ആണവായുധങ്ങള്‍ ഉപേക്ഷിച്ച് സമാധാനത്തിന് അടിത്തറയടുക; ജി7 ഉച്ചകോടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശബ്ദം

ആണവായുധങ്ങള്‍ ഉപേക്ഷിച്ച് സമാധാനത്തിന് അടിത്തറയടുക; ജി7 ഉച്ചകോടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശബ്ദം

ഹിരോഷിമ: ആണവായുധങ്ങള്‍ ഉപേക്ഷിച്ച് സമാധാനത്തിന് അടിത്തറയടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. ജി7 ഉച്ചകോടി നടക്കുന്ന ഹിരോഷിമയിലെ ബിഷപ്പിന് അയച്ച കത്തിലൂടെയാണീ ആഹ്വാനം നടത്തിയത്. ആണവായുധങ്ങളുടെ ഉപയോഗം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും അത് ഭാവിക്ക് തുരങ്കം വയ്ക്കുന്നുവെന്നും പരിശുദ്ധ സിംഹാസനത്തിന്റെ ഉറച്ച ബോധ്യമാണെന്ന് പാപ്പ ആവര്‍ത്തിച്ചു.

ആഗോള സുരക്ഷയയിലും സമത്വത്തിലും ഐക്യദാര്‍ഢ്യത്തിലും അധിഷ്ഠിതമായ സമാധാനത്തിന്റെ വേദിയായി ജി7 മാറുന്നതിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ ജി7 ഉച്ചകോടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്.

സാഹോദര്യത്തിലും ഐക്യദാര്‍ഢ്യത്തിലും ഒരുമിച്ച് മാത്രമേ നമ്മുടെ മനുഷ്യ കുടുംബത്തിന്റെ മുറിവുകള്‍ ഉണക്കാനും നീതിയുക്തവും സമാധാനപരവുമായ ഒരു ലോകം കെട്ടിപ്പടുക്കാനും കഴിയൂ എന്നാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആണവ ആക്രമണത്തിന് ഇരയായ നിരപരാധികളെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണം. ഉക്രെയ്നില്‍ നടക്കുന്ന യുദ്ധം ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ ആഗോള മഹാമാരിയുടെയും തുടര്‍ യുദ്ധങ്ങളുടെയും പശ്ചാത്തലത്തില്‍ സമൂഹത്തിന്റെ ഭാവിയെ ആശങ്കയോടെയാണ് നാം നോക്കുന്നതെന്നും പാപ്പ പറഞ്ഞു.

ആണവായുധങ്ങളുടെ ഉപയോഗത്തിന്റെ ഫലമായുണ്ടാകുന്ന വിനാശകരമായ മാനുഷികവും പാരിസ്ഥിതികവുമായ ആഘാതവും അവയുടെ വികസനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മനുഷ്യ-സാമ്പത്തിക വിഭവങ്ങളുടെ പാഴാക്കലിനെയും അതിന്റെ തെറ്റായ വിനിയോഗത്തെയും യോഗം ചര്‍ച്ച ചെയ്യണമെന്ന് പാപ്പ വ്യക്തമാക്കി.

ഉത്തരവാദിത്തമുള്ള ബഹുരാഷ്ട്ര രാജ്യങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ സഹകരണത്തിന്റെ സമീപനം ഒരുമിച്ച് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പാപ്പ പറഞ്ഞു. ഭക്ഷണം വെള്ളം എന്നിവയുടെ ലഭ്യത, പരിസ്ഥിതിയോടുള്ള ആദരവ്, ആരോഗ്യ സംരക്ഷണം, ഊര്‍ജ സ്രോതസുകള്‍, ലോകത്തിലെ സാധനങ്ങളുടെ തുല്യമായ വിതരണം എന്നിവ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ജി7 ന് സാധിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.