വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ നോര്‍ത്ത് ലാന്‍ഡില്‍ സ്‌കൂളില്‍നിന്നുള്ള വിനോദ യാത്രാ സംഘത്തിലെ വിദ്യാര്‍ഥി ഗുഹയ്ക്കുള്ളില്‍ ഒറ്റപ്പെട്ടു. മേഖലയില്‍ പെയ്യുന്ന കനത്ത മഴയും വെള്ളപ്പൊക്കവും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ രാജ്യത്ത് പലയിടത്തും മിന്നല്‍ പ്രളയമുണ്ടായി. ഓക്‌ലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
നോര്‍ത്ത്ലാന്‍ഡിലെ വാങ്കരേയിലെ ആബി ഗുഹകളിലാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയെ കാണാതായത്. വാങ്കരേ ബോയ്സ് സ്‌കൂളില്‍നിന്നുള്ള 15 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും രണ്ട് മുതിര്‍ന്നവരും അടങ്ങുന്ന സംഘമാണ് ചൊവ്വാഴ്ച രാവിലെ ഈ മേഖലയിലെത്തിയത്. കനത്ത മഴയെതുടര്‍ന്ന് 10.35-നാണ് സംഘം അപകടത്തില്‍പെട്ടതായി പോലീസിന് വിവരം ലഭിക്കുന്നതെന്ന് നോര്‍ത്ത്ലാന്‍ഡ് ജില്ലാ കമാന്‍ഡര്‍ സൂപ്റ്റ് ടോണി ഹില്‍ പറഞ്ഞു. ബാക്കിയെല്ലാവരും സുരക്ഷിതമായി പുറത്തെത്തിയെങ്കിലും ഒരു വിദ്യാര്‍ത്ഥിയെ കാണാതാകുകയായിരുന്നു.
സെര്‍ച്ച് ആന്റ് റെസ്‌ക്യൂ, ഫയര്‍, പോലീസ് ടീമുകള്‍ കാണാതായ കുട്ടിക്കു വേണ്ടി തെരച്ചില്‍ നടത്തുകയാണ്. ആറു മണിക്കൂറിലേറെ തിരച്ചില്‍ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. രാത്രിയായതിനാല്‍ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ബുധനാഴ്ച പുലര്‍ച്ചെ പുനരാരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ മുതല്‍ വാങ്കരേയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ആശങ്കയിലാണ്. കനത്ത മഴയില്‍ അരുവികളും നദികളും അതിവേഗം ഉയരാന്‍ ഇടയാക്കിയേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഗുഹകളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ആശങ്കയ്ക്കു കാരണം.
'ഔട്ട്ഡോര്‍ വിദ്യാഭ്യാസത്തിന്റെ' ഭാഗമായാണ് കുട്ടികളെ ആബി ഗുഹകളിലേക്കു കൊണ്ടുപോയതെന്ന് വാങ്കരേ ബോയ്സ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ കാരെന്‍ ഗില്‍ബര്‍ട്ട്-സ്മിത്ത് പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്‌ലാന്‍ഡില്‍ കനത്ത മഴയെതുടര്‍ന്ന് റോഡുകളും പാര്‍ക്കുകളും വെള്ളത്തിനടിയിലായി. മരങ്ങള്‍ ഒടിഞ്ഞുവീണു. റെയില്‍ ഗതാഗതം തടസപ്പെട്ടു. സ്‌കൂളുകള്‍ ഒഴിപ്പിച്ചു. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പെട്ടെന്നു വെള്ളപ്പൊക്കമുണ്ടായാല്‍ വീടുകളില്‍ നിന്ന് ഒഴിയാന്‍ തയാറെടുക്കാനും ജനങ്ങളോട് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടൊഴിയുന്നവര്‍ക്കായി ദുരിതാശ്വാസ കേന്ദ്രം ആരംഭിച്ചു.
ഓക്‌ലാന്‍ഡിലുടനീളം ജനുവരി അവസാനം ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വന്‍ നാശമുണ്ടായിരുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാലു പേര്‍ മരിച്ചു. വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. കനത്ത മഴയില്‍ വിമാനത്താവളത്തിലടക്കം വെള്ളം കയറി.
ഫെബ്രുവരിയില്‍ വീശിയടിച്ച ഗബ്രിയേല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ന്യൂസിലന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 11 പേരാണ് അന്നു മരിച്ചത്. വടക്കന്‍ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങളുണ്ടാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.