ഗുസ്തി താരങ്ങളുടെ സമരം: വനിതാ കമ്മീഷന്‍ ഇടപെട്ടു; ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ ഡല്‍ഹി പൊലീസിന് സമന്‍സ്

ഗുസ്തി താരങ്ങളുടെ സമരം: വനിതാ കമ്മീഷന്‍ ഇടപെട്ടു; ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ ഡല്‍ഹി പൊലീസിന് സമന്‍സ്

ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെ അറസ്റ്റ് ചെയാത്തതില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) അധ്യക്ഷ സ്വാതി മലിവാള്‍ ചൊവാഴ്ച ഡല്‍ഹി പൊലീസിന് സമന്‍സ് അയച്ചു. ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഏപ്രില്‍ 28 ന് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളിലായി ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാലാണ് സമന്‍സ്. ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധത്തിലാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ബ്രിജ് ഭൂഷണെതിരായ ആരോപണം. ഇയാള്‍ക്കെതിരെ പരാതി നല്‍കാനായി ഗുസ്തി താരങ്ങള്‍ ഏപ്രില്‍ 21ന് കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

തുടര്‍ന്നാണ് യുവതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. പിന്നീട് ഏപ്രില്‍ 28ന് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒന്ന് പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ഉപദ്രവിച്ചതിന് പോസ്‌കോ നിയമപ്രകാരവും രണ്ടാമത്തേത് മറ്റ് പരാതിക്കാരെ ലൈംഗികമായി ഉപദ്രവിച്ചതിനും.

രണ്ട് എഫ്‌ഐആറുകളിലും അറസ്റ്റുണ്ടാകാത്തതിനാലാണ് ഡിസിഡബ്ല്യു മേധാവി സ്വാതി മലിവാള്‍ ന്യൂഡല്‍ഹി ജില്ല ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്ക് (ഡിസിപി) സമന്‍സ് അയച്ചത്. വിഷയത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. കേസില്‍ നടന്ന അറസ്റ്റുകളുടെ വിശദാംശങ്ങള്‍ കമ്മീഷന്‍ തേടുകയും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ 164 സിആര്‍പിസി പ്രകാരം അതിജീവിതകളുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിന്റെ കാരണങ്ങളും മൊഴി രേഖപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി സ്വീകരിച്ച റിപ്പോര്‍ട്ടുമായി മെയ് 12 ന് കമ്മിഷനു മുന്നില്‍ ഹാജരാകാനാണ് സമന്‍സിലുള്ളത്.

ജനുവരിയിലാണ് ഡബ്ല്യുഎഫ്ഐ മേധാവിക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച് മുന്‍നിര ഗുസ്തി താരങ്ങള്‍ ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡബ്ല്യുഎഫ്ഐ പിരിച്ചുവിടണമെന്നും പ്രസിഡന്റിനെ മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജനുവരി 23ന് ബോക്സിംഗ് ഇതിഹാസം എംസി മേരി കോമിന്റെ നേതൃത്വത്തില്‍ കായിക മന്ത്രാലയം ഒരു മേല്‍നോട്ട സമിതി രൂപീകരിക്കുകയും ഒരു മാസത്തിനകം അതിന്റെ കണ്ടെത്തലുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ സമിതിയുടെ കണ്ടെത്തലുകള്‍ പരസ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും കാണാതിരുന്ന സാഹചര്യത്തിലാണ് ഗുസ്തി താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.