സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിലും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും മോഡി വിദഗ്ധനെന്നും ഡോ.പരകാല പ്രഭാകര്‍.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് ഡോ.പരകാല പ്രഭാകര്‍. 2024 ല്‍ മോഡി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ രാജ്യത്ത് സര്‍വനാശമുണ്ടാകും. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി ബിജെപി മാറ്റും.
സമ്പദ്വ്യവസ്ഥ പൂര്‍ണ തകര്‍ച്ചയിലാണ്. മോഡി സമ്പദ് വ്യവസ്ഥയില്‍ മാത്രമല്ല, മറ്റ് പല മേഖലകളിലും കാര്യക്ഷമത ഇല്ലാത്തവനായി മാറി. എന്നാല്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിലും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും വിദഗ്ധനാണെന്നും എഴുത്തുകാരന്‍ കൂടിയായ ഡോ.പരകാല പ്രഭാകര്‍ തുറന്നടിച്ചു.
മോദി ഭരണകൂടത്തെ നിരൂപണം ചെയ്യുന്ന 'ദി ക്രൂക്ക്ഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ: എസേസ് ഓണ്‍ എ റിപ്പബ്ലിക് ഇന്‍ ക്രൈസിസ്' എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദേഹത്തിന്റെ വെളിപ്പെടുത്തല്‍.
രാജ്യത്ത് നടക്കുന്ന തെറ്റായ സംഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. നമ്മുടെ രാജ്യം ഇപ്പോള്‍ ഭയാനകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഇന്ത്യ അതിന്റെ സ്ഥാപക തത്വങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും അകന്നു.
നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളാണ് ഈ പുസ്തകം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്തിനാണ് വിമര്‍ശിക്കുന്നതെന്നും നല്ലതൊന്നും കാണുന്നില്ലേയെന്നും എന്നോട് പലരും ചോദിക്കാറുണ്ട്. ബദല്‍ എന്താണെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് താന്‍ അവരോടെല്ലാം പറയുന്നുവെന്നും ഡോ. പ്രഭാകര്‍ പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ
സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിനിധികളും മന്ത്രിമാരും തെറ്റായ വിവരങ്ങളാണ് ജനങ്ങളോട് പറയുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പു തന്നെ നമ്മുടെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലായിരുന്നു. ഇക്കാലത്ത് നമ്മള്‍ തെറ്റായ നയങ്ങളാണ് സ്വീകരിച്ചത്. ഭാരതീയ ജനതാ പാര്‍ട്ടിക്ക് തുടക്കം മുതലേ സാമ്പത്തിക തത്വശാസ്ത്രമോ യോജിച്ച ചിന്തയോ ഇല്ലായിരുന്നു.
സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ പ്രതിസന്ധി നേരിടുകയാണ്. ഏത് സാമ്പത്തിക വിദഗ്ധന്റെ ഉപദേശ പ്രകാരമാണ് അദ്ദേഹം നോട്ട് നിരോധനം പോലുള്ള അതിരു കടന്നതും അപ്രായോഗികവുമായ തീരുമാനം എടുത്തതെന്ന് അറിയില്ല. 1990 ന് ശേഷം ആദ്യമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു.
തൊഴിലില്ലായ്മ കുതിക്കുന്നു. സമ്പത്ത് കുറച്ചു പേരില്‍ മാത്രം കേന്ദ്രീകരിക്കുന്നു. മന്ത്രിമാരും മോഡി അനുകൂലികളും സത്യത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. ഏതെങ്കിലും ധനമന്ത്രിയെ വ്യക്തിപരമായി വിമര്‍ശിക്കുന്നില്ലെന്നും ഡോ. പരകാല പ്രഭാകര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.