ടെക്സാസ്: ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിയുടെ പടുകൂറ്റന്‍ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ട സംഭവത്തില്‍ വിക്ഷേപണത്തിന് അനുമതി നല്‍കിയ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനെതിരെ കോടതിയില്‍ പരാതിയുമായി വന്യജീവി സംരക്ഷണ പ്രവര്‍ത്തകര്‍. പരാജയപ്പെട്ട വിക്ഷേപണം മൂലം പരിസ്ഥിതിക്ക് ഉണ്ടായ പ്രശ്നങ്ങളാണ് പരാതിക്കു കാരണം.
പാരിസ്ഥിതിക പഠനം നടത്താതെ ടെക്‌സസിലെ ദേശീയ വന്യജീവി സങ്കേതത്തിന് അടുത്തായി സ്പേസ് എക്സ് റോക്കറ്റ് വിക്ഷേപണം നടത്താന്‍ അംഗീകാരം നല്‍കിയതിനെ ചോദ്യം ചെയ്താണ് വാഷിംഗ്ടണ്‍ ഡിസിയിലെ ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ പരാതി നല്‍കിയത്.
ഏപ്രില്‍ 20-നാണ് ലോകം കാത്തിരുന്ന വിക്ഷേപണം നടന്നത്. തെക്കന്‍ ടെക്‌സസിലെ ദേശീയ വന്യജീവി സങ്കേതമായ ലോവര്‍ റിയോ ഗ്രാന്‍ഡെ വാലി നാഷണല്‍ വൈല്‍ഡ് ലൈഫ് റെഫ്യൂജിനു സമീപമാണ് വിക്ഷേപണ കേന്ദ്രം. ബോക്ക ചിക്കയിലുള്ള സ്‌പേസ് എക്‌സ് കേന്ദ്രത്തില്‍നിന്ന് കുതിച്ചുയര്‍ന്ന റോക്കറ്റ് നാലു മിനിറ്റിനകം ആകാശത്തു വച്ച് പൊട്ടിത്തെറിച്ച് മെക്സിക്കോ ഉള്‍ക്കടലില്‍ പതിക്കുകയായിരുന്നു.
ലോകത്തിലെ ഏറ്റവും ശക്തമെന്ന് അവകാശപ്പെട്ട റോക്കറ്റിന്റെ വിക്ഷേപണം പരാജയപ്പെട്ടത് ടെക്സാസ് സൈറ്റിന് വലിയ നാശനഷ്ടങ്ങളാണു വരുത്തിയത്. വിക്ഷേപണത്തറ ബോംബ് വര്‍ഷിച്ചത് പോലെ തകര്‍ന്നിട്ടുണ്ട്. ഇവിടെ ആഴത്തിലാണ് ഗര്‍ത്തമുണ്ടായത്. കോണ്‍ക്രീറ്റ് കഷണങ്ങളും ലോഹ ഷീറ്റുകളും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ വിക്ഷേപണ കേന്ദ്രത്തിന് ചുറ്റും ചിതറിത്തെറിച്ചു. കിലോമീറ്ററുകളോളം വലിയ തോതില്‍ പുകപടലം ഉയര്‍ന്നു. ഇതുണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് പരാതി നല്‍കിയത്.
ഇടിമുഴക്കത്തിന്റെ ശബ്ദത്തോടെ റോക്കറ്റ് പൊട്ടിത്തെറിച്ചത് ടെക്സാസിലെ ഏറ്റവും വലിയ സ്ഫോടനമായിരുന്നുവെന്ന് വന്യജീവി സംരക്ഷകര്‍ പറയുന്നു. സ്പേസ് എക്സിന്റെ വിക്ഷേപണ കേന്ദ്രത്തിന് സമീപം 10 കിലോമീറ്ററോളം ദൂരം വരെ അവശിഷ്ടങ്ങള്‍ വീണെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തെതുടര്‍ന്ന് 1.4 ഹെക്ടറില്‍ തീ ആളിക്കത്തി. കനത്ത പുകയും പൊടിപടലങ്ങളും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു. വംശനാശ ഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് മേഖല. ഇത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
സ്പേസ് എക്സ് റോക്കറ്റിന്റെ വിക്ഷേപണത്തെതുടര്‍ന്നുണ്ടായ പൊടിപടലം
കോണ്‍ക്രീറ്റ് പൊടിപടലങ്ങള്‍ ഫ്ളാറ്റുകളിലും സമീപ നഗരമായ പോര്‍ട്ട് ഇസബെലിലും മഴ പോലെ വീണതായി യുഎസ് ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസ് ആരോപിക്കുന്നു.
അപൂര്‍വയിനം ദേശാടന പക്ഷികളുടെയും വംശനാശഭീഷണി നേരിടുന്ന കാട്ടുപൂച്ചകളുടെയും ആവാസ കേന്ദ്രമാണ് വിക്ഷേപണ കേന്ദ്രത്തിനു ചുറ്റുമുള്ള മേഖല.
വന്‍കിട പ്രോജക്റ്റുകള്‍ക്ക് സാധാരണയായി നിര്‍ദേശിക്കാറുള്ള പാരിസ്ഥിതിക ആഘാത പഠനം നിര്‍ബന്ധമാക്കാതെയാണ് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ വിക്ഷേപണത്തിന് അനുമതി നല്‍കിയത്. 31 പേജുള്ള പരാതിയില്‍ എഫ്എഎയുടെ ലൈസന്‍സ് അസാധുവാക്കാനും ആവശ്യപ്പെടുന്നു.
സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്സിറ്റി, അമേരിക്കന്‍ ബേര്‍ഡ് കണ്‍സര്‍വന്‍സി, സര്‍ഫ്രൈഡര്‍ ഫൗണ്ടേഷന്‍, സേവ് ആര്‍ജിവി, ടെക്സാസിലെ കാരിസോ/കോമെക്രുഡോ നേഷന്‍ എന്നിവ സംയുക്തമായാണ് ഹര്‍ജി നല്‍കിയത്.
ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മറ്റു ഗ്രഹങ്ങളിലേക്കും അയയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത സ്പേസ് എക്സിന്റെ ബഹിരാകാശ പേടകമാണ് സ്റ്റാര്‍ഷിപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.