കൊച്ചി: ഇന്ന് സീറോ മലബാർ സഭക്കെതിരെ വിവിധ തലങ്ങളിൽ തുടരുന്നത് സംഘടിതമായ ആക്രമണമാണ്. സീറോ മലബാർ സഭയെ സംബന്ധിച്ച് യാഥാർഥ്യ ബോധത്തോടെയുള്ള വാർത്തകളല്ല പലപ്പോഴും പുറത്തു വരുന്നത്. ഈ സഭ വ്യാജ പ്രചരണങ്ങൾക്കും സംഘടിത ശക്തികൾക്കും മുൻപിൽ അടിയറവ് പറഞ്ഞ ചരിത്രം ഇല്ല എന്നോർക്കണം. വിശ്വാസികളായ അനേകായിരം മനുഷ്യരുടെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഫലമാണിത്. മാനവികതയിൽ അടിയുറച്ചുകൊണ്ട്, സാമൂഹിക വിഷയങ്ങളിൽ മുൻപും ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള സഭയാണ് സീറോ മലബാർ സഭാസമൂഹം.
ചില സഭാവിരുദ്ധരും, സംഘടിത ശക്തികളും സീറോ മലബാർ സഭക്കെതിരെ നുണ പ്രചരണം നടത്തുന്നുണ്ട്. കടുത്ത കത്തോലിക്കാ സഭാ വിരുദ്ധതയുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കത്തോലിക്കാ സഭയെ ഇല്ലായ്മ ചെയ്യാൻ ഉയരുന്ന ആരോപണങ്ങൾ സഭാ വിരുദ്ധ ശക്തികളുടേതാണ്. സിറോ മലബാർ സഭയിലെ വിശ്വാസികളെത്തന്നെ കരുവാക്കി സഭക്കെതിരായി സംഘടിക്കപ്പെടുന്ന പല സമരങ്ങളുടെയും പിന്നാമ്പുറത്ത് ഗൂഢമായ അജണ്ട കൂടിയ മനസുണ്ട്, പിന്തുണയുണ്ട്, സാമ്പത്തികമായ അടിത്തറയുണ്ടെന്നും തിരിച്ചറിയണം. ക്രൈസ്തവമത വിരുദ്ധരായ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് വൻ സാമ്പത്തിക ലാഭമുണ്ട്. ഇതിന് സഭാവിരുദ്ധ സ്വഭാവമുള്ള വ്യക്‌തികളുടെയും സംഘടനകളുടെയും പിൻബലമുണ്ട്.
സഭയുടെ പഠനങ്ങളോടും ധാര്‍മ്മിക കാഴ്ചപ്പാടുകളോടും ആരാധനാ ക്രമത്തോടും സ്വാഭാവികമായി താത്പര്യമില്ലാത്തവരും തിരുസ്സഭയുടെ ധാര്‍മ്മിക ജീവിതം വലിയ ഭാരമായി അനുഭവപ്പെടുന്നവരും അതിനെ വിമര്‍ശിക്കുന്നത് സാധാരണമാണ്. എന്നാല്‍ കത്തോലിക്കാ സഭാപഠനങ്ങള്‍ എക്കാലവും ആഴമായ പഠനത്തിന്‍റെയും മനുഷ്യ ജീവിതത്തോടും അതിന്‍റെ മഹത്വത്തോടുമുള്ള പ്രതിബദ്ധതയുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതാണെന്ന് പൊതുസമൂഹം തിരിച്ചറിയണം.
കത്തോലിക്കാ സഭയുടെയും, ക്രൈസ്തവ സമൂഹങ്ങളുടെയും അന്ത്യം സമാഗതമായി എന്ന് ചിന്തിച്ചവരും പ്രചരിപ്പിച്ചവരുമുണ്ട്. എന്നാല്‍, സഭയുടെ അകത്തുനിന്നും പുറത്തുനിന്നുമുള്ള സകല പ്രശ്നങ്ങളെയും എക്കാലത്തും തിരുസഭ അതിജീവിച്ചു. കാരണം ഈ സത്യസഭയുടെ സ്ഥാപനം ദൈവികമാണ്. അതിന്റെ ഭൂതകാലവും ഭാവിയും തീര്‍ച്ചയായും ദൈവനിശ്ചിതമാണ്.
