യു.എസിലെ മിസോറി സിറ്റി മേയറായി വീണ്ടും റോബിന്‍ ഇലക്കാട്ട്; ഇത് കോട്ടയംകാരന്റെ ഹാട്രിക് വിജയം

യു.എസിലെ മിസോറി സിറ്റി  മേയറായി വീണ്ടും റോബിന്‍ ഇലക്കാട്ട്;  ഇത് കോട്ടയംകാരന്റെ ഹാട്രിക് വിജയം

വാഷിങ്ടണ്‍: അമേരിക്കയിലെ മിസോറി സിറ്റി മേയറായി മലയാളിയായ റോബിന്‍ ഇലക്കാട്ട് തുടര്‍ച്ചയായ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. 55.9 ശതമാനം വോട്ടുകള്‍ നേടിയാണ് റോബിന്റെ ഹാട്രിക് വിജയം. എതിര്‍ സ്ഥാനാര്‍ഥിയായ ജെഫ്രി ബോണിക്ക് 44.2 ശതമാനം വോട്ട് ലഭിച്ചു.

കോട്ടയം കുറുമുള്ളൂര്‍ സ്വദേശിയായ റോബിന്‍ ഇലക്കാട്ട് 2020 ലാണ് ആദ്യമായി മിസോറി സിറ്റി മേയറായത്. പിന്നീട് 2022 ലും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും മേയറായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഹാട്രിക് വിജയം നേടിയിരിക്കുകയാണ് റോബിന്‍ ഇലക്കാട്ട്.

കോട്ടയം കുറുമുള്ളൂര്‍ ഇലക്കാട്ട് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകനാണ് റോബിന്‍ ഇലക്കാട്ട്. റോബിന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുടുംബം യു.എസിലേക്ക് കുടിയേറിയത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ആരോഗ്യ മേഖലയില്‍ ജോലി ചെയ്തു. 2009 ലാണ് ആദ്യമായി സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

അതോടെ സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വംശജനെന്ന നേട്ടം സ്വന്തമാക്കി. തുടര്‍ന്ന് 2011 ലും 2013 ലും കൗണ്‍സില്‍ അംഗമായിരുന്ന റോബിന്‍, 2015 ല്‍ രാഷ്ട്രീയം ഉപേക്ഷിച്ച് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തുടര്‍ന്ന് വീണ്ടും അദേഹം പൊതുരംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

വെളിയനാട് ചെമ്മഴക്കാട് കുടുംബാംഗമായ ടീനയാണ് ഭാര്യ. ലിയ, കേറ്റ്ലിന്‍ എന്നിവര്‍ മക്കളാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.