ഗൂഢാലോചനാക്കുറ്റം; അമേരിക്കന്‍ എംബസി മുന്‍ ജീവനക്കാരൻ കുപ്രസിദ്ധമായ റഷ്യൻ ജയിലില്‍ തടവിൽ

ഗൂഢാലോചനാക്കുറ്റം; അമേരിക്കന്‍ എംബസി മുന്‍ ജീവനക്കാരൻ കുപ്രസിദ്ധമായ റഷ്യൻ ജയിലില്‍ തടവിൽ

മോസ്‌കോ: റഷ്യയിലെ അമേരിക്കന്‍ എംബസി മുന്‍ ജീവനക്കാരനെ കുപ്രസിദ്ധമായ ലെഫോര്‍ട്ടോവോ ജയിലില്‍ തടവിലാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഗൂഢാലോചനയുടെ പേരിലാണ് റോബര്‍ട്ട് ഷോനോവിനെ മോസ്‌കോയിലെ തടങ്കല്‍ കേന്ദ്രത്തില്‍ തടവിലാക്കിയതെന്ന് റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.

തുറമുഖ നഗരമായ വാള്‍ഡിവോസ്റ്റോക്കില്‍ വച്ചാണ് റോബര്‍ട്ട് ഷോനോവിനെ റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് അറസ്റ്റ് ചെയ്തത്. റോബര്‍ട്ടിന് എട്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. വിഷയത്തില്‍ ബിബിസി റഷ്യയിലെ യുഎസ് എംബസിയെ സമീപിച്ചെങ്കിലും പ്രതികരണത്തിന് തയാറായില്ല.

'ഒരു വിദേശ രാജ്യവുമായോ അല്ലെങ്കില്‍ വിദേശ സംഘടനയുമായോ രഹസ്യമായി സഹകരിച്ചു എന്ന കുറ്റത്തിനാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയതെന്ന് ടാസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്ന് മാസത്തേക്ക് ഷോനോവിനെ തടങ്കലില്‍ വയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ചേരുന്ന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു.

വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ദിനപത്രത്തില്‍ ജോലി ചെയ്യുന്നതിനിടെ, ചാരപ്രവര്‍ത്തനം ആരോപിച്ച് മാര്‍ച്ചില്‍ അറസ്റ്റിലായ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ഇവാന്‍ ഗ്രെഷ്‌കോവിച്ച് കെ.ജി.ബിയുടെ മുന്‍ ജയില്‍ ലെഫോര്‍ട്ടോവോയില്‍ തടവിലാണ്. ഇദ്ദേഹത്തിന് മോസ്‌കോ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ചാരവൃത്തി നടത്തിയെന്ന ആരോപണം റിപ്പോര്‍ട്ടര്‍ നിഷേധിച്ചിട്ടുണ്ട്.

ചാരവൃത്തി ആരോപിച്ച് 2018-ല്‍ റഷ്യ പിടികൂടിയ മുന്‍ അമേരിക്കന്‍ നാവികനായ പോള്‍ വീലനെ 2020-ല്‍ 16 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. മോസ്‌കോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഇദ്ദേഹത്തെയും മോസ്‌കോയിലെ ലെഫോര്‍ട്ടോവോ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

ഇരുവര്‍ക്കുമെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.