളുടെ കുടിയേറ്റങ്ങള്‍ മൂലം മെഡിറ്ററേനിയന്‍ തീരത്തുള്ള സൈപ്രസ്, ഗ്രീസ്, മാള്‍ട്ട, ഇറ്റലി, സ്‌പെയിന്‍ മുതലായ രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ യൂറോപ്യന്‍ യൂണിയനിലെ അംഗരാഷ്ട്രങ്ങള്‍ ഒന്നായി ഏറ്റെടുക്കണമെന്ന് പാപ്പാ പറഞ്ഞു. യൂറോപ്പിലേക്കുള്ള അനിയന്ത്രിതമായ കുടിയേറ്റങ്ങള്‍ക്ക് ഒരു കാരണം യൂറോപ്യന്‍ രാജ്യങ്ങളിലെ താഴ്ന്ന ജനനനിരക്കാണ്. അതിനാല്‍ യുറോപ്യന്‍ രാജ്യങ്ങള്‍ ഭരണതലത്തില്‍ മുന്‍കൈയെടുത്ത് ജനസംഖ്യാപരമായ ഈ പ്രതിസന്ധി പരിഹരിക്കണമെന്ന് മാര്‍പ്പാപ്പ നിര്‍ദേശിച്ചു.
ഉക്രെയ്‌നില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി താന്‍ ഇതു വരെ നടത്തിയ ശ്രമങ്ങളെ പരിശുദ്ധ പിതാവ് അനുസ്മരിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രിയാര്‍ക്കീസ് കിറിലുമായി ഈ വിഷയത്തില്‍ നടത്തിയ നാല്‍പ്പതു മിനിട്ട് നീണ്ടു നിന്ന ഓണ്‍ലൈന്‍ സംഭാഷണത്തെക്കുറിച്ച് മാര്‍പ്പാപ്പ എടുത്തുപറഞ്ഞു. വത്തിക്കാനിലെ റഷ്യന്‍ സ്ഥാനപതിയുമായി ഈ വിഷയത്തില്‍ നിരവധി തവണ നടത്തിയ ചര്‍ച്ചകളെയും മാര്‍പ്പാപ്പ പ്രത്യേകം അനുസ്മരിച്ചു. എത്രയും വേഗം സമാധാനം ഉണ്ടാകണമെന്നതാണ് എല്ലാവരുടെയും ആഗ്രഹം എന്ന് പാപ്പ പറഞ്ഞു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രത്യേക സമാധാന ദൗത്യത്തെക്കുറിച്ച് മാര്‍പ്പാപ്പ സൂചിപ്പിച്ചെങ്കിലും ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുന്നതായിരിക്കും ഉചിതം എന്നും പറഞ്ഞു.
അടുത്ത ചോദ്യം മാര്‍പ്പാപ്പയുടെ ആരോഗ്യത്തെക്കുറിച്ചും ലിസ്ബണില്‍ നടക്കാനിരിക്കുന്ന ലോക യുവജന സംഗമത്തെക്കുറിച്ചുമായിരുന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധ മൂലമാണ് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും ദൈവാനുഗ്രഹത്താല്‍ തന്റെ ശരീരം ചികിത്സയോട് നന്നായി പ്രതികരിച്ചെന്നും പാപ്പാ മറുപടി പറഞ്ഞു. ലിസ്ബണിലെ യുവജന സംഗമത്തില്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്നതാണ് തന്റെ ആഗ്രഹം എന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. തുടര്‍ന്ന് മാര്‍സെയില്‍സിലേക്കും മംഗോളിയയിലേക്കും നടത്താനിരിക്കുന്ന യാത്രകളെക്കുറിച്ചും മാര്‍പ്പാപ്പ സൂചിപ്പിച്ചു.
വത്തിക്കാന്‍ മ്യൂസിയത്തിലെ പുരാവസ്തു ശേഖരത്തില്‍ ഉണ്ടായിരുന്ന ശില്‍പങ്ങളുടെ ഭാഗങ്ങള്‍ ഗ്രീസിന് തിരിച്ചുനല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു അടുത്ത ചോദ്യം. ഇതുപോലുള്ള നടപടികള്‍ വത്തിക്കാന്റെ ഭാഗത്തു നിന്നും ഇനിയും പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തോട് 'നിങ്ങള്‍ ആരുടെയെങ്കിലും വസ്തുക്കള്‍ മോഷ്ടിച്ചിട്ടുണ്ടെങ്കില്‍ അത് അവര്‍ക്ക് തിരിച്ചു നല്‍കണം' എന്നതാണ് ഏഴാം പ്രമാണം എന്ന് സരസമായ രീതിയില്‍ പ്രതികരിച്ചു. ഇത്തരത്തില്‍ കാനഡയിലെ തദ്ദേശീയരായ ജനതയുടെ പുരാവസ്തുക്കളും തിരികെ നല്‍കാനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായും പാപ്പാ അറിയിച്ചു.
റഷ്യയിലേക്കു ബലമായി പിടിച്ചു കൊണ്ടുപോയ ഉക്രെയ്ന്‍കാരായ കുട്ടികളെ തിരികെയെത്തിക്കാനായി ഉക്രെയ്ന്‍ പ്രധാനമന്ത്രി നടത്തിയ സഹായാഭ്യര്‍ത്ഥന പ്രകാരം ഇതിനായുള്ള എന്തെങ്കിലും ശ്രമങ്ങള്‍ വത്തിക്കാന്റെ ഭാഗത്ത് നിന്നും നടക്കുന്നുണ്ടോ എന്നതായിരുന്നു അവസാനത്തെ ചോദ്യം. ഉക്രെയ്‌ന്റെ ഈ ആവശ്യം തികച്ചും ന്യായയുക്തമാണെന്ന് പരിശുദ്ധ പിതാവ് മറുപടി നല്‍കി. യുദ്ധ തടവുകാരുടെ മോചനത്തിനായി പരിശുദ്ധ സിംഹാസനം മുന്‍കാലങ്ങളില്‍ ഇടപെട്ടതുപോലെതന്നെ ഈ കാര്യത്തിലും ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവരുടെ മോചനം താമസിയാതെ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മാര്‍പാപ്പ പറഞ്ഞു. എല്ലാവരിലും ആശങ്കയുളവാക്കുന്ന അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഇത്തരം സഹായാഭ്യര്‍ത്ഥനകളെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ എല്ലാവരും പരിഗണിക്കണമെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.