ഇന്നോളം സീറോ മലബാർ സഭയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന ശക്തിയോടെ ഉയര്‍ന്നുവന്ന പ്രശ്നങ്ങളോ, അവയ്ക്ക് കാരണമായവരോ അവയ്ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള പരിമിതമായ സമയത്തിനപ്പുറം നിലനിന്നിട്ടില്ല. അങ്ങനെയുള്ളവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ എറിയപ്പെട്ടു. 'ശാശ്വതമായത് സത്യം മാത്രമാണ്' എന്ന ആത്യന്തിക വസ്തുതയെ നാം തിരിച്ചറിയണം. സത്യമല്ലാത്തതെല്ലാം ക്രമേണ നമ്മില്‍ നിന്ന് അപ്രത്യക്ഷമാകും എന്ന് നിശ്ചയം. സമൂഹ മാധ്യമങ്ങളില്‍ സദാ സജീവമായി ചിന്താശേഷി നശിച്ച ഒരു വിഭാഗം, ക്രൈസ്തവർക്കെതിരായി എല്ലായ്‌പ്പോഴും സെന്‍സേഷണലായ വാര്‍ത്തകളും വിശേഷങ്ങളും ധാര്‍മ്മികമോ, അധാര്‍മ്മികമോ എന്ന വേര്‍തിരിവില്ലാതെ ചികഞ്ഞെടുക്കുന്നവരും, അത് മാത്രം പങ്കുവയ്ക്കുന്നവരുമാണ്. അവരെ സംബന്ധിച്ചിടത്തോളം ആത്മീയം, ഭൗതികം തുടങ്ങിയ വേര്‍തിരിവുകള്‍ പോലും അപ്രസക്തമാണ്.
സിറോമലബാര്‍ സഭയെക്കുറിച്ചുള്ള കത്തിക്കയറിയ വിവാദങ്ങളുടെ രൂക്ഷതയ്ക്ക് പിന്നില്‍, ഇത്തരം ചില തീവ്രസഭാവിരുദ്ധഘടകങ്ങള്‍ സജീവമായി ഉണ്ടായിരുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്. ചുരുങ്ങിയപക്ഷം, കഴിഞ്ഞ കാലങ്ങളില്‍ ചര്‍ച്ചാവിഷയമായ ഒരു അതിരൂപതയുടെ ആഭ്യന്തര പ്രശ്നത്തെ സഭയുടെ നിലനില്‍പ്പിനെ സ്വാധീനിക്കുന്ന വളരെ വലിയ പ്രശ്നമാക്കി അവതരിപ്പിക്കാന്‍ ചില സഭാ ശുശ്രൂഷകരെ പ്രേരിപ്പിച്ച അടിസ്ഥാന ആശയങ്ങള്‍ മേല്‍പ്പറഞ്ഞ ചില സഭാ വിരുദ്ധ മുതലാളിമാരുടെ താല്‍പ്പര്യപ്രകാരം രൂപപ്പെട്ടതാണ് എന്ന് സംശയമില്ല.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വഴി കത്തോലിക്കാ സഭയ്ക്ക് അന്യ സംസ്‌ക്കാരങ്ങളോടും മതങ്ങളോടും ഭാഷകളോടും ദേശങ്ങളോടും 'തുറവി' ലഭിച്ചു എന്ന് അവകാശപ്പെട്ട്, അത്തരം ആശയങ്ങൾ മാത്രം മറയാക്കി ക്രിസ്തുവിനെ ഒഴിവാക്കികൊണ്ടുള്ളതും, സുവിശേഷ വിരുദ്ധവും, സഭാവിരുദ്ധവും, ക്രിസ്തീയ വിശ്വാസ സത്യങ്ങള്‍ക്ക് വിരുദ്ധവും ആയ 'തുറവി' വരുത്തിവെയ്ക്കുന്ന ചില "സഭാവിരുദ്ധർ" ഇന്ന് ദുരന്തങ്ങളുടെ മാത്രം ഒരു നേര്‍കാഴ്ചയായി മാറിയിരിക്കുന്നു. അതിൽ ചില സഭാ ശുശ്രൂഷകരും പെട്ടുപോയി എന്നത് ദുരന്തങ്ങളുടെ ആഴം കൂട്ടിയിരിക്കുന്നു.
