ആശുപത്രി സംരക്ഷണ ഭേദഗതി ബില്‍ ഇന്ന്: രോഗികളെ തരം തിരിച്ച് പരിശോധിക്കും; ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ പരിശോധന പ്രത്യേക സുരക്ഷയില്‍

ആശുപത്രി സംരക്ഷണ ഭേദഗതി ബില്‍ ഇന്ന്: രോഗികളെ തരം തിരിച്ച് പരിശോധിക്കും; ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ പരിശോധന പ്രത്യേക സുരക്ഷയില്‍

തിരുവനന്തപുരം: ചികിത്സയ്‌ക്കെത്തുന്ന രോഗികളില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന ആശുപത്രി സംരക്ഷണ നിയമം ഇന്ന് മന്ത്രിസഭയുടെ പരിഗണനയില്‍. മന്ത്രിസഭയുടെ അംഗീകാരത്തോടെ ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് അയയ്ക്കും. ഗവര്‍ണര്‍ ഒപ്പുവച്ചാല്‍ ഏറ്റവും അടുത്ത ദിവസം മുതല്‍ നിയമം പ്രാബല്യത്തിലാകും.

രോഗികളെ തരം തിരിച്ച് ആവശ്യമായ സുരക്ഷയോടെ ചികിത്സ ലഭ്യമാകുന്ന ട്രയാജ് സംവിധാനം കൂടി നിയമപരിധിയില്‍ കൊണ്ടുവരണമെന്ന് ഡോക്ടര്‍മാരുടെ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ അത്യാഹിതവിഭാഗങ്ങളില്‍ ചികിത്സ തേടിയെത്തുന്നവരില്‍ ലഹരിയ്ക്ക് അടിപ്പെട്ടവരെയും അക്രമാസക്തരാകുന്നവരെയും മുന്‍കൂട്ടി തിരിച്ചറിഞ്ഞശേഷം ആവശ്യമായ സുരക്ഷയോടെ ആരോഗ്യ പ്രവര്‍ത്തകരുടെ അടുത്തേക്ക് എത്തിക്കുന്ന സംവിധാനമാണ് ട്രയാജ്.

താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും ട്രയാജ് സംവിധാനം ഏര്‍പ്പെടുത്തിയേക്കും. ഒപികളില്‍ എത്തുന്നവര്‍ക്ക് ട്രയാജ് സംവിധാനം ബാധകമല്ല. രാത്രിയും പകലും അത്യാഹിതവിഭാഗങ്ങളിലാണ് കര്‍ശനമായി നടപ്പാക്കുന്നത്. മുറിവേറ്റും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചും വാഹനാപകടങ്ങളില്‍ പരിക്കേറ്റും എത്തുന്നവരില്‍ ഈ പരിശോധന നിര്‍ബന്ധമാണ്. എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ബാധകമല്ല.

റെഡ്, യെല്ലോ, ഗ്രീന്‍ എന്നീ മൂന്ന് സോണുകള്‍ അത്യാഹിത വിഭാഗത്തിലുണ്ടാകും. രോഗതീവ്രത അനുസരിച്ച് രോഗികളെ വിലയിരുത്തിയശേഷം ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് സുരക്ഷാ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധിക്കും. അതീവ ഗുരുതരാവസ്ഥയിലുള്ളവരെ റെഡ് സോണിലേക്ക് വിടും. അവര്‍ക്ക് ട്രയാജ് പരിശോധന ഉണ്ടാവില്ല. ജീവഹാനിയ്ക്ക് കാരണമാകാത്ത മുറിവുകളുമായെത്തുന്നവര്‍ക്ക് യെല്ലോ സോണിലായിരിക്കും ചികിത്സ. പനിയടക്കം നിസാര പ്രശ്‌നങ്ങളുമായി എത്തുന്നവര്‍ക്ക് ഗ്രീന്‍ സോണിലാണ് ചികിത്സ. ഈ രണ്ടു വിഭാഗത്തില്‍പ്പെട്ടവരെയും ട്രയാജ് പരിശോധന നടത്തും.

അക്രമവാസനയുണ്ടെന്നോ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നോ ട്രയാജ് പരിശോധനയില്‍ ബോധ്യമായാല്‍ പെട്ടെന്ന് മറ്റൊരു മുറിയിലേക്ക് മാറ്റും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തശേഷമായിരിക്കും ചികിത്സ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ വന്ദനാ ദാസ് കൊല്ലപ്പെട്ടശേഷവും ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ സുരക്ഷാ സംവിധാനം ഒരുക്കുന്നത്. കളമശേരി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം ഡോക്ടര്‍ ആക്രമണത്തിന് ഇരയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.