പുനസംഘടന പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കെപിസിസി പ്രസിഡന്റായി തുടരില്ലെന്ന് കെ. സുധാകരന്‍; യൂത്ത് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദേശീയ നേതൃത്വം

പുനസംഘടന പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കെപിസിസി പ്രസിഡന്റായി തുടരില്ലെന്ന് കെ. സുധാകരന്‍; യൂത്ത് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദേശീയ നേതൃത്വം

വയനാട്: പാര്‍ട്ടി പുനസംഘടന പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്ന് കെ. സുധാകരന്‍. പ്രതീക്ഷയ്‌ക്കൊത്ത് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ലെന്നും കെപിസിസി ലീഡേഴ്സ് മീറ്റില്‍ അദ്ദേഹം വ്യക്തമാക്കി.

കുറച്ച് നേതാക്കള്‍ പുനസംഘടനയോട് സഹകരിക്കുന്നില്ല. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് തന്നെ അറിയിക്കുന്നില്ലെന്ന് പറഞ്ഞ സുധാകരന്‍ നിലവില്‍ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ആരാണെന്ന് ടി.എന്‍ പ്രതാപനോട് ചോദിക്കുകയും ചെയ്തു.

രാഷ്ട്രീയ നയരൂപീകരണ ചര്‍ച്ചകള്‍ക്കായുള്ള ലീഡേഴ്സ് മീറ്റിന് തുടക്കമായിരിക്കുകയാണ്. വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് വയനാട്ടില്‍ നടക്കുന്ന ലീഡേഴ്സ് മീറ്റിന്റെ മുഖ്യ അജണ്ട. സര്‍ക്കാരിനെതിരെ നടത്തേണ്ട പ്രതിഷേധ പരിപാടികള്‍ക്ക് ലീഡേഴ്സ് മീറ്റില്‍ രൂപം നല്‍കും. യോഗത്തില്‍ കെ സുധാകരന്‍ സംഘടനാ രേഖ അവതരിപ്പിച്ചു.

കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവരാണ് മീറ്റില്‍ പങ്കെടുക്കുന്നത്.

അതിനിടെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ മാസം 15 മുതല്‍ പത്രിക നല്‍കാം. 36 വയസാണ് മത്സരിക്കാനുള്ള പ്രായപരിധി . സമവായത്തിന് സംസ്ഥാന നേതൃത്വം ശ്രമം തുടരുന്നതിനിടെയാണ് ദേശീയ നേതൃത്വം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് 10 മുതല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിക്കും.

പാലക്കാട് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസിലുണ്ടായ വിഭാഗീയതയും കൂട്ട രാജിയും അന്വേഷിക്കാന്‍ സംസ്ഥാന നേതൃത്വം കമ്മീഷനെ നിയോഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജില്‍ മാക്കുറ്റി , പ്രേംരാജ് എന്നിവര്‍ക്കാണ് ചുമതല. സംഘടനാ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് നിര്‍ദേശിച്ചത്.

ജില്ലാ സമ്മേളനവുമായി സഹകരിക്കാത്തതിന്റെ പേരില്‍ എട്ട് മണ്ഡലം കമ്മറ്റികള്‍ പിരിച്ചു വിട്ടിരുന്നു. നടപടി ഏകപക്ഷിയം എന്നാരോ രോപിച്ച് നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജി നല്‍കി. ഇതിനു പിന്നാലെ ആണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍.

അതേസമയം കെ.എസ്.യു, മഹിളാ കോണ്‍ഗ്രസ് പുനസംഘടന കോണ്‍ഗ്രസില്‍ കടുത്ത ഭിന്നതയ്ക്ക് കാരണമായി. മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള പട്ടികയില്‍ കെ.സുധാകരന്‍ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചു.

കെ.എസ്.യു പട്ടികയില്‍ കെ.സി വേണുഗോപാല്‍ പക്ഷത്തിനും എ ഗ്രൂപ്പിനും മുന്‍തൂക്കമെന്നാണ് ആക്ഷേപം. ജംബോ കമ്മിറ്റി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് വി.ടി ബല്‍റാമും കെ.ജയന്തും കെ.എസ്.യുവിന്റെ ചുമതല ഒഴിഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.