ഡാവിഞ്ചി ഗ്ലോ കാണാം, മെയ് 19 ന്

ഡാവിഞ്ചി ഗ്ലോ കാണാം, മെയ് 19 ന്

ദുബായ്: യുഎഇ നിവാസികള്‍ക്ക് ചന്ദ്രന്‍റെ ഡാവിഞ്ചി ഗ്ലോ പ്രതിഭാസം കാണാന്‍ അവസരമൊരുങ്ങുന്നു. മെയ് 19 ന് വൈകുന്നേരം 6.45 ന് ശേഷമാണ് അത്ഭുത പ്രതിഭാസം ദൃശ്യമാവുക. ചന്ദ്രന് ചുറ്റും അസാധാരണ പ്രകാശം അനുഭവപ്പെടുന്നതാണ് ഡാവിഞ്ചി ഗ്ലോ പ്രതിഭാസമെന്ന പേരില്‍ അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടില്‍ പ്രതിഭാസത്തെ കുറിച്ച് വിവരിച്ച ലിയാനാർഡോ ഡാവിഞ്ചിയുടെ പേരിലാണ് പിന്നീട് ഈ പ്രതിഭാസം അറിയപ്പെട്ടതെന്ന് നാസ വിശദീകരിക്കുന്നു.

സൂര്യോദയത്തിന് തൊട്ടുമുന്‍പും സൂര്യാസ്തമനത്തിന് തൊട്ട് ശേഷവും പ്രതിഭാസം ദൃശ്യമാകും. ചന്ദ്രന്‍ നേരിയ ചന്ദ്രക്കലപോലെ ദൃശ്യമാകുകയും ഇതിന് അസാധാരണ തിളക്കമുണ്ടാവുകയും ചെയ്യുന്നതാണ് ഡാവിഞ്ചി ഗ്ലോ. സൂര്യപ്രകാശം ഭൂമിയുടെ ഉപരിതലത്തില്‍ തട്ടുകയും ചന്ദ്രന്‍റെ ഇരുണ്ട ഭാഗത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. ഭൂമിയുടെ അന്തരീക്ഷം, മേഘങ്ങള്‍, ഉപരിതലം എന്നിവയില്‍ നിന്നുളള സൂര്യപ്രകാശത്തിന്‍റെ പ്രതിഫലനംമൂലമാണ് എർത്ത് ഷൈന്‍ അഥവാ ഡാവിഞ്ചി ഗ്ലോ അനുഭവപ്പെടുന്നത്.

നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുമെങ്കിലും ബൈനോക്കുലറിന്‍റേയോ ടെലസ്കോപിന്‍റേയോ സഹായത്തോടെ കൂടുതല്‍ വ്യക്തമായി പ്രതിഭാസം കാണാന്‍ സാധിക്കും. ഭൂമിയുടെ അല്‍ബെഡോ പഠനങ്ങള്‍ക്കും അന്തരീക്ഷ ഘടന പഠിക്കുന്നതിനും കാലാവസ്ഥ വ്യതിയാനം നിരീക്ഷിക്കുന്നതിനുമെല്ലാമുളള വിവരങ്ങള്‍ നല്‍കാന്‍ ഈ പ്രതിഭാസത്തിന് സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.