എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് യു.കെ സര്‍ക്കാര്‍ ചെലവഴിച്ചത് 1,600 കോടിയിലേറെ രൂപ

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് യു.കെ സര്‍ക്കാര്‍ ചെലവഴിച്ചത് 1,600 കോടിയിലേറെ രൂപ

ലണ്ടന്‍: ഏഴു പതിറ്റാണ്ട് ബ്രിട്ടണ്‍ ഭരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ചെലവാക്കിയത് 1,665 കോടി രൂപ. വ്യാഴാഴ്ചയാണ് യു.കെ ട്രഷറി വിശദമായ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ എട്ടിനായിരുന്നു എലിസബത്ത് രാജ്ഞിയുടെ മരണം.

ലണ്ടനില്‍ പൊതുദര്‍ശനത്തിന് വച്ച ബ്രിട്ടീഷ് രാജ്ഞിയുടെ മൃതദേഹം കാണാന്‍ രണ്ട് ലക്ഷത്തിലധികം പേര്‍ എത്തിയിരുന്നുവെന്നാണ് കണക്കാക്കുന്നത്. മരണത്തെ തുടര്‍ന്ന് പത്ത് ദിവസത്തെ ദേശീയ ദുഖാചരണവും ബ്രിട്ടണില്‍ നടന്നു. ആഭ്യന്തര വകുപ്പ് ഓഫീസിന് 756 കോടി രൂപയും സാംസ്‌കാരിക - മാധ്യമ - കായിക വകുപ്പുകള്‍ക്ക് 589 കോടിയും ഗതാഗത വകുപ്പിന് 26 കോടിയും വിദേശകാര്യ ഓഫീസിന് 21 കോടിയുമാണ് മരണാനന്തര ചടങ്ങുകള്‍ക്കായി ചെലവായത്. ഇതുകൂടാതെ സ്‌കോട്ട്‌ലന്‍ഡ് സര്‍ക്കാരിന് ചെലവായ തുകയും യുകെയാണ് നല്‍കിയത്. സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മോര്‍ കൊട്ടാരത്തില്‍ വച്ചായിരുന്നു രാജ്ഞിയുടെ അന്ത്യം.

വിന്‍ഡ്സര്‍കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലിലാണ് എലിസബത്ത് രാജ്ഞിക്ക് അന്ത്യവിശ്രമം ഒരുക്കിയത്. സെപ്റ്റംബര്‍ 19 നു നടന്ന സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, രാഷ്ട്രപതി ദ്രൗപദി മുര്‍മു തുടങ്ങിയവര്‍ ഉള്‍പ്പെടെ 200ലേറെ ലോക നേതാക്കള്‍ ബ്രിട്ടണിലെത്തിയിരുന്നു. സുരക്ഷ ഒരുക്കുന്നതിനായി വലിയ തുകയാണ് ചെലവായത്.

മെയ് ആറിനാണ് ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ പുതിയ രാജാവായി അധികാരമേറ്റത്. മൂന്ന് ദിവസം നീണ്ടുനിന്ന കിരീടധാരണ പരിപാടികള്‍ക്കായി ഏകദേശം ആയിരം കോടിയോളം രൂപ ചെലവാക്കിയെന്നാണ് കണക്കാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.