വെല്ലിങ്ടണ്‍: പസഫിക്ക് സമുദ്രത്തിലെ കാലഡോണിയ ദ്വീപുകള്‍ക്ക് സമീപം ശക്തമായ ഭൂചലനം. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ പസഫിക് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യുഎസ് സമുദ്ര ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. ഓസ്ട്രേലിയയിലെ ലോര്‍ഡ് ഹോവ് ദ്വീപിനും ദക്ഷിണ പസഫിക്കിലെ രാജ്യങ്ങള്‍ക്കുമാണ് സുനാമി മുന്നറിയിപ്പുള്ളത്.
സമുദ്രത്തില്‍ 37 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചനലത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ പ്രകമ്പനം 10 കിലോമീറ്റര്‍ ദൂരത്തോളം വ്യാപിച്ചതായാണ് യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 1,000 കിലോമീറ്റര്‍ (620 മൈല്‍) പരിധിയിലുള്ള തീരങ്ങളില്‍ അപകടകരമായ സുനാമി തിരമാലകള്‍ സാധ്യയുണ്ടെന്നാണ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.
മൂന്ന് മീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് പ്രധാന മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ തീര പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ന്യൂ കാലഡോണിയ, ഫിജി, ന്യൂസിലന്‍ഡ്, കിറിബാത്തി, വാനുവാട്ടു തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്.
ഓസ്‌ട്രേലിയയിലെ ലോര്‍ഡ് ഹോവ് ദ്വീപിലെ ജനങ്ങള്‍ പലായനം ചെയ്യേണ്ട ആവശ്യമില്ലെന്നും സമുദ്രത്തിനു സമീപത്തേക്കു ചെല്ലരുതെന്നും വെള്ളത്തില്‍ ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, ഓസ്ട്രേലിയയിലെ മെയിന്‍ ലാന്‍ഡിന് ഭീഷണിയില്ലെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.