ബെല്‍ഗ്രേഡ്: സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലെ സ്‌കൂളില്‍ ഏഴാം ക്ലാസുകാരന്‍ നടത്തിയ വെടിവയ്പ്പില്‍ എട്ട് സഹ വിദ്യാര്‍ഥികള്‍ക്കും സുരക്ഷാ ജീവനക്കാരനും ദാരുണാന്ത്യം. വ്‌ളാഡിസ്ലാവ് റിബ്‌നികര്‍ പ്രൈമറി സ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. സ്‌കൂളിലെ 14 വയസുകാരനായ വിദ്യാര്‍ഥിയാണ് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ അധ്യാപികയുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം.
പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 8.40 നാണ് വെടിവയ്പ്പുണ്ടായെന്ന സന്ദേശം പൊലീസിന് ലഭിച്ചത്. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് വിദ്യാര്‍ഥി വെടിവയ്പ്പ് നടത്തിയത്. വെടിവയ്പ്പില്‍ പരിക്കേറ്റവരില്‍ ചിലരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
ആദ്യം അധ്യാപികയ്ക്ക് നേരെയാണ് കുട്ടി വെടിയുതിര്‍ത്തതെന്നും പിന്നീട് തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നുവെന്നും വെടിവയ്പ്പില്‍ നിന്നും രക്ഷപെട്ട സ്‌കൂളിലെ വിദ്യാര്‍ഥിനികളില്‍ ഒരാളുടെ രക്ഷിതാവായ മിലന്‍ മിലോസെവിക് പ്രതികരിച്ചു.
തന്റെ മകള്‍ ഹിസ്റ്ററി ക്ലാസിലിരിക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായത്. മകളെ അന്വേഷിച്ച് സ്‌കൂളിലെത്തിയ തനിക്ക് ആദ്യം അവളെ കണ്ടെത്താനായില്ല. പിന്നീട് സ്‌കൂളില്‍ തെരച്ചില്‍ നടത്തിയതിന് ശേഷമാണ് അവളെ കണ്ടെത്താനായതെന്നും അദ്ദേഹം പറഞ്ഞു.
വെടിയേറ്റ അധ്യാപികയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിക്കുകയാണെന്ന് മേയര്‍ മിലന്‍ നെഡല്‍ജ്‌കോവിച്ച് പറഞ്ഞു. അധ്യാപികയെ കൂടാതെ ആറ് വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പ്രതിയായ ഏഴാം ക്ലാസുകാരനെ സ്‌കൂള്‍ മുറ്റത്തു നിന്നും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
'മേശയ്ക്കടിയിലായിരുന്നു സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കിടന്നിരുന്നത്. രണ്ട് പെണ്‍കുട്ടികള്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. പ്രതി ശാന്തനായ, നല്ല വിദ്യാര്‍ഥിയായിരുന്നു. അടുത്തിടെയാണ് അവന്‍ ഈ ക്ലാസില്‍ എത്തിയത്'- സംഭവമറിഞ്ഞ് സ്‌കൂളിലേക്കെത്തിയ മിലോസെവിക് കൂട്ടിച്ചേര്‍ത്തു.
സംഭവത്തെ തുടര്‍ന്ന് സൈബീരിയയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂട്ടവെടിവയ്പ്പുകള്‍ സെര്‍ബിയയില്‍ അപൂര്‍വമാണ്. 1990കള്‍ക്ക് ശേഷം ശക്തമായ നിയമങ്ങള്‍ വന്നതോടെ വെടിവയ്പ്പുകളുടെ എണ്ണം കുറഞ്ഞിരുന്നു. ഇതിന് മുമ്പ് 2013-ല്‍ നടന്ന വെടിവയ്പ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.