രാജസ്ഥാനിൽ കുർബാനയ്ക്കിടെ അതിക്രമം തടഞ്ഞ കത്തോലിക്കാ വിശ്വാസികൾക്ക് ജാമ്യം; നീതിക്കായുള്ള കാത്തിരിപ്പിന് വിരാമം

രാജസ്ഥാനിൽ കുർബാനയ്ക്കിടെ അതിക്രമം തടഞ്ഞ കത്തോലിക്കാ വിശ്വാസികൾക്ക് ജാമ്യം; നീതിക്കായുള്ള കാത്തിരിപ്പിന് വിരാമം

ജയ്പൂർ: രാജസ്ഥാനിലെ ബൻസ്‌വാര ജില്ലയിലെ കലിഞ്ചര ഗ്രാമത്തിൽ വിശുദ്ധ കുർബാനയ്ക്കിടെ പള്ളിയിൽ അതിക്രമം നടത്തിയവരെ തടഞ്ഞതിന് അറസ്റ്റിലായി മാസങ്ങളായി ജയിലിൽ കഴിഞ്ഞിരുന്ന ഒൻപത് കത്തോലിക്കാ വിശ്വാസികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതപരിവർത്തനം ആരോപിച്ച് പ്രാർത്ഥനാ സ്ഥലത്ത് അക്രമം അഴിച്ചുവിട്ട തീവ്ര ഹിന്ദുത്വ ഗ്രൂപ്പിൽ പെട്ടവരെ പള്ളിയിൽ നിന്ന് പുറത്താക്കിയതിനാണ് നിരപരാധികളായ ഈ ഇടവകക്കാരെ പൊലീസ് തുറുങ്കിലടച്ചത്.

ഉദയ്പൂർ രൂപതയിലെ ബന്ദാരിയ ഇടവകയ്ക്ക് കീഴിലുള്ള കലിഞ്ചര ഗ്രാമത്തിൽ മെയ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാതാവിന്റെ കപ്പേളയിൽ പരിശുദ്ധ മറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന നൊവേന പ്രാർത്ഥനയിലും വിശുദ്ധ കുർബാനയിലും എഴുപതോളം വിശ്വാസികൾ ഭക്തിയോടെ പങ്കെടുക്കുകയായിരുന്നു. എന്നാൽ ദിവ്യബലി മധ്യേ ഒരു കൂട്ടം തീവ്രഹിന്ദുത്വ പ്രവർത്തകർ പ്രാർത്ഥനാ സ്ഥലത്തേക്ക് അതിക്രമിച്ചുകയറുകയും മൊബൈൽ ഫോണുകളിൽ അനുവാദമില്ലാതെ ചിത്രീകരണം നടത്തുകയും ചെയ്തു.

പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയവർ അനധികൃത മതപരിവർത്തനം നടത്തുകയാണെന്ന് വ്യാജമായി ആരോപിച്ച ഇവർ, വിശ്വാസികളെ പരസ്യമായി ഭീഷണിപ്പെടുത്തുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. അക്രമികളിൽ ഒരാൾ മാരകായുധവുമായി എത്തി ഭീഷണിപ്പെടുത്തിയതോടെ പ്രാർത്ഥനയിലുണ്ടായിരുന്നവർ ഒത്തൊരുമിച്ച് അക്രമികളെ പള്ളിയിൽ നിന്ന് തടയുകയായിരുന്നു.

എന്നാൽ സംഭവത്തിൽ കത്തോലിക്കാ വിശ്വാസികൾ നൽകിയ പരാതി സ്വീകരിക്കാൻ പോലും പൊലീസ് തയ്യാറായില്ല. പകരം അതിക്രമിച്ചു കയറിയ അക്രമികളുടെ വ്യാജ പരാതിയിൽ വിശ്വാസികൾക്കെതിരെ വധശ്രമം, കലാപശ്രമം, രാജസ്ഥാനിലെ മതപരിവർത്തന നിരോധന നിയമം എന്നിവ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.

കേസിൽ അറസ്റ്റിലായ വിശ്വാസികൾ മെയ് മാസം മുതൽ ജയിലിൽ കഠിനമായ യാതനകളിലൂടെയാണ് കടന്നുപോയത്. താഴ്ന്ന കോടതികളും സെഷൻസ് കോടതിയും ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങളും സഭയും രാജസ്ഥാൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസിന്റെ വസ്തുതകളും നിരപരാധിത്വവും വിശദമായി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഒൻപത് വിശ്വാസികൾക്കും ഒടുവിൽ ജാമ്യം അനുവദിച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കുമൊടുവിൽ പുറത്തുവന്ന ജാമ്യവിധിയിൽ ഉദയ്പൂർ രൂപതാ ബിഷപ്പ് ദേവപ്രസാദ് ജോൺ ഗണവയും സഭാ അധികാരികളും ആശ്വാസം രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.