ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിലെ മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടു

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിലെ മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: ഗാസാ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിലെ മൂന്ന് മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ 'ഓപ്പറേഷന്‍ ഷീല്‍ഡ് ആന്‍ഡ് ആരോ' എന്ന പേരിലായിരുന്നു ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത്. അടുത്തിടെ ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തു വിട്ടെന്ന് അവകാശപ്പെട്ട മൂന്നു പേരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും സൈന്യം അറിയിച്ചു.

വടക്കന്‍ ഗാസയിലെ ഇസ്ലാമിക് ജിഹാദിന്റെ കമാന്‍ഡര്‍ ഖലീല്‍ ബഹ്തിനി, ഗ്രൂപ്പിന്റെ സൈനിക കൗണ്‍സിലിലെ ഉന്നത ഉദ്യോഗസ്ഥനായ ജിഹാദ് ഘന്നം, വെസ്റ്റ്ബാങ്കില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന താരിഖ് ഇസ്അല്‍ദീന്‍ എന്നിവരെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. മരിച്ചവരില്‍ മൂവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് പുറത്തിറക്കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ഇവരുടെ ഭാര്യമാരും കുട്ടികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ബോംബാക്രമണത്തില്‍ 13 പേരെങ്കിലും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കമാന്‍ഡര്‍മാരുടെ ഭാര്യമാരും അവരുടെ കുട്ടികളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

87 ദിവസത്തെ നിരാഹാര സമരത്തിനൊടുവില്‍ പലസ്തീന്‍ തീവ്രവാദി നേതാവ് ഇസ്രയേല്‍ ജയിലില്‍ മരണത്തിന് കീഴടങ്ങിയതിന് പിന്നാലെയാണ് പലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം വീണ്ടും കനത്തത്. പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ഭീകരപ്രവര്‍ത്തനത്തില്‍ പങ്കാളിയായെന്നും ചൂണ്ടിക്കാട്ടിയാണ് പലസ്തീന്‍ പൗരനായ ഖാദര്‍ അദ്നാനെ ഇസ്രായേല്‍ സര്‍ക്കാര്‍ ജയിലിലടച്ചത്.

പലസ്തീന്‍ ഇസ്ലാമിക് ജിഹാദുമായി ബന്ധമുള്ള ആളായിരുന്നു ഖാദര്‍. ഖാദറിന്റെ മരണത്തിന് പ്രതികാരമായി ഇസ്രായേലിനെ ലക്ഷ്യം വെച്ച് ഗാസ റോക്കറ്റുകള്‍ വിക്ഷേപിച്ചു. പിന്നാലെ ഇസ്രായേല്‍ തിരിച്ചടിക്കുകയും ചെയ്തു.

വ്യോമാക്രമണത്തിന് മറുപടിയായി പലസ്തീന്‍ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഗാസയുടെ 40 കിലോമീറ്റര്‍ പരിധിയിലുള്ള ഇസ്രായേല്‍ പൗരന്മാരോട് ബോംബ് ഷെല്‍ട്ടറുകള്‍ക്ക് സമീപം തന്നെ തുടരാന്‍ ഇസ്രായേല്‍ സൈന്യം നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.