ബോസ്റ്റണ്‍: ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി ചരിത്രം സൃഷ്ടിച്ച് യുഎസ് ഡോക്ടര്‍മാര്‍. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ നടത്തുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിനുള്ളിലെ രക്തക്കുഴലുകളുടെ തകരാറ് പരിഹിക്കാനായിരുന്നു ശസ്ത്രക്രിയ.
വീനസ് ഓഫ് ഗാലന്‍ മാല്‍ഫോര്‍മേഷന്‍ എന്നറിയപ്പെടുന്ന അപൂര്‍വ രോഗം ബാധിച്ച ഡെന്‍വര്‍ കോള്‍മാനാണ് അപൂര്‍വ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ലൂസിയാനയിലെ ദമ്പതികളായ കെനിയാറ്റയുടെയും ഡെറക്കിന്റെയും നാലാമത്തെ കുഞ്ഞാണ് ഡെന്‍വര്‍ കോള്‍മാന്‍. നിലവില്‍ രണ്ടുമാസം പ്രായമായ ഡെന്‍വര്‍ പൂര്‍ണ ആരോഗ്യവതിയാണ്.
മാര്‍ച്ച് 15ന് നടത്തിയ അള്‍ട്രാസൗണ്ട് പരിശോധനയ്ക്ക് ഒരു മാസത്തിന് ശേഷമാണ് കെനിയാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ബ്രിഗാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെയും ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെയും വിദഗ്ധ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്.
നാലമതും കുഞ്ഞ് ജനിക്കാന്‍ പോകുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷത്തിലായിരുന്നു മുപ്പത്തിയാറുകാരിയായ കെനിയാട്ടയും മുപ്പത്തി ഒന്‍പതുകാരനായ ഡെറാക്കും. നാലാമത്തെ കുഞ്ഞായതിനാല്‍ തന്നെ വലിയ ആശങ്കയൊന്നും ഉണ്ടായില്ലതാനും. എന്നാല്‍, ഗര്‍ഭാവസ്ഥയുടെ 30-ാം ആഴ്ചയില്‍ നടത്തിയ അള്‍ട്രാസൗണ്ട് പരിശോധനയുടെ ഫലം ദമ്പതികള്‍ക്ക് അല്‍പ്പം ആശങ്ക പകരുന്നതായിരുന്നു.
ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്നും ഹൃദയം വലുതാവുന്നുണ്ടെന്നുമായിരുന്നു പരിശോധനയിലെ കണ്ടെത്തല്‍. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോനയില്‍ രോഗം നിര്‍ണയിച്ചു. മാര്‍ച്ച് 15ന് നടത്തിയ അള്‍ട്രാസൗണ്ട് പരിശോധനയ്ക്ക് കൃത്യം ഒരു മാസത്തിനു ശേഷമാണ് കെനിയാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നു ശസ്ത്രക്രിയയെങ്കിലും പരീക്ഷണം വിജയം കണ്ടു.
ഗര്‍ഭാവസ്ഥയില്‍ കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മനസിലാക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ പ്രയോഗിക്കാറുണ്ടെങ്കിലും ഇത്തരം ഒരു പരീക്ഷണം ഇത് ആദ്യമായാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഹൃദയത്തില്‍നിന്ന് തലച്ചോറിലേക്കുള്ള രക്തക്കുഴല്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. ആരംഭത്തില്‍ തന്നെ ചികിത്സ ലഭ്യമായില്ലെങ്കില്‍ അത് മസ്തിഷ്‌ക ക്ഷതത്തിനും ജനന ശേഷമുള്ള ഹൃദയസ്തംഭനത്തിനും ഇടയാക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന 50-60 ശതമാനം കുട്ടികളില്‍ എളുപ്പം അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യതയുണ്ട്. 40 ശതമാനത്തോളം പേരില്‍ മരണ സാധ്യതാ നിരക്ക് കൂടുതലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഈ സാഹചര്യം മറികടന്നാല്‍ തന്നെ അത്തരം കുഞ്ഞുങ്ങളില്‍ നാഡീസംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ധനായ ഡാരന്‍ ഓര്‍ബാച്ച് വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്കു പിന്നാലെ ഗര്‍ഭം 34 ആഴ്ചയായപ്പോഴാണ് കെനിയാറ്റ ഡെനിവര്‍ കോള്‍മാന് ജന്മം നല്‍കിയത്. കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് 17ന്. ജനനസമയത്ത് നാല് പൗണ്ട് (1.8 കിലോ) ആയിരുന്നു കോള്‍മാന്റെ ഭാരം. നിലവില്‍ രണ്ടു മാസം പ്രായമുള്ള ഡെനിവര്‍ മറ്റെല്ലാ കുഞ്ഞുങ്ങളെയും പോലെ തികഞ്ഞ ആരോഗ്യവതിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.