ന്യൂഡല്‍ഹി: തദ്ദേശിയമായി നിര്‍മിച്ച യുദ്ധ കപ്പല്‍ 'ഐഎന്‍എസ് ഇക്ഷക്' നാളെ കമ്മീഷന്‍ ചെയ്യും. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠിയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡില്‍ നടക്കുന്ന ചടങ്ങിലാണ് യുദ്ധ കപ്പല്‍ നീറ്റിലിറക്കുക.
കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ് (ജിആര്‍എസ്ഇ) ലിമിറ്റഡിലാണ് കപ്പലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സന്ധ്യാക് ക്ലാസ് സര്‍വേ കപ്പലുകളിലെ മൂന്നാമത്തെ കപ്പലാണിത്. ഹൈഡ്രോഗ്രാഫിക് സര്‍വേകള്‍ക്കും തീരദേശ ദൗത്യങ്ങള്‍ക്കുമാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. സമുദ്ര അടിത്തട്ടിന്റെ നീരീക്ഷണം, കപ്പലുകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള റൂട്ടുകള്‍ തയ്യാറാക്കല്‍, പ്രതിരോധ ആവശ്യങ്ങള്‍ക്കായി സമുദ്ര ശാസ്ത്രപരവും ഭൂമി ശാസ്ത്രപരവുമായ ഡാറ്റ ശേഖരിക്കല്‍ എന്നിവ പ്രധാന ലക്ഷ്യമാണ്. കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിയാകാനും കപ്പലിന് സാധിക്കും.
പ്രതിരോധ മേഖലയെ ആത്മനിര്‍ഭരമാക്കാനുള്ള പ്രയാണത്തിലെ സുപ്രധാന നാഴികക്കലാണ് ഐഎന്‍എസ് ഇക്ഷക്. ഇതിന്റെ 80 ശതമാനം ഘടകങ്ങളും ഇന്ത്യയില്‍ നിന്നുളളