കൽമേഗി ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ് ഫിലിപ്പീൻസ്; 59 മരണം; രക്ഷാപ്രവർത്തനത്തിന് എത്തിയ ഹെലികോപ്റ്റർ തകർന്ന് വീണു

കൽമേഗി ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ് ഫിലിപ്പീൻസ്; 59 മരണം; രക്ഷാപ്രവർത്തനത്തിന് എത്തിയ ഹെലികോപ്റ്റർ തകർന്ന് വീണു

മനില: കൽമേഗി ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ് ഫിലിപ്പീൻസ്. ഇതുവരെ 59 പേർ മരിച്ചതായാണ് റിപ്പോർട്ട്. 13 പേരെ കാണാതായതായി ദുരന്തനിവാരണ ഏജൻസി റിപ്പോർട്ട് ചെയ്‌തു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

മധ്യ ഫിലിപ്പീൻസിൽ നാശം വിതച്ച കൽമേഗി ചുഴലിക്കാറ്റ് ദക്ഷിണ ചൈനാ കടലിലേക്ക് നീങ്ങുന്നതിനിടെ പലാവാൻ ദ്വീപിലും ആഞ്ഞടിച്ചതോടെയാണ് മരണസംഖ്യ കൂടിയത്. ദുരിതബാധിത പ്രവിശ്യകളിൽ സഹായം നൽകുന്നതിനായി പോകുന്നതിനിടെ ഫിലിപ്പൈൻ വ്യോമസേന ഹെലികോപ്റ്റർ തകർന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും മരിച്ചു.

മധ്യ ഫിലിപ്പീൻസ് പ്രവിശ്യയായ 2.4 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള സെബുവിലാണ് മിക്ക മരണങ്ങളും റിപ്പോർട്ട് ചെയ്‌തതെന്ന് സിവിൽ ഡിഫൻസ് ഓഫീസ് ഡെപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ ബെർണാഡോ റാഫലിറ്റോ അലജാൻഡ്രോ പറഞ്ഞു. ചുഴലിക്കാറ്റ് മൂലമുണ്ടായ പേമാരിയിൽ നദികൾ കരകവിഞ്ഞൊഴുകിയതും ദുരന്തത്തിന് കാരണമായി. ഭൂകമ്പത്തിൽ വീടുകൾ തകർന്നതോടെ ഭൂരിഭാഗവും താൽക്കാലിക ഷെൽട്ടറുകളിലാണ് കഴിഞ്ഞിരുന്നത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി.

ഈ വർഷം ഫിലിപ്പൈൻ ദ്വീപ് സമൂഹത്തിൽ നാശം വിതച്ച ഇരുപതാമത്തെ ഉഷ്ണ‌മേഖലാ ചുഴലിക്കാറ്റാണ് കൽമേഗി. ഇന്റർഐലാൻഡ് ഫെറികളും മത്സ്യബന്ധന ബോട്ടുകളും കടലിലേക്ക് പോകുന്നത് നിരോധിച്ചു. 100 തുറമുഖങ്ങളിലായി 3,500-ലധികം യാത്രക്കാരും ചരക്ക് ട്രക്ക് ഡ്രൈവർമാരും കുടുങ്ങിയതായി തീരസംരക്ഷണ സേന അറിയിച്ചു. 186 ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.