ബഫര്‍ സോണിലെ ബ്ബ...ബ്ബ...ബ്ബ വന്യജീവി ആക്രമണ സംഭവങ്ങളില്‍ പാടില്ല; കര്‍ശന നടപടിയുണ്ടാകണം

ബഫര്‍ സോണിലെ ബ്ബ...ബ്ബ...ബ്ബ വന്യജീവി ആക്രമണ സംഭവങ്ങളില്‍ പാടില്ല; കര്‍ശന നടപടിയുണ്ടാകണം

നിയമ സംവിധാനങ്ങളുടെ പോരായ്മയുണ്ടെങ്കില്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. 'ഷൂട്ട് അറ്റ് സൈറ്റ്' പോലുള്ള നിയമ ഭേദഗതി തന്നെ കൊണ്ടു വരണം.

നുഷ്യരെ ജീവനോടെ വലിച്ചു കീറി ഛിന്നം വിളിക്കുന്ന കാട്ടാനകള്‍... കൊമ്പില്‍ കോര്‍ത്ത് കുടഞ്ഞെറിയുന്ന കാട്ടു പോത്തുകള്‍... മൂര്‍ച്ഛയുള്ള നഖം നെഞ്ചില്‍ കുത്തിയിറക്കി ചുടുരക്തം കുടിക്കുന്ന പുലികള്‍, കടുവകള്‍... ഉഗ്ര ശൗര്യത്തോടെ കടിച്ചു കീറുന്ന കരടികള്‍... കുത്തി മറിച്ചിട്ട് നെട്ടോട്ടമോടുന്ന കാട്ടു പന്നികള്‍.

ഇതൊന്നും കാട്ടില്‍ സംഭവിക്കുന്നതല്ല. നാട്ടില്‍ നടക്കുന്ന കാര്യങ്ങളാണ്. കാരണം അവയെല്ലാം ഇപ്പോള്‍ നാട്ടിലുണ്ട്. ഒരോ ദുരന്തവും കഴിയുമ്പോള്‍ 'ദാരുണ സംഭവമായിപ്പോയി... മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു'വെന്ന് ചാനലുകള്‍ക്ക് മുന്നില്‍ വന്നിരുന്ന് 'വിലപിക്കുന്ന' ഒരു വനം വകുപ്പ് മന്ത്രിയും നാട്ടിലുണ്ട്.

ആ മന്ത്രിയെക്കുറിച്ച് പറയുമ്പോള്‍ 'കള്ളന്‍' എന്ന ഒരു കൊച്ചു കവിതയിലെ മന്ത്രിയായ കഥാപാത്രത്തിന്റെ ആത്മഗതത്തിലെ ഒരു വരി കുറിയ്ക്കാതിരിക്കാനാകില്ല. ' കണ്ണുനീര്‍ത്തുള്ളി വരാതെ കരഞ്ഞു ഞാന്‍, ഞെട്ടാതെ ഞെട്ടി വിറച്ചു'... ഇതാണ് നമ്മുടെ വനം മന്ത്രിയുടെ സ്ഥിരം കലാപരിപാടി.

വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി എത്ര മനുഷ്യരെ കൊന്നാലും വളര്‍ത്തു മൃഗങ്ങളെ കശാപ്പ് ചെയ്താലും കൃഷിയിടങ്ങള്‍ ഉഴുതു മറിച്ചാലും അദേഹം ഇങ്ങനെ ഞെട്ടാതെ ഞെട്ടി വിറച്ചുകൊണ്ടിരിക്കും. കാരണം സ്വന്തം കുടുംബത്തിലല്ലല്ലോ ഇതൊന്നും സംഭവിക്കുന്നത്. മൂക്കത്ത് വിരല്‍ വച്ച് ചോദിക്കുകയാണ്... എന്തിനാണീ മന്ത്രിയും വനം വകുപ്പും കുറേ ഉദ്യോഗസ്ഥ പ്രമാണിമാരും?.. സംരക്ഷണം നല്‍കുന്നതില്‍ നിങ്ങളുടെ പ്രഥമ പരിഗണന ആര്‍ക്കാണ്?.. മനുഷ്യര്‍ക്കോ, അതോ മൃഗങ്ങള്‍ക്കോ?

'ബഫര്‍ സോണില്‍ ബ്ബ...ബ്ബ...ബ്ബ' അടിച്ച് നാഴികയ്ക്ക് നാല്‍പ്പത് വട്ടം താങ്കള്‍ കുട്ടിക്കരണം മറിഞ്ഞു കളിക്കുന്നത് കേരളം കണ്ടതാണ്. അവസാനം പരമോന്നത നീതിപീഠം അല്‍പ്പം മനസലിവ് കാണിച്ചതുകൊണ്ട് മാത്രം നിരവധിയായ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസമായി. അത് സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും നേട്ടമായി ചിത്രീകരിക്കാനുള്ള വിഫല ശ്രമവും നടത്തിയിരുന്നല്ലോ. എല്ലാം ജനങ്ങള്‍ കാണുന്നുണ്ട് എന്ന ഓര്‍മ്മയുണ്ടാകണം.

നാടിനെ സംബന്ധിച്ച് ബഫര്‍ സോണിനേക്കാള്‍ ഗൗരവകരമാണ് ജനങ്ങളുടെ ജീവനും സ്വത്തിനും നേരേ പതിവായുണ്ടാകുന്ന വന്യജീവികളുടെ കടന്നാക്രമണം. മനുഷ്യരില്ലെങ്കില്‍ പിന്നെ എന്ത് ബഫര്‍ സോണ്‍? അതിനാല്‍ കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനെടുക്കുന്ന ദാരുണമായ സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ വനം മന്ത്രിയും വനം വകുപ്പും തുടര്‍ന്നുവരുന്ന അഴകൊഴമ്പന്‍ നയങ്ങള്‍ വെടിഞ്ഞ് ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കാനുള്ള ചങ്കൂറ്റം കാണിക്കണം.

