അമിത സ്വാതന്ത്ര്യവും അരാജകത്വവും; സ്വവര്‍ഗാനുരാഗികളുടെ പരിപാടികള്‍ക്കെതിരേ ഓസ്‌ട്രേലിയയില്‍ പ്രതിഷേധം; അടുത്തിടെ റദ്ദാക്കിയത് നിരവധി പരിപാടികള്‍

അമിത സ്വാതന്ത്ര്യവും അരാജകത്വവും; സ്വവര്‍ഗാനുരാഗികളുടെ പരിപാടികള്‍ക്കെതിരേ ഓസ്‌ട്രേലിയയില്‍ പ്രതിഷേധം; അടുത്തിടെ റദ്ദാക്കിയത് നിരവധി പരിപാടികള്‍

മെല്‍ബണ്‍: അതിരു കവിഞ്ഞ സ്വാതന്ത്ര്യവും അവകാശങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിക്കുന്നതിന് എതിരേ ഓസ്‌ട്രേലിയയിലെങ്ങും പ്രതിഷേധം ഉയരുന്നു. വിക്‌ടോറിയ സംസ്ഥാനത്ത് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നടത്തുന്ന പരിപാടികള്‍ക്കെതിരേ വലിയ എതിര്‍പ്പാണ് നേരിടുന്നത്. വലതുപക്ഷ ഗ്രൂപ്പുകളുടെ കടുത്ത എതിര്‍പ്പിനെതുടര്‍ന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ 11 എല്‍ജിബിടിക്യു പരിപാടികളെങ്കിലും റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. ലിംഗ സമത്വ ബോധവല്‍ക്കരണത്തിന്റെ പേരില്‍ സമൂഹത്തില്‍ അരാജകത്വം വളര്‍ത്താനുള്ള ആസൂത്രിത ശ്രമം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വലതുപക്ഷ സംഘടനകള്‍.

ഏറ്റവും പുതുതായി മെല്‍ബണിലെ ഒരു ലൈബ്രറിയില്‍ കുട്ടികള്‍ക്കായി നടത്താനിരുന്ന ഡ്രാഗ് സ്റ്റോറി ടൈം എന്ന പരിപാടിയാണ് റദ്ദാക്കിയത്. ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് കുട്ടികളിലും മാതാപിതാക്കളും അവബോധം വളര്‍ത്തുന്നതിനായാണ് ഡ്രാഗ് സ്റ്റോറി ടൈം സംഘടിപ്പിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളാണ് കഥകളും പാട്ടും നൃത്തവും അവതരിപ്പിക്കുന്നത്. അതേസമയം ഒന്നുമറിയാത്ത പ്രായത്തില്‍ കുഞ്ഞു മനസുകളിലേക്ക് സ്വവര്‍ഗാനുരാഗം ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ കുത്തിവയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടും ഭൂരിപക്ഷം ഉയര്‍ത്തുന്നുണ്ട്.

ഹോമോഫോബിയ, ബൈഫോബിയ, ട്രാന്‍സ്‌ഫോബിയ എന്നിവയ്ക്കെതിരായ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് മെയ് 18 ന് പരിപാടി നടത്താനിരുന്നത്. പ്രാദേശിക സര്‍ക്കാരായ മോനാഷ് കൗണ്‍സിലാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

പരിപാടിയില്‍ പങ്കെടുക്കാനിരുന്ന കുടുംബങ്ങള്‍, അവതാരകര്‍, കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരേ ഭീഷണി ഉള്‍പ്പെടെയുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പരിപാടി റദ്ദാക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് മോനാഷ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.

എല്‍ജിബിടിക്യു സമൂഹത്തിന്റെ പൊതുപരിപാടികള്‍ പലപ്പോഴും സംഘര്‍ഷത്തിനും വഴിവയ്ക്കാറുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂ സൗത്ത് വെയില്‍സില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന പ്രചാരണ പരിപാടിക്കിടെ എല്‍ജിബിടിക്യു സംഘടന സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. സിഡ്‌നിയിലെ ബെല്‍ഫീല്‍ഡ് സെന്റ് മൈക്കിള്‍സ് കത്തോലിക്ക പള്ളി പരിസരത്ത് നടന്ന പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്.

ന്യൂ സൗത്ത് വെയില്‍സ് വണ്‍ നേഷന്‍ നേതാവും എം.പിയുമായ മാര്‍ക്ക് ലാഥമിന്റെ പ്രസംഗമാണ് പ്രകോപനത്തിനു കാരണം. മതസ്വാതന്ത്ര്യം, രക്ഷാകര്‍ത്താക്കളുടെ അവകാശങ്ങള്‍, വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച വിഷയങ്ങളിലാണ് മാര്‍ക്ക് ലാഥം പ്രസംഗിച്ചത്. എല്‍ജിബിടിഐ ആശയങ്ങള്‍ സ്‌കൂളുകളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ത്തതാണ് ട്രാന്‍സ്ജെന്‍ഡറുകളെ പ്രകോപിപ്പിച്ചത്.

ക്രൈസ്തവ വിശ്വാസികളായ അനേകം പേര്‍ പ്രസംഗം കേള്‍ക്കാന്‍ എത്തിയിരുന്നു. ഇവര്‍ പ്രതിഷേധം തടയാന്‍ ശ്രമിച്ചു. ഒടുവില്‍ പോലീസ് എത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.

മാര്‍ച്ചില്‍തന്നെ വിക്‌ടോറിയ പാര്‍ലമെന്റ് ഹൗസിന് സമീപം ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ പ്രവര്‍ത്തകരും നവ-നാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായത് ഏറെ നേരത്തെ ഗതാഗത തടസത്തിനു വരെ കാരണമായിരുന്നു.

ബ്രിട്ടണിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധ അവകാശ പ്രവര്‍ത്തക കെല്ലി-ജെയ് കീന്‍ നേതൃത്വം നല്‍കിയ, ലെറ്റ് വിമന്‍ സ്പീക്ക് എന്ന പരിപാടിയാണ് സംഘര്‍ഷത്തിനു കാരണമായത്. ഇവര്‍ പങ്കുവച്ച ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധ വീക്ഷണങ്ങളെച്ചൊല്ലിയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ സമരക്കാരും നവ നാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

സിഡ്‌നിയില്‍ ഫെബ്രുവരിയില്‍ സ്വവര്‍ഗാനുരാഗികളുടെ (എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റി) പരേഡില്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി പങ്കെടുത്തത് വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. രാജ്യത്തിന്റെ സാമൂഹിക ക്രമത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ന്യൂനപക്ഷത്തിനൊപ്പം പ്രധാനമന്ത്രി അണിചേര്‍ന്നത് തെറ്റായെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

അതുപോലെ നികുതിദായകരുടെ പണം ഉപയോഗിച്ച് വേള്‍ഡ് പ്രൈഡ് ആഘോഷങ്ങള്‍ ഉള്‍പ്പെടെ നടത്തുന്നതില്‍ ന്യൂ വെയില്‍സ് സംസ്ഥാന സര്‍ക്കാരിനെതിരേയും പ്രതിഷേധം ഉയര്‍ന്നു. സ്വവര്‍ഗാനുരാഗത്തെ ഉള്‍പ്പെടെ പ്രോല്‍സാഹിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ക്ക് രാജ്യത്തുനീളം പ്രചാരം ലഭിക്കുന്നതിനെ ആശങ്കയോടെയാണ് വലിയൊരു വിഭാഗം കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26