ടെക്സസിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി ഏഴ് മരണം

ടെക്സസിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി ഏഴ് മരണം

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി ഏഴ് പേർ കൊല്ലപ്പെട്ടു. ഭവന രഹിതർക്കും കുടിയേറ്റക്കാർക്കുമുള്ള അഭയ കേന്ദ്രമായ ബിഷപ്പ് എൻറിക് സാൻ പെഡ്രോ ഓസാനം സെന്ററിന്റെ എതിർ വശത്തുള്ള ബസ് സ്റ്റോപ്പിലാണ് സംഭവം. അപകടത്തിൽ പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബ്രൗൺസ്‌വില്ലെ പോലീസ് മേധാവി മാർട്ടിൻ സാൻഡോവൽ അറിയിച്ചു.

മെക്സിക്കൻ അതിർത്തിക്കടുത്തുള്ള ബ്രൗൺസ്‌വില്ലെ നഗരത്തിൽ പ്രാദേശിക സമയം 08:30 ന് ആണ് സംഭവം. ബസ് സ്റ്റോപ്പിൽ കാത്തു നിന്നവരെ അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

ബോധപൂർവമായ ആക്രമണമാണോയെന്ന കാര്യത്തിൽ ഉറപ്പില്ല. ഡ്രൈവറെ അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ട്. ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ഇയാൾ അധികൃതരുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

ഏകദേശം 20 മുതൽ 25 വരെ കുടിയേറ്റക്കാർ ബസിനായി കാത്തിരിക്കുന്നുണ്ടായിരുന്നെന്ന് ദൃക്സാക്ഷി കൂടിയായ ഓസാനം സെന്റർ ഡയറക്ടർ വിക്ടർ മാൽഡൊണാഡോ പറഞ്ഞു. കുടിയേറ്റക്കാർ ഇരുന്നിടത്ത് നിന്ന് ഏകദേശം 30 അടി അകലെ വാഹനം ഇടിക്കുകയും തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കുടിയേറ്റക്കാർ വെനസ്വേലയിൽ നിന്നുള്ളവരാണ്. രണ്ടോ മൂന്നോ ദിവസം മുമ്പാണ് അഭയകേന്ദ്രത്തിൽ അവർ എത്തിയതെന്നും മാൽഡൊണാഡോ പറഞ്ഞു.

അപകടത്തെത്തുടർന്ന്, താനും അഭയ കേന്ദ്രത്തിലെ ഒരു ജീവനക്കാരനും പുറത്തേക്ക് ഓടി. അപകടത്തിൽപ്പെട്ടവരുടെ ശരീരഭാഗങ്ങൾ റോഡിൽ ചിഹ്നി ചിതറിയ നിലയിലായിരുന്നു. തങ്ങൾ ആ കാഴ്ചയുടെ ആഘാതത്തിൽ നിന്നും മുക്തരായിട്ടില്ലെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു

അതേസമയം അമേരിക്കൻ അതിർത്തി സംരക്ഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ബ്രൗൺസ്‌വില്ലെ നഗരത്തിൽ അനധികൃത കുടിയേറ്റക്കാരുടെ വരവ് ഗണ്യമായി വർധിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.