അല്ലെങ്കില്‍ ഇക്കാര്യത്തില്‍ വനം വകുപ്പിനുള്ള തടസമെന്തെന്ന് വ്യക്തമാക്കണം. നിയമ സംവിധാനങ്ങളുടെ പോരായ്മയുണ്ടെങ്കില്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. കഴിഞ്ഞ ദിവസം കൊല്ലത്തും കോട്ടയത്തുമായി മൂന്ന് ജീവനുകളെടുത്ത കാട്ടുപോത്തുകളെ വെടിവച്ചു കൊല്ലാന്‍ നമ്മുടെ നിയമം അനുവദിക്കുന്നില്ല പോലും. പിന്നെ ആര്‍ക്കു വേണ്ടിയാണീ നിയമ സംഹിതകള്‍? മൃഗങ്ങള്‍ക്ക് വേണ്ടിയോ?

നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാന്‍ 'ഷൂട്ട് അറ്റ് സൈറ്റ്' പോലുള്ള നിയമ ഭേദഗതി തന്നെ കൊണ്ടു വരണം. പ്രതിഷേധവുമായി കൊടിപിടിച്ചെത്തുന്ന മൃഗ സ്‌നേഹികളോട് പോകാന്‍ പറയണം. ഏതൊരു പൗരനും ഭയമില്ലാതെ ജീവിക്കാന്‍ അവകാശം തരുന്ന ഭരണഘടനയുള്ള നാടാണ് നമ്മുടേത്. അതുറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അക്കാര്യത്തില്‍ മുട്ട് കൂട്ടിയിടിക്കേണ്ട കാര്യമൊന്നുമില്ല.

വെള്ളിയാഴ്ച രാവിലെ കോട്ടയത്ത് എരുമേലി കണമലയില്‍ പുറത്തേല്‍ ചാക്കോച്ചനെ കൊലപ്പെടുത്തിയ ശേഷമാണ് കാട്ടുപോത്ത് പ്ലാവനക്കുഴിയില്‍ തോമാച്ചന്റെ ജീവനെടുത്തത്. 'ഷൂട്ട് അറ്റ് സൈറ്റ്' പോലെ ശക്തമായ നിയമമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ആദ്യ മരണം സംഭവിക്കുന്നതിന് മുന്‍പോ അല്ലെങ്കില്‍ അതിന് ശേഷമെങ്കിലുമോ കാട്ടുപോത്തിനെ വെടിവച്ച് വീഴ്ത്താമായിരുന്നു. കാരണം ഭ്രാന്തിളകി വരുന്ന വന്യമൃഗത്തിന്റെ തിരുനെറ്റിയില്‍ തന്നെ വെടിയുണ്ട കയറ്റി വിടാന്‍ കെല്‍പ്പുള്ള ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ നാട്ടിലുണ്ട്.

അവര്‍ക്ക് വലിയ സംവിധാനങ്ങളൊന്നും വേണ്ട. നല്ല നാടന്‍ തോക്കു കൊണ്ട് കാര്യം സാധിക്കും. പക്ഷേ, നിയമത്തിന്റെ പരിരക്ഷ വേണം എന്നു മാത്രം. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ ജില്ലാ കളക്ടറുടെയും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്റെയുമൊന്നും തീട്ടൂരം വരാന്‍ കാത്തു നില്‍ക്കുക പ്രായോഗികമല്ല... കാട്ടുപോത്തിനെന്ത് കളക്ടറും വനം വകുപ്പും.

ജനങ്ങളുടെ ജീവനും സ്വത്തിനും നേരെ വന്യമൃഗങ്ങളുടെ വര്‍ധിച്ചു വരുന്ന കടന്നാക്രമണങ്ങള്‍ കര്‍ശനമായി തടയുന്നതിന് സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണം. അക്കാര്യത്തില്‍ ഇനിയും അമാന്തം പാടില്ല. 'ആനപ്പുറത്തിരിക്കുന്നവന് നായയെ പേടിക്കേണ്ട' എന്ന് പറയുന്നതു പോലെ അനന്തപുരിയിലെ മന്ത്രി മന്ദിരങ്ങളില്‍ വസിക്കുന്നവര്‍ക്ക് കാട്ടാനയെയും കാട്ടുപോത്തിനെയുമൊന്നും പേടിക്കേണ്ട.

എന്നാല്‍ നിരായുധരും നിരപരാധികളുമായ കര്‍ഷകരടക്കമുള്ള സാധാരണക്കാരാണ് നാട്ടില്‍ ഭയന്നു വിറച്ച് കഴിയുന്നത്. വന്യമൃഗങ്ങളെ ഭയന്ന് സ്വന്തം കൂരയില്‍ കിടന്നുറങ്ങാനാകാതെ ഉയരം കൂടിയ മരത്തിന്റെയും പാറയുടെയും മുകളില്‍ കയറിയിരുന്ന് നേരം വെളുപ്പിക്കുന്ന നിരവധി കുടുംബങ്ങള്‍ ഈ കേരളത്തിലുണ്ട് എന്ന വസ്തുത നാട് ഭരിക്കുന്നവര്‍ ഇനിയെങ്കിലും അറിയണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.