ഖാര്‍ത്തൂം: ആഭ്യന്ത യുദ്ധം രൂക്ഷമായ സുഡാനില്‍ സര്‍ക്കാരിന്റെ അധീനതയില്‍ നിന്ന് വിമത സൈന്യമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് (ആര്‍എസ്എഫ്) പിടിച്ചെടുത്ത എല്‍ ഫാഷറില്‍ കൂട്ടക്കുഴിമാടങ്ങള്‍ കുഴിക്കുകയാണെന്ന് റിപ്പോര്‍ട്ട്. കൂട്ടക്കൊലയുടെ തെളിവുകള്‍ നശിപ്പിക്കുകയാണ് മുഖ്യ ലക്ഷ്യം.
ആര്‍എസ്എഫ് കൂട്ടക്കുഴിമാടങ്ങള്‍ കുഴിക്കാനും നഗരത്തിലുടനീളമുള്ള മൃതദേഹങ്ങള്‍ ശേഖരിക്കാനും തുടങ്ങിയിരിക്കുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സിലെ യേല്‍ യൂണിവേഴ്സിറ്റിയിലെ ഒരു ഗവേഷകനാണ് വ്യക്തമാക്കിയത്.
കൂട്ടക്കൊലയുടെ തെളിവുകള്‍ ആര്‍എസ്എഫ് നശിപ്പിക്കുകയാണെന്ന് യേല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഹ്യൂമാനിറ്റേറിയന്‍ റിസര്‍ച്ച് ലാബിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നഥാനിയേല്‍ റെയ്മണ്ട് പറഞ്ഞു. ഗാസയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ ആളുകള്‍ 10 ദിവസത്തിനുള്ളില്‍ ഇവിടെ മരിച്ചിട്ടുണ്ടാകാമെന്നും റെയ്മണ്ട് കൂട്ടിച്ചേര്‍ത്തു.
2023 ഏപ്രില്‍ മുതല്‍ സുഡാന്റെ നിയന്ത്രണത്തിനായി അര്‍ധ സൈനിക വിഭാഗവുമായി പോരാടുന്ന സുഡാനീസ് സായുധ സേന (എസ്എഎഫ്) പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 26 നാണ് നോര്‍ത്ത് ഡാര്‍ഫര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എല്‍ ഫാഷറിന്റെ നിയന്ത്രണം ആര്‍എസ്എഫ് പിടിച്ചെടുത്തത്.
തുടര്‍ന്ന് വിചാരണയില്ലാത്ത കൊലപാതകങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, കൂട്ടക്കൊലകള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ദൃക്‌സാക്ഷികളും മനുഷ്യാവകാശ സംഘടനകളും പറയുന്നു.
ഒക്ടോബര്‍ 28 ന് യേലിലെ ഹ്യൂമാനിറ്റേറിയന്‍ റിസര്‍ച്ച് ലാബ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളില്‍ കൂട്ടക്കൊലയുടെ തെളിവുകള്‍ പുറത്തു വന്നിരുന്നു. മൃതദേഹങ്ങളുടെ കൂമ്പാരങ്ങളും നഗരത്തില്‍ പലയിടത്തും രക്തച്ചാലുകളും ചിത്രങ്ങളില്‍ തെളിഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.