കിരീടം ചൂടി ചാള്‍സ് മൂന്നാമന്‍ രാജാവ്; പുതിയ നിയമത്തിലെ കൊളോസോസ് 1: 9-17 വായിച്ച് റിഷി സുനക്

 കിരീടം ചൂടി ചാള്‍സ് മൂന്നാമന്‍ രാജാവ്; പുതിയ നിയമത്തിലെ കൊളോസോസ് 1: 9-17 വായിച്ച് റിഷി സുനക്

ലണ്ടന്‍: ചാള്‍സ് മൂന്നാമന്റെ കിരീടധാരണച്ചടങ്ങിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗമായിരുന്നു ഹൈന്ദവ വിശ്വാസിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കിന്റെ ബൈബിള്‍ വായന. പുതിയ നിയമത്തിലെ വിശുദ്ധ പൗലോസ് ശ്ലീഹ കൊളോസോസുകാര്‍ക്കെഴുതിയ ലേഖനം ഒന്നാം അധ്യായം ഒന്‍പതു മുതല്‍ 17 വരെയുള്ള ഭാഗമാണു ഇന്ത്യന്‍ വംശജനായ റിഷി സുനക് വായിച്ചത്. കിരീടധാരണച്ചടങ്ങില്‍ വിവിധ മതങ്ങള്‍ക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ചടങ്ങിലെ ഈ ഭാഗം.

ക്രിസ്തുവിന്റെ സ്‌നേഹവും മറ്റുള്ളവര്‍ക്കായുള്ള സേവനത്തിന്റെ പ്രാധാന്യവും ഊന്നിപ്പറയുന്ന കൊളോസോസ് 1: 9-17, ബ്രിട്ടീഷ് രാജവാഴ്ചയുടെ മൂല്യങ്ങളോടും ചേര്‍ത്തുവച്ചാണ് സുനക് വായിച്ചത്. 'സേവിക്കുവാനായി വിളിക്കപ്പെട്ടിരിക്കുന്നു' എന്നതായിരുന്നു ആരാധനാ ക്രമത്തിന്റെ പ്രധാന പ്രമേയം. ഇതിന് അനുയോജ്യമായ ബൈബിള്‍ ഭാഗമാണ് കാന്റര്‍ബറി മെത്രാപ്പോലീത്ത തിരഞ്ഞെടുത്തു നല്‍കിയത്.

രാഷ്ട്രത്തിന്റെ ഔദ്യോഗിക ചടങ്ങുകളില്‍ രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ ബൈബിള്‍ വായിക്കുന്ന പതിവുണ്ട്. ഇതനുസരിച്ചാണ് റിഷി സുനക് ബൈബിള്‍ വായിച്ചത്. ഹിന്ദു മതവിശ്വാസിയായ സുനക് ബൈബിള്‍ വായിച്ചത് ചടങ്ങിന്റെ ബഹുസ്വരതയെ എടുത്തുകാട്ടുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

കിരീടധാരണ ചടങ്ങുകള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ അവസാനിച്ചു. വിശുദ്ധ എഡ്വേര്‍ഡ് രാജാവിന്റെ സിംഹാസനം എന്നറിയപ്പെടുന്ന, 1300 വര്‍ഷം പഴക്കമുള്ള കിരീടധാരണ സിംഹാസനത്തിലിരുന്ന ചാള്‍സിന്റെ ശിരസില്‍ ആര്‍ച്ച് ബിഷപ്പ് തൈലാഭിഷേകം നടത്തി. തുടര്‍ന്ന് ചെങ്കോലുകളും ഗോളവും സ്വീകരിക്കുന്ന ചാള്‍സിന്റെ തലയില്‍ 'വിശുദ്ധ എഡ്വേര്‍ഡ് രാജാവിന്റെ കിരീടം' അണിയിച്ചു. സ്വര്‍ണത്തില്‍ തീര്‍ത്ത് വിലമതിക്കാനാവാത്ത രത്‌നങ്ങള്‍ പതിപ്പിച്ച ഇത് കിരീടധാരണച്ചടങ്ങില്‍ മാത്രമാണ് ഉപയോഗിക്കുന്നത്. മറ്റൊരു ചടങ്ങില്‍ ചാള്‍സിന്റെ ഭാര്യ കാമില്ലയെയും കിരീടം ധരിപ്പിച്ചു. തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പും രാജാവിന്റെ അന്തരാവകാശികളും പ്രഭുക്കന്മാരുമൊക്കെ മുട്ടുകുത്തി ചാള്‍സിനോടു വിധേയത്വം പ്രഖ്യാപിച്ചു.


ബക്കിംഗ്ഹാം കൊട്ടാരം മുതല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആബി വരെയുള്ള ചാള്‍സ് മൂന്നാമന്റെ രഥഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ആറു കുതിരകള്‍ വലിക്കുന്ന വണ്ടിയില്‍ ഹൗസ്‌ഹോള്‍ഡ് കവാല്‍രി എന്ന അംഗരക്ഷകരുടെ അകമ്പടിയില്‍ ശീതീകരിച്ച രഥത്തിലായിരുന്നു യാത്ര. ഇരുവശത്തും കാത്തുനിന്ന ജനങ്ങളെ ഇരുവരും അഭിവാദ്യം ചെയ്തു. കുടുംബാംഗങ്ങളുടെയും സൈന്യത്തിന്റെയും അകമ്പടിയോടെയായിരുന്നു ഘോഷയാത്ര.

ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് അടക്കം ക്ഷണിക്കപ്പെട്ട നാലായിരത്തോളം അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയാണ് ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത്. 

ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് വായിച്ച ബൈബിള്‍ ഭാഗം ചുവടെ:

9: തന്‍മൂലം, അതെക്കുറിച്ചു കേട്ടനാള്‍മുതല്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതില്‍നിന്നു ഞങ്ങള്‍ വിരമിച്ചിട്ടില്ല. നിങ്ങള്‍ പൂര്‍ണമായ ജ്ഞാനവും ആത്മീയ അറിവും വഴിദൈവഹിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകൊണ്ടു നിറയാന്‍വേണ്ടിയാണു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നത്.

10: കര്‍ത്താവിനു യോജിച്ചതും അവിടുത്തേക്കു തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക് ഇടയാകട്ടെ. അതുവഴി നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികളും ഫലദായകമാവുകയും ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തില്‍ നിങ്ങള്‍ അഭിവൃദ്ധിപ്പെടുകയും ചെയ്യും.

11: സന്തോഷത്തോടെ എല്ലാം സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും അവിടുത്തെ മഹത്വത്തിന്റെ പ്രാഭവത്തിനനുസൃതമായി സര്‍വശക്തിയിലും നിങ്ങള്‍ ബലംപ്രാപിക്കട്ടെ.

12: പ്രകാശത്തില്‍ വിശുദ്ധരോടൊപ്പം പങ്കുചേരാനുള്ള അവകാശത്തിനു നമ്മെ യോഗ്യരാക്കിയ പിതാവിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍.

13: അന്ധകാരത്തിന്റെ ആധിപത്യത്തില്‍നിന്ന് അവിടുന്നു നമ്മെ വിമോചിപ്പിച്ചു. അവിടുത്തെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു നമ്മെ ആനയിക്കുകയും ചെയ്തു.

14: അവനിലാണല്ലോ നമുക്കു രക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത്.

15: അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്.

16: കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്.

17: അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്തവും സ്ഥിതി ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.