ഇംഫാല്‍: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ ജെസ്യൂട്ട് സംഘത്തെ ആക്രമിച്ച് വാഹനം അഗ്‌നിക്കിരയാക്കി. വൈദികരും, സെമിനാരി വിദ്യാര്‍ത്ഥികളും, അല്‍മായ അധ്യാപകനും അടങ്ങുന്ന സംഘത്തെ മെയ് മൂന്നിനാണ് ആക്രമിച്ചത്. വീട് വെഞ്ചരിപ്പ് കഴിഞ്ഞ് സ്വവസതിയിലേക്ക് മടങ്ങുന്നതിനിടെ ഇംഫാലില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള മൊയിരാങ് പട്ടണത്തില്‍ വെച്ചാണ് ഒരു സംഘം ആളുകള്‍ ആക്രമിച്ചത്.
ജെസ്യൂട്ട് സംഘം സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ ജനക്കൂട്ടത്തില്‍ ചിലര്‍ അത് പുരോഹിതരാണെന്ന് മനസിലാക്കിയതോടെ പോകുവാന്‍ സമ്മതിച്ചെങ്കിലും മദ്യലഹരിയിലായിരുന്ന ചിലര്‍ വാഹനം നിറുത്തുവാനുള്ള തങ്ങളുടെ ആവശ്യം അവഗണിച്ചുവെന്ന് ആരോപിച്ച് വാഹനം ബലമായി നിറുത്തിക്കുകയും ചില്ലുകള്‍ തകര്‍ത്ത് വാഹനം അഗ്‌നിക്കിരയാക്കുകയുമായിരിന്നു.
സംഭവം നടക്കുമ്പോള്‍ വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളും സഭാ വസ്ത്രത്തില്‍ ആയിരുന്നു. പ്രദേശവാസികളായ ചിലര്‍ സംഘത്തെ സംരക്ഷിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതോടെ ഇന്നലെ സംഘം താമസസ്ഥലത്ത് തിരിച്ചെത്തി. രാത്രി പൊലീസ് സ്റ്റേഷനിലാണ് സംഘം കഴിച്ചു കൂട്ടിയത്. ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് ചിക്തസ നല്‍കി.
മണിപ്പൂര്‍ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തി വിഭാഗത്തിനു പട്ടിക വര്‍ഗ പദവി നല്‍കുന്നത് പരിശോധിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചതാണ് സംഘര്‍ഷത്തിനു കാരണം. ഹൈക്കോടതി നിര്‍ദേശത്തിനെതിരെ ഗോത്ര വിഭാഗങ്ങളായ നാഗകളും സേമികളും കുകികളും രംഗത്തുവന്നു. ഓള്‍ ട്രൈബല്‍ഡ് യൂണിയന്‍ മണിപ്പുര്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി നടത്തിയ പ്രതിഷേധം ടോര്‍ബങ്ങില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
കുകി വിഭാഗത്തിലെ ഭൂരിപക്ഷവും ക്രൈസ്തവരാണ്. വര്‍ഗ്ഗീയ മാനം നല്‍കിയതിനെത്തുടര്‍ന്ന് ഇംഫാല്‍ വാലിയിലെയും, മൊയിരാങ് മേഖലയിലെയും ചില ദേവാലയങ്ങളും തകര്‍ക്കപ്പെട്ടു. ഇതുവരെ വിവിധ സഭകളുടെ കീഴിലുള്ള ഇരുപത്തിനാലോളം ദേവാലയങ്ങളാണ് തകര്‍ക്കപ്പെട്ടത്.
അതേസമയം മണിപ്പൂരില്‍ പ്രശ്ന പരിഹാരത്തിന് സഹായം അഭ്യര്‍ഥിച്ച് ഒളിമ്പിക്സ് മെഡല്‍ ജേതാവും രാജ്യസഭാ എംപിയുമായ മേരി കോം രംഗത്തെത്തി. തന്റെ നാടു കത്തുകയാണെന്നും സഹായിക്കണമെന്നും മേരി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ബോക്‌സിങ് താരത്തിന്റെ ട്വീറ്റ്.
മണിപ്പൂരിലെ അക്രമങ്ങളുടെ ദൃശ്യവും മേരി ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. 'മണിപ്പൂരിലെ സ്ഥിതിഗതികള്‍ അത്ര സുഖകരമല്ല. ഇന്നലെ രാത്രി മുതല്‍ സ്ഥിതി വഷളായി. മണിപ്പൂരില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്താനും സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാനും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'' മേരി കോം എ.എന്‍.ഐയോട് പറഞ്ഞു. അക്രമത്തില്‍ ചിലര്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും ഈ സാഹചര്യം എത്രയും വേഗം സാധാരണ നിലയിലാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അക്രമത്തില്‍ ഇതുവരെ 7,500 പേരെ അക്രമബാധിത പ്രദേശങ്ങളില്‍ നിന്ന് സൈന്യം രക്ഷപ്പെടുത്തി. ഇവരെ ഷെല്‍ട്ടറിലേക്ക് മാറ്റി. കൂടുതല്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി പ്രതിരോധ വക്താവ് അറിയിച്ചു.സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ഫ്ളാഗ് മാര്‍ച്ചുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.