എൺപത്തിയെട്ടാം മാർപ്പാപ്പ കോണ്‍സ്റ്റന്റയിന്‍ (കേപ്പാമാരിലൂടെ ഭാഗം-88)

എൺപത്തിയെട്ടാം മാർപ്പാപ്പ കോണ്‍സ്റ്റന്റയിന്‍ (കേപ്പാമാരിലൂടെ ഭാഗം-88)

തിരുസഭാ ചരിത്രത്തില്‍ മഹാനായ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ നാമം തന്റെ ഔദ്യോഗിക നാമമായി സ്വീകരിച്ച ഒരേയൊരു മാര്‍പ്പാപ്പയായിരുന്നു എണ്‍പത്തിയെട്ടാമത്തെ മാര്‍പ്പാപ്പായായിരുന്ന കോണ്‍സ്റ്റന്റയിന്‍ പാപ്പ. ജന്മം കൊണ്ട് സിറിയക്കാരനായിരുന്നെങ്കിലും ഗ്രീക്ക് ഭാഷയിലും പാശ്ചാത്യ പാരമ്പര്യങ്ങളിലും അഗാധ പാണ്ഡിത്യമുള്ളവനും റോമിലുള്ള സഭാനേതൃത്വത്തിന്റെയും സഭാസമൂഹത്തിന്റെയും ആദരവിന് പാത്രീഭൂതനും സമ്മതനുമായിരുന്നു പാപ്പ. ഏ.ഡി. 708 മാര്‍ച്ച് 25-ാം തീയതി മാര്‍പ്പാപ്പായായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പു തന്നെ നയതന്ത്ര ആവശ്യങ്ങള്‍ക്കായി അദ്ദേഹം രണ്ടു പ്രാവശ്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ സന്ദര്‍ശിച്ചിരുന്നു. പ്രസ്തുത അവസരങ്ങളില്‍ ജസ്റ്റീനിയന്‍ രണ്ടാമന്‍ ചക്രവര്‍ത്തിയുമായി ഒരു ആത്മബന്ധം വളര്‍ത്തിയെടുക്കുന്നതിനും അദ്ദേഹത്തിനു സാധിച്ചു.

റോമും കോണ്‍സ്റ്റാന്റിനോപ്പിളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുകയെന്ന ലക്ഷ്യത്തോടെ ജസ്റ്റീനിയന്‍ രണ്ടാമന്‍ ചക്രവര്‍ത്തിയുടെ ക്ഷണം സ്വീകരിച്ച് കോണ്‍സ്റ്റന്റയിന്‍ പാപ്പ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് നടത്തിയ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന യാത്രയാണ് പാപ്പായുടെ ഭരണകാലത്തെ ശ്രദ്ധേയമായതും പ്രധാനപ്പെട്ടതുമായ സംഭവം. കോണ്‍സ്റ്റന്റയിന്‍ പാപ്പായ്ക്കുശേഷം ഒരു മാര്‍പ്പാപ്പ കോണ്‍സ്റ്റാന്റിനോപ്പിള്‍ സന്ദര്‍ശിക്കുന്നത് 1967ല്‍ വി. പോള്‍ ആറാമന്‍ പാപ്പായാണ്. കോണ്‍സ്റ്റന്റയിന്‍ പാപ്പായ്ക്ക് യാത്രയിലുടനീളവും കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തിയപ്പോഴും ഊഷ്മളവും ഹാര്‍ദ്ദവവുമായ സ്വീകരണമാണ് ലഭിച്ചത്. കോണ്‍സ്റ്റന്റയിന്‍ പാപ്പായെ സ്വീകരിക്കുവാനായി ചക്രവര്‍ത്തി തന്നെ ഇറങ്ങിവരികയും അദ്ദേഹത്തിന്റെ പാദങ്ങള്‍ ചുംബിക്കുകയും പാപമോചനവും വി. കുര്‍ബാനയും അദ്ദേഹത്തില്‍നിന്നും സ്വീകരിക്കുകയും ചെയ്തു.

