ധാക്ക: തങ്ങളുടെ അവകാശങ്ങൾ, ഭൂമി, സാംസ്കാരിക പാരമ്പര്യം എന്നിവ സംരക്ഷിക്കുന്നതിന് സഭയുടെ ശക്തമായ പിന്തുണയും ഇടപെടലും ആവശ്യപ്പെട്ട് മുസ്ലിം ഭൂരിപക്ഷ രാജ്യമയായ ബംഗ്ലാദേശിലെ തദ്ദേശീയ കത്തോലിക്കർ. ബംഗ്ലാദേശ് കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിലെ നീതിക്കും സമാധാനത്തിനുമായുള്ള എപ്പിസ്കോപ്പൽ കമ്മീഷൻ (EC-JP) സ്ഥാപിതമായതിന്റെ അൻപതാം വാർഷികാഘോഷ വേളയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഏകദേശം 170 ദശലക്ഷം ജനസംഖ്യയുള്ള ബംഗ്ലാദേശിൽ ക്രൈസ്തവർ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. രാജ്യത്തെ നാലു ലക്ഷം കത്തോലിക്കരിൽ പകുതിയിലധികം തദ്ദേശീയ വിഭാഗത്തിൽ പെട്ടവരാണ്. ഇവർക്ക് ഭൂമി അവകാശങ്ങൾ, സാംസ്കാരിക സംരക്ഷണം, സാമൂഹ്യനീതി എന്നിവയുമായി ബന്ധപ്പെട്ട ഗൗരവമായ വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്.
അതേസമയം രാജ്യത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ തങ്ങളാണ് മുൻനിരയിൽ നിൽക്കുന്നത് എന്നും അവർ പറയുന്നു. എന്നാൽ ഖനന വ്യവസായങ്ങൾ, ടൂറിസം, വ്യാവസായിക കൃഷി, വിവിധ വികസന പദ്ധതികൾ എന്നിവ മൂലം തദ്ദേശീയരുടെ ഭൂമിയും ജീവിതരീതിയും അപകടത്തിലാണ്.
“ബംഗ്ലാദേശിൽ തദ്ദേശീയ ജനതയുടെ അവകാശങ്ങൾ അർഥവത്തായ രീതിയിൽ അംഗീകരിക്കുന്നത് ഇന്നും വലിയ വെല്ലുവിളിയാണ്. മനുഷ്യാവകാശ ലംഘനങ്ങൾ, ഭൂമി കൈയേറ്റം, ചൂഷണം, നീതി ലഭിക്കാത്തത്, കുടിയിറക്കപ്പെടൽ, ദാരിദ്ര്യം, തൊഴിലില്ലായ്മ, സംസ്കാരവും ഭാഷയും നഷ്ടപ്പെടുന്നത് — ഇവയൊക്കെയാണ് പ്രധാന പ്രശ്നങ്ങൾ,” എന്ന് ഗാരോ സമൂഹത്തിൽ പെട്ട കത്തോലിക്കാ നേതാവ് സഞ്ജീബ് ഡ്രോങ് പറഞ്ഞു.
ഡ്രോങ്, തദ്ദേശീയരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ സഭ കൂടുതൽ സജീവമായ പങ്കുവഹിക്കണം എന്നും ആവശ്യപ്പെട്ടു. ഫ്രാൻസിസ് പാപ്പ തദ്ദേശീയ ജനതയുടെ അവകാശങ്ങൾക്കായി നടത്തിയ പ്രവർത്തനങ്ങൾ അദ്ദേഹം അനുസ്മരിച്ചു. കൂടാതെ തദ്ദേശീയ ജനതയുടെ അവകാശങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം (UNDRIP) രാജ്യതലത്തിൽ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദേഹം ഊന്നിപ്പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.