മറ്റു മതവിശ്വാസങ്ങളില്‍ നങ്കൂരമിട്ടിട്ടുള്ള സംസ്‌കാരങ്ങളുടെ അന്ധമായ അനുകരണം, അറിയാതെ തന്നെ ഒരുവനെ ആ മതവശ്വാസങ്ങളിലേക്ക് നയിക്കും എന്നും, ക്രിസ്തുവും ക്രിസ്തീയതയും ആ വ്യക്തിയില്‍ നിന്ന് ആ വ്യക്തിപോലും അറിയാതെ തുടച്ച് മാറ്റപ്പെടും എന്നും സഭാപിതാക്കക്കന്മാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കത്തോലിക്കസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതില്‍ നിന്ന് വൃത്യസ്തമായ വിശ്വാസങ്ങളുടെ പശ്ചാത്തലമുള്ള അന്യ സംസ്‌ക്കാരങ്ങളെ കത്തോലിക്കര്‍ 'കെട്ടിപുണരാന്‍' ഇത്തരം സഭാവിരുദ്ധർ കെണികൾ ഒരുക്കുന്നത് സഭാവിശ്വാസികൾ തിരിച്ചറിയണം.
ചരിത്രത്തില്‍ വന്നു കടന്നു പോയ പല പാഷണ്ഡതകളും ചില പണ്ഡിതന്മാരുടെ എഴുത്തുകളില്‍ പ്രതിഫലിക്കുന്നതു കാണാം. പഠനം കൂടാതെ വായില്‍ വരുന്നത് എഴുതി വിടുന്നതിന്റെ കുഴപ്പമാണ്. യൂറോപ്പിനെ നശിപ്പിച്ച ലൂഥറന്‍ ആശയങ്ങള്‍ പുത്തന്‍ ദര്‍ശനങ്ങളായി എഴുതിവിടുന്നവരുണ്ട്. ശുശ്രൂഷാ പൗരോഹിത്യത്തെ സർവ്വാധിപത്യമായി കാണാനുള്ള പ്രവണത, അന്റി ക്ലെറിക്കലിസം, സെക്കുലര്‍ അഡ്മിനിസ്റ്റ്രേഷന്‍ വാദം ഇവയൊക്കെ ഇക്കൂട്ടത്തില്‍ പെടും. ചിലര്‍ കറ കളഞ്ഞ ലിബറേഷന്‍ തിയോളജിയുടെ വക്താക്കളാണ്. ഇതൊക്കെ തിരുസഭയെ ഓരോ കാലത്ത് എങ്ങനെയൊക്കെ തകര്‍ത്തുവെന്ന് ചരിത്രത്തിൽ ഉണ്ട്.
യഥാര്‍ത്ഥ വിശ്വാസികള്‍ ബോധ്യങ്ങള്‍ക്കായി ആശ്രയിക്കേണ്ടത് ഒരിക്കലും സത്യത്തെ വളച്ചൊടിക്കുകയോ, തിന്മയുടെ സ്വാധീനത്തെ അപരിഹാര്യമെന്നവിധം പൊലിപ്പിച്ച് അവതരിപ്പിക്കുകയോ, സമൂഹത്തിലെ ദ്രുവീകരണങ്ങള്‍ക്കും, ഭിന്നതയ്ക്കുമായി പ്രയത്നിക്കുകയോ ചെയ്യുന്ന അന്ധകാരത്തിന്റെ ശക്തികളെയല്ല. മറിച്ച്, സത്യവെളിച്ചം നൽകുന്ന പ്രകാശത്തിനെയാണ് ആശ്രയിക്കേണ്ടത്.