ഡീക്കന്‍ ഗ്രിഗറിയുടെ (പിന്നീട് ഗ്രിഗറി രണ്ടാമന്‍ മാര്‍പ്പാപ്പ) നേതൃത്വത്തില്‍ നിക്കോമേദിയായില്‍ വെച്ച് റോമും കോണ്‍സ്റ്റാന്റിനോപ്പിളും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കവിഷയങ്ങളെക്കുറിച്ചും ദൈവശാസ്ത്രവിഷയങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തുകയും തീര്‍പ്പിലെത്തുവാന്‍ പരിശ്രമിക്കുകയും ചെയ്തു. ഏ.ഡി. 692 ലെ ട്രൂളന്‍ കൗണ്‍സില്‍ അംഗീകരിച്ച പല കാനനുകളും എന്തുകൊണ്ടാണ് മാര്‍പ്പാപ്പ അംഗീകരിക്കുവാന്‍ തയ്യാറാവാത്തതെന്നും ആ കാനനുകളില്‍ നിറഞ്ഞുനില്‍ക്കുന്ന പാശ്ചാത്യസഭയ്‌ക്കെതിരായിട്ടുള്ള ഉള്ളടക്കങ്ങളെയും ധ്വനിയെയും തുറന്നുകാട്ടുന്നതില്‍ ഡീക്കനായിരുന്ന ഗ്രിഗറിയ്ക്കു കഴിഞ്ഞു. സഭയുടെ പഠനങ്ങള്‍ക്കു വിഘാതമായി നില്‍ക്കുന്ന കൗണ്‍സില്‍ തീരുമാനങ്ങളും കാനനുകളും ഒഴികെ മറ്റു കാനനുകള്‍ക്ക് കോണ്‍സ്റ്റന്റയിന്‍ പാപ്പ വാക്കാല്‍ അംഗികാരം കൊടുത്തുവെന്ന് വിശ്വസിക്കപ്പെടുന്നു. കോണ്‍സ്റ്റന്റയിന്‍ പാപ്പായുമായി നടത്തിയ ചര്‍ച്ചകളുടെ പരിണിതഫലത്തെക്കുറിച്ച് ജസ്റ്റീനിയന്‍ രണ്ടാമന്‍ ചക്രവര്‍ത്തി അതീവ സംതൃപ്തനായിരുന്നു. മാര്‍പ്പാപ്പായും സംഘവുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങളെയും മറ്റും പ്രസിദ്ധീകരിക്കുകയും റോമിന്റെ വിശേഷാധികാരങ്ങളെയും പ്രത്യേകാവകാശങ്ങളെയും അംഗീകരിച്ചുകൊണ്ട് രാജകീയ വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു. 

വിജയകരമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ സന്ദര്‍ശനത്തിനുശേഷം ഏ.ഡി 711 ഒക്ടോബര്‍ 24-ാം തീയതി കോണ്‍സ്റ്റന്റയിന്‍ പാപ്പായും സംഘവും റോമില്‍ തിരിച്ചെത്തി. രോഗാതുരനായിട്ടാണ് കോണ്‍സ്റ്റന്റയിന്‍ പാപ്പ റോമില്‍ തിരിച്ചെത്തിയത്. പാപ്പ റോമില്‍ തിരിച്ചെത്തി രണ്ടാഴ്ച്ചക്കുള്ളില്‍ ജസ്റ്റീനിയന്‍ രണ്ടാമന്‍ ചക്രവര്‍ത്തി കലാപകാരികളാല്‍ കൊല്ലപ്പെട്ടു. ജസ്റ്റീനിയന്‍ രണ്ടാമന്റെ പിന്‍ഗാമിയായി തീവ്ര മോണൊതെലിസ്റ്റിക് പക്ഷക്കാരനായിരുന്ന ഫിലിപ്പിക്കൂസ് ബാര്‍ഡന്‍സ് അധികാരത്തിലേറി.

