'റഡാറുകളുടെ കണ്ണ് വെട്ടിക്കും, ഏത് ദുര്‍ഘട വ്യോമ മേഖലയിലും പറന്നെത്തും'; ഇന്ത്യക്ക് കെ.എച്ച് 69 മിസൈലിന്റെ സാങ്കേതിക വിദ്യ നല്‍കാമെന്ന് റഷ്യ

'റഡാറുകളുടെ കണ്ണ് വെട്ടിക്കും, ഏത് ദുര്‍ഘട വ്യോമ മേഖലയിലും പറന്നെത്തും';  ഇന്ത്യക്ക് കെ.എച്ച് 69 മിസൈലിന്റെ സാങ്കേതിക വിദ്യ നല്‍കാമെന്ന് റഷ്യ

മോസ്‌കോ: ഡീപ്-സ്ട്രൈക്ക് ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെ.എച്ച് 69 എന്ന സ്റ്റെല്‍ത്ത് സബ്സോണിക് എയര്‍-ലോഞ്ച്ഡ് ക്രൂസ് മിസൈലിന്റെ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാമെന്ന് റഷ്യ.

എയര്‍ ഫീല്‍ഡുകള്‍, കമാന്‍ഡ് സെന്ററുകള്‍, പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പോലുള്ള തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ക്കെതിരായ ഡീപ്-സ്ട്രൈക്ക് ദൗത്യങ്ങള്‍ക്ക് വേണ്ടിയാണ് കെ.എച്ച് 69 മിസൈല്‍ ഉപയോഗിക്കുന്നത്.

യുദ്ധം തുടങ്ങിയ ശേഷം ഉക്രെയ്‌നിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ റഷ്യ പ്രയോഗിക്കുന്ന മിസൈലുകളിലൊന്നാണിത്. ഇന്ത്യയുടെ പക്കലുള്ള എസ്.യു 30 എംകെഐ യുദ്ധ വിമാനങ്ങളില്‍ ഇത് വിന്യസിക്കാനാകും.

ഇത്തരം മിസൈലുകള്‍ ആവശ്യത്തിന് വാങ്ങുകയാണെങ്കില്‍ ഇന്ത്യന്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് രാജ്യത്ത് ഉത്പാദന യൂണിറ്റുകള്‍ സ്ഥാപിക്കാമെന്ന് 2025 ഫെബ്രുവരിയില്‍ നടന്ന എയ്‌റോ ഇന്ത്യ എക്‌സ്‌പോയില്‍ റഷ്യ ഉറപ്പ് നല്‍കിയിരുന്നു.

നിലവില്‍ ഇത്തരത്തില്‍ സ്റ്റാന്‍ഡോഫ് ക്രൂസ് മിസൈലുകള്‍ ഇന്ത്യയുടെ എസ്.യു 30 എംകെഐ വിമാനങ്ങളിലില്ല. എന്നാല്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ റഫാല്‍ വിമാനങ്ങളില്‍ സ്‌കാല്‍പ്-ഇ.ജി എന്ന സബ്സോണിക് ക്രൂസ് മിസൈലുകളുണ്ട്.

ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് മിസൈലിന് ഭാരം കൂടുതലായതിനാല്‍ ഒരു മിസൈല്‍ മാത്രമേ എസ്.യു 30 എംകെഐ വിമാനങ്ങളില്‍ ഘടിപ്പിക്കാനാകു. ഭാരം കുറഞ്ഞ ബ്രഹ്‌മോസ് എന്‍ജി വികസന ഘട്ടത്തിലാണ്. ഇത് യാഥാര്‍ഥ്യമായാല്‍ നാല് മിസൈലകള്‍ വരെ എസ്.യു 30 എംകെഐ വിമാനങ്ങളില്‍ ഘടിപ്പിക്കാനാകും.

710 കിലോഗ്രാം ഭാരമുള്ള കെ.എച്ച് 69 മിസൈലിന് 400 കിലോ മീറ്ററാണ് പ്രഹര പരിധി. 310 കിലോഗ്രാം ഭാരമുള്ള ഹൈ-എക്സ്പ്ലോസീവ് വാര്‍ഹെഡാണ് ഇതില്‍ ഉപയോഗിക്കുന്നത്. റഡാര്‍ തരംഗങ്ങളെ ആഗിരണം ചെയ്യുന്ന പ്രത്യേക തരം കോട്ടിങ് ഇതില്‍ പൂശിയിട്ടുണ്ട്.

മാത്രമല്ല ഇതിന്റെ രൂപകല്‍പ്പന റഡാര്‍ കണ്ണുകളെ വെട്ടിക്കുന്നതിന് സഹായിക്കും. റഡാര്‍ ക്രോസ് സെക്ഷന്‍ വളരെ കുറവാണെന്നതും താഴ്ന്ന് പറന്ന് പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കുമെന്നതിനാലും കെ.എച്ച് 69 മിസൈലിനെ പെട്ടെന്ന് കണ്ടെത്തി പ്രതിരോധിക്കാനാകില്ല.

ഇനേര്‍ഷ്യല്‍ നാവിഗേഷന്‍, ഉപഗ്രഹാധിഷ്ടിത ഗതിനിര്‍ണയ സംവിധാനം, ഇലക്ട്രോ-ഒപ്റ്റിക്കല്‍/ഇന്‍ഫ്രാറെഡ് സീക്കര്‍ എന്നിവ സംയോജിപ്പിച്ച ഹൈബ്രിഡ് ഗതിനിര്‍ണയ സംവിധാനമാണ് മിസൈലിനുള്ളത്. അതിനാല്‍ എതിരാളികളുടെ ദുര്‍ഘടമായ വ്യോമ മേഖലയില്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍ മിസൈലിനാകും.

200-300 യൂണിറ്റുകള്‍ വാങ്ങുകയാണെങ്കില്‍ ഇന്ത്യയില്‍ നിര്‍മിക്കാനായി പൂര്‍ണമായ ബ്ലൂ പ്രിന്റുകളും സാങ്കേതിക വിദ്യയും ടൂളുകളും പരിശീലനവും നല്‍കാന്‍ തയ്യാറാണന്നാണ് റഷ്യ അറിയിച്ചിട്ടുള്ളത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുമായി ചേര്‍ന്ന് മിസൈല്‍ നിര്‍മിക്കാനാണ് റഷ്യ താല്‍പര്യപ്പെടുന്നത്.

നിലവില്‍ ഇന്ത്യ സമാനമായ മിസൈല്‍ ആയ നിര്‍ഭയ് വികസിപ്പിക്കുന്നുണ്ട്. ഇത് പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാകുന്നത് വരെ ഇന്ത്യയ്ക്ക് റഷ്യയുടെ വാഗ്ദാനം ആകര്‍ഷകമാണ്. എന്നിരുന്നാലും റഷ്യയില്‍ നിന്നുള്ള ആയുധ ഇറക്കുമതിക്ക് യുഎസിന്റെ ഉപരോധ ഭീഷണി നേരിടേണ്ടി വരും. ഡിസംബറില്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നേക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.