താനൂർ ബോട്ട് അപകടം: മീൻപിടിത്ത ബോട്ടിന് രൂപമാറ്റം വരുത്തിയതാണെന്ന് സൂചന; ഒളിവിൽ പോയ ഉടമയ്‌ക്കെതിരെ കേസെടുത്തു

താനൂർ ബോട്ട് അപകടം: മീൻപിടിത്ത ബോട്ടിന് രൂപമാറ്റം വരുത്തിയതാണെന്ന് സൂചന; ഒളിവിൽ പോയ ഉടമയ്‌ക്കെതിരെ കേസെടുത്തു

മലപ്പുറം: താനൂർ ബോട്ടപകടത്തിനിടയാക്കിയ ബോട്ട് പൊന്നാനിയിലെ അംഗീകാരമില്ലാത്ത യാർഡിൽ വച്ച് രൂപമാറ്റം വരുത്തിയ മീൻപിടിത്ത ബോട്ടാണെന്ന് സൂചന. സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യ തൊഴിലാളികളാണ് നിർണായക വിവരം വെളിപ്പെടുത്തിയത്.

ആലപ്പുഴ പോർട്ട് ചീഫ് സർവെയർ കഴിഞ്ഞമാസം ബോട്ട് സർവെനടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകി എന്നും വിവരമുണ്ട്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകും മുമ്പ് തന്നെ ബോട്ട് സർവീസിനിറക്കി. മാത്രമല്ല നിശ്ചിത സമയത്തിന് ശേഷവും സർവീസ് നടത്താൻ ശ്രമിച്ചത് അപകടത്തിനും കാരണമായതായും വിലയിരുത്തുന്നു. 

അപകടത്തെ തുടർന്ന് ബോട്ടിന്റെ ഉടമ താനൂർ സ്വദേശി നാസറിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് പൊലീസ് കേസെടുത്തു. നരഹത്യയ്‌ക്കാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ ഒളിവിലാണെന്നാണ് വിവരം.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിന്റെ മേൽനോട്ടത്തിൽ സ്വകാര്യ കമ്പനികളാണ് താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ ബോട്ട് സ‌ർവീസ് നടത്തുന്നത്. ഹൗസ് ബോട്ടുകൾക്ക് യാതൊരു നിയന്ത്രണവുമില്ല. 

അ‌ഞ്ചു മണിവരെ മാത്രമേ ബോട്ട് സർവീസിന് അനുമതിയുള്ളൂ. എന്നാൽ അവധി ദിവസങ്ങളിൽ ആറു മണിക്കുശേഷവും സർവീസ് തുടരും. അനുവദനീയമായതിലും അധികം യാത്രക്കാരെ കയറ്റിയാണ് സർവീസ്. 

അപകടത്തിൽപ്പെട്ട ബോട്ടിൽ 50നു മുകളിൽ പേർ ഉണ്ടായിരുന്നു. ബോട്ടിൽ മതിയായ ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിരുന്നുമില്ല.

അപകടത്തിനു തൊട്ടു മുമ്പ് നടത്തിയ സർവീസിൽ ഇതേ ബോട്ടിൽ 70 ഓളം പേരുണ്ടായിരുന്നുവത്രേ. രണ്ട് ഡെക്കുകളുള്ള ബോട്ടിൽ താഴെ ഒരുവാതിലും മുകളിലെ ഡെക്കിലേക്ക് കയറാൻ മറ്റൊരു ചെറിയ ഒരുവാതിലുമാണ് ഉണ്ടായിരുന്നത്. മരിച്ചവർ ഏറെയും താഴെ ഡ‌െക്കിലുള്ളവരാണ്. 

യാത്രക്കാർ ബോട്ടിന്റെ ഒരുഭാഗത്തേക്ക് കൂടി നിന്നതാകം ബോട്ട് മറിയാൻ കാരണമായി പറയുന്നത്. ബോ‌ട്ട് ഇടതുവശം ചരിഞ്ഞ് കുറച്ചുസമയം ചെളിയിൽ പൂണ്ടുനിന്നു. പിന്നാലെ മുഴുവനായി കീഴ്മേൽ മറിഞ്ഞു. 

തൊട്ടുപിറകിൽ വരികയായിരുന്ന ചെറിയ ഹൗസ് ബോട്ടിലെ ജീവനക്കാർ അപകടം കണ്ടതോടെ വേഗത്തിൽ കരയിലേക്ക് തിരിച്ച് യാത്രക്കാരെ ഇറക്കിയ ശേഷം മടങ്ങിവന്നു. 10 മിനിട്ടിനു ശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങാനായത്.

ബോട്ടിലുണ്ടായിരുന്നവരുടെ ബഹളം കേട്ട് ചെറുതോണികളിലായി മത്സ്യതൊഴിലാളികളെത്തി. ബോട്ടിലുണ്ടായിരുന്ന റെസ്ക്യു ജീവനക്കാരും ആളുകളെ തോണികളിൽ കയറ്റി.

താഴെ നിലയിൽ 30 ഓളം പേരുണ്ടായിരുന്നു. കൂടുതലും കുട്ടികളും സ്ത്രീകളുമായിരുന്നു. രാത്രി 9.45 ഓടെയാണ് ബോട്ട് കരയ്ക്കു സമീപം എത്തിക്കാനായത്. മൂന്ന് ജെസിബി ഉപയോഗിച്ച് ഒരുമണിക്കൂറിലധികം സമയമെടുത്താണ് ബോട്ട് കരയ്ക്ക് കയറ്റാൻ കഴിഞ്ഞത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.