അധികാരത്തിലേറിയയുടനെ ചക്രവര്‍ത്തി തന്റെ മോണൊതെലിസ്റ്റിക് പഠനങ്ങള്‍ ഉള്‍പ്പെടുന്ന വിശ്വാസപ്രഖ്യാപനം റോമിലേക്ക് അയ്ക്കുകയും മാര്‍പ്പാപ്പായോട് പ്രസ്തുത പ്രഖ്യാപനത്തെ സഭയുടെ ഔദ്യോഗിക വിശ്വാസ പ്രഖ്യാപനമായി അംഗീകരിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കോണ്‍സ്റ്റന്റയിന്‍ മാര്‍പ്പാപ്പ ഫിലിപ്പിക്കൂസിന്റെ ആവശ്യത്തെ പൂര്‍ണ്ണമായി തള്ളിക്കളയുകയാണുണ്ടായത്. മാത്രമല്ല വി. കുര്‍ബാനയില്‍ പ്രാര്‍ത്ഥിക്കേണ്ട വ്യക്തികളിൽ നിന്നും ഫിലിപ്പിക്കൂസ് ചക്രവര്‍ത്തിയുടെ നാമം നീക്കം ചെയ്യുകയും അതുപോലെതന്നെ അദ്ദേഹത്തിന്റെ ഛായാചിത്രങ്ങള്‍ ദേവാലയങ്ങളില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു.

ചക്രവര്‍ത്തിയുടെ പ്രതിനിധിയായിരുന്ന റവേന്നയിലെ എക്‌സാര്‍ക്ക്, ചക്രവര്‍ത്തിയുടെ ആജ്ഞ നടപ്പിലാക്കുവാന്‍ പരിശ്രമിക്കുകയും മാര്‍പ്പാപ്പായുടെ മേല്‍ സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്തപ്പോള്‍ റോമാനഗരത്തിലെ പൗരന്മാര്‍ എക്‌സാര്‍ക്കിനെതിരെ കലാപങ്ങള്‍ അഴിച്ചുവിടുകയും തുടര്‍ന്ന് പരസ്പരം തെരുവുകളില്‍ കലഹിക്കുകയും ചെയ്തു. പ്രസ്തുത കലാപങ്ങള്‍ അനേകം രക്തചൊരിച്ചിലുകള്‍ക്ക് കാരണമായി. സ്ഥിതി കൂടുതല്‍ വഷളാകുന്നത് കണ്ട മാര്‍പ്പാപ്പായും വൈദികസമൂഹവും സമാധാനത്തിനായി യാചിക്കുകയും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കഠിനമായി പരിശ്രമിക്കുകയും ചെയ്തു. സഭയില്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നതിനുമുമ്പു തന്നെ അധികം താമസിയാതെ ഫിലിപ്പിക്കൂസ് ചക്രവര്‍ത്തി സിംഹാസനത്തില്‍ നിന്നും സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി യാഥാസ്ഥിതികനും സത്യവിശ്വാസ സംരക്ഷകനുമായ അനസ്താസിയോസ് രണ്ടാമന്‍ ചക്രവര്‍ത്തി അധികാരത്തിലേറുകയും ചെയ്തു. അധികാരത്തിലേറിയയുടനെ തിരുസഭയുടെ എല്ലാ യാഥാസ്ഥിതിക പഠനങ്ങളെയും പ്രത്യേകമായി ക്രിസ്തുവില്‍ ദൈവികസ്വഭാവത്തോടും മനുഷ്യസ്വഭാവത്തോടുമൊപ്പം ദൈവികവും മാനുഷികവുമായ രണ്ടു ഇച്ഛകളുമുണ്ടെന്ന് പഠിപ്പിച്ച മൂന്നാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസിന്റെ പഠനങ്ങളെയും പൂര്‍ണ്ണമായി അംഗീകരിക്കുകയും ചെയ്തു. ഏ.ഡി 715 ഏപ്രില്‍ 9-ാം തീയതി കാലം ചെയ്ത കോണ്‍സ്റ്റന്റയിന്‍ പാപ്പായുടെ ഭൗതിക ശരീരം വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.