ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ എസ്.പി ഹിന്ദുജ അന്തരിച്ചു

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ എസ്.പി ഹിന്ദുജ അന്തരിച്ചു

ലണ്ടന്‍: ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ എസ്.പി ഹിന്ദുജ (87) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഡിമന്‍ഷ്യ ബാധിതനായ അദേഹം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദുജ ഗ്രൂപ്. സ്ഥാപകനായ പര്‍മാനന്ദ് ദീപ്ചന്ദ് ഹിന്ദുജയുടെ മൂത്ത മകനാണ് എസ്.പി ഹിന്ദുജ. ഗോപിചന്ദ് പി ഹിന്ദുജ, പ്രകാശ് പി ഹിന്ദുജ, അശോക് പി ഹിന്ദുജ എന്നിവരാണ് സഹോദരങ്ങള്‍.

1935 നവംബര്‍ എട്ടിന് ബ്രിട്ടീഷ് ഇന്ത്യയിലെ സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലാണ് എസ്.പി ഹിന്ദുജയുടെ ജനനം. പഠന ശേഷം 1952 ലാണ് ഹിന്ദുജ ഗ്രൂപ്പ് സ്ഥാപകനും പിതാവിനൊപ്പം കുടുംബ ബിസിനസിലേക്ക് കടക്കുന്നത്. ഭാര്യ മധു ഇക്കൊല്ലം ജനുവരിയില്‍ മരിച്ചു. ഷാനു, വിനു എന്നീ രണ്ട് പെണ്‍മക്കളുണ്ട്.

ബാങ്കിങ്, കെമിക്കല്‍സ്, ഹെല്‍ത്ത് കെയര്‍ തുടങ്ങി വിവിധ മേഖലകളിലാണ് ഹിന്ദുജ ഗ്രൂപ്പിന്റെ ബിസിനസ്. രണ്ടുലക്ഷത്തില്‍ അധികം പേര്‍ ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. നിലവില്‍ ബ്രിട്ടനിലെ അതിസമ്പന്നരില്‍ നാലാം സ്ഥാനത്താണ് ഹിന്ദുജ സഹോദരങ്ങള്‍.

സ്വീഡിഷ് ആയുധ നിര്‍മാതാക്കളായ എ.ബി ബൊഫോഴ്സിന് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് കരാര്‍ കരസ്ഥമാക്കാന്‍ അനധികൃതമായി കമ്മിഷന്‍ ഇനത്തില്‍ ഏകദേശം 81 ദശലക്ഷം സ്വീഡിഷ് ക്രോണ കൈപ്പറ്റിയെന്ന ആരോപണം എസ്.പി ഹിന്ദുജയ്ക്കും സഹോദരങ്ങളായ ഗോപീചന്ദിനും പ്രകാശിനും എതിരേ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് കോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.