ഇത്തരം സഭാവിരുദ്ധ ശക്തികൾ സീറോ മലബാർ സഭയെയും അധികാരികളെയും നിര്‍ദ്ദയമായി വിമര്‍ശിക്കാന്‍ കാണിക്കുന്ന ധൈര്യം മറ്റേതെങ്കിലും മതങ്ങളെയോ അധികാരികളെയോ വിമര്‍ശിക്കാന്‍ കാണിക്കുമോ? ജനാധിപത്യം നിലനില്ക്കുന്ന ഒരു ഭരണസംവിധാനം സീറോ സഭയില്‍ നിലനില്ക്കുന്നുമുണ്ട്. ആരും വിമര്‍ശനങ്ങള്‍ക്ക് അതീതരുമല്ല. സഭയുടെ പ്രവര്‍ത്തനങ്ങളിലുളള വിയോജിപ്പുകളോട് ആരോഗ്യപരമായി വിമര്‍ശിക്കാം. വിമർശനങ്ങൾ വ്യക്തിതാല്പര്യവും, നിഗൂഢ അജണ്ടകൾ നടപ്പാക്കാനും,സഭയെ തകർക്കാനുമാകുമ്പോൾ അത് പരിധി വിടുന്നു.
സീറോ മലബാർ സഭയുടെ കുറ്റം കണ്ടുപിടിക്കലും വിമർശിക്കലും അതു ചര്‍ച്ച ചെയ്യലും ഒരു "ആത്മീയ ശുശ്രൂഷയായി "പോലും ചിലയിടങ്ങളിൽ അവതരിപ്പിക്കപ്പെടുന്നു! സഭയെ വിമര്‍ശിക്കുന്നവരില്‍ കാണാറുള്ള പ്രധാന കുറവ് കത്തോലിക്കാ സഭ എന്താണ് എന്നതിനെക്കുറിച്ചു തന്നെയുള്ള അജ്ഞതയാണ്. സ്വന്തം പ്രശസ്തിക്കു വേണ്ടിസീറോ മലബാർ സഭയെ വിമര്‍ശിക്കുന്നവരെ കാണാം. അതുവഴി പലരാലും അംഗീകരിക്കപ്പെടുമെന്നും മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാമെന്നും കരുതുന്നവരുണ്ട്.
സഭാപിതാക്കന്മാരെയും സഭയുടെ തീരുമാനങ്ങളെയും നിരന്തരം അവഹേളിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവർ സ്വന്തം 'അഹ'ത്തിന്റെ ശുശ്രൂഷയാണ് ചെയ്യുന്നത്. മോശമായ പദപ്രയോഗങ്ങളും, എല്ലാത്തിനോടും എല്ലാവരോടും പുച്ഛവും, "ഞാനല്ലാതെ മറ്റൊരു ശരിയില്ല" എന്ന ഭാവവും, ആരെയും (തിരുസഭാധികാരികളെയൊ അവരുടെ തീരുമനങ്ങളെയൊ പോലും) വിധിക്കാനുള്ള അധികാരമുണ്ടെന്ന ചിന്തയും ഇതിന്റെ ലക്ഷണമാണ്. പലപ്പോഴും തിരുസഭയുടെ കുറവുകള്‍ സമൂഹ മധ്യത്തില്‍ വിളിച്ചു പറയുന്നതിന്റെ ലക്ഷ്യം തന്നിലേക്കു ശ്രദ്ധ ആകര്‍ഷിക്കുക തന്നെയാണ്. ഞാൻ സത്യം തുറന്നു പറഞ്ഞ് സഭയെയും സഭാധികാരികളെയും നന്നാക്കാൻ ശ്രമിക്കുകയാണെന്ന നാട്യത്തോടെ തന്നെ പലരും അതിന്നും തുടരുന്നു.
ഭൗതികമായ കാഴ്ചപ്പാടുകള്‍ മാത്രം ആധാരമാക്കുന്ന പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് സഭയുടെ ഇടപെടലുകളുടെ യാഥാര്‍ത്ഥ്യവും ആത്മീയതയും ഉള്‍ക്കൊള്ളുക എളുപ്പമല്ല. സഭയുടെ വിവിധ പ്രവര്‍ത്തന മേഖലകളും, ഇടപെടലുകളും വിമര്‍ശന വിധേയമാകുമ്പോള്‍ അവ ചര്‍ച്ച ചെയ്യപ്പെടുന്ന പല ഇടങ്ങളിലും സഭ എന്നാല്‍, അടിസ്ഥാനപരമായും, ആത്യന്തികമായും ഒരു ആത്മീയ സംവിധാനമാണ് എന്ന ആശയം ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല.
സീറോ മലബാർ സഭയിലെ സഭയിലെ ഒറ്റപ്പെട്ട പ്രശ്നങ്ങളെ പര്‍വതീകരിക്കാനും അതുവഴി സഭയുടെ വിശ്വാസങ്ങളെയും വൈദികരെയും സന്യസ്തരെയുമൊക്കെ അപമാനിക്കാനും അവഹേളിക്കാനും സഭാവിരുദ്ധർ ഇപ്പോഴും മുന്‍പന്തിയിലുണ്ടെന്നതു സഭാ സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. മര്യാദയുടെ എല്ലാ പരിധിയും ലംഘിക്കുന്ന ആക്രമണമാണ് ചിലർ സഭയ്ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്നത്. വീണുകിട്ടുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ മറയാക്കി സഭയെ അവഹേളിക്കുക എന്ന തന്ത്രമാണ് ഇവര്‍ പയറ്റിക്കൊണ്ടിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും പ്രബലമായ സീറോ മലബാർ സഭയെ, വിവാദങ്ങള്‍ സൃഷ്ടിച്ച് ആക്ഷേപിച്ചും അവഹേളിച്ചും ഭിന്നിപ്പുണ്ടാക്കാമെന്നും അരക്ഷിതാവസ്ഥ സൃഷ്ടിച്ച് നേട്ടമുണ്ടാക്കാമെന്നും കരുതുന്നവര്‍ പമ്പര വിഡ്‌ഢികളാണ്. ബോധവും ബോധ്യവുമുള്ള ഒരു ക്രൈസ്തവ തലമുറയാണ് ആധുനിക കാലഘട്ടത്തിലുള്ളത്. സീറോമലബാർ സഭാ സംവിധാനങ്ങളിലും കുടുംബങ്ങളിലും നുഴഞ്ഞുകയറുവാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുവാനും ശക്തമായി പ്രതികരിക്കുവാനും സഭ ശക്തമാണ്.
തുടർച്ചയായി വരുന്ന റബ്ബർ വിലയിടിവ് ധാരാളം സീറോ മലബാർ സഭയുടെ ക്രൈസ്തവ കുടുംബങ്ങളെ സാമ്പത്തികമായി തകർത്തിരിക്കുകയാണ്. നാണ്യവിളകളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും വിലയിടിവും, കാർഷിക പ്രതിസന്ധികൾ മൂലം കാർഷിക വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കാതെ വിഷമിക്കുന്നു. സീറോ മലബാർസഭയുടെ ഭാവി നട്ടെല്ല് കർഷകരായ വിശ്വാസികളാണ്. മലബാറിലും, തിരുവിതാംകൂറിലും, ഹൈറേഞ്ചിലുമുള്ള മലയോര മേഖലയിലെ കർഷകരുടെ അവസ്‌ഥ ഏറെ പരിതാപകരമാണ്.
സീറോ മലബാർസഭയുടെ സേവനങ്ങളെ തള്ളിപ്പറയുകയും നിശബ്ദമായി സേവനം ചെയ്യുന്ന സഭയുടെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതും സഭയിലെ ജനങ്ങള്‍ക്കൊപ്പം ഈ സേവനം സ്വീകരിക്കപ്പെടുന്നവരെയും ഏറെ വേദനിപ്പിക്കുന്നുണ്ട്. കേരളത്തിലെ സീറോ മലബാർ സഭയുടെ സംഭാവനകളെ വിസ്മരിച്ചുകൊണ്ട് അവരുടെ അർഹതപ്പെട്ട അവകാശങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഏറെ ദുഃഖകരമാണ്. സീറോമലബാർ ക്രൈസ്തവ കുടിയേറ്റങ്ങളെയും, അവരുടെ സ്വത്വബോധത്തെയും, നേട്ടങ്ങളെയും ചോദ്യം ചെയ്യുകയും, തമസ്ക്കരിക്കുകയും, നിഷ്‌പ്രഭമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെ സഭാ മക്കൾ തിരിച്ചറിയുന്നു. ഇത്തരം പ്രതിലോമശക്തികളെ ഒറ്റക്കെട്ടായി നേരിടാനുള്ള കരുത്ത് സഭയ്‌ക്കുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.