തിരുവനന്തപുരം: കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന(എസ്‌ഐആര്‍)യ്‌ക്കെതിരെ സര്‍വ്വകക്ഷി യോഗം. എസ്‌ഐആര്‍ നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.
ബിജെപി ഒഴികെ യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എസ്‌ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002 ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പങ്കുവെച്ച വികാരത്തോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷി ചേരാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.
2002 ലെ തിരഞ്ഞെടുപ്പ് പട്ടിക ആധാരമാക്കി വോട്ടര്‍ പട്ടിക പരിഷ്‌ക്കരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ നിരവധിയാണെന്നും എസ്‌ഐആര്‍ പ്രത്യേക ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതാണെന്നുമുള്ള ആശങ്ക വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കുവെച്ചു.
പി സി വിഷ്ണുനാഥ് (കോണ്‍ഗ്രസ്), കെ. സുരേന്ദ്രന്‍ (ബിജെപി), പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലീം ലീഗ്), സത്യന്‍ മൊകേരി (സിപിഐ), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം), പി.ജെ ജോസഫ് (കേരള കോണ്‍ഗ്രസ്), എന്‍.കെ പ്രേമചന്ദ്രന്‍ (ആര്‍എസ്പി), മാത്യു ടി. തോമസ് (ജനതാദള്‍ സെക്യുലര്‍), തോമസ് കെ. തോമസ് (എന്‍സിപി), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), കെ.ജി പ്രേംജിത്ത് (കേരള കോണ്‍ഗ്രസ് ബി), കെ.ആര്‍ ഗിരിജന്‍ (കേരള കോണ്‍ഗ്രസ് ജേക്കബ്), അഡ്വ. ഷാജി എസ്. പണിക്കര്‍ (ആര്‍എസ്പി ലെനിനിസ്റ്റ്) അഹമ്മദ് ദേവര്‍കോവില്‍ (ഐഎന്‍എല്‍) എന്നിവര്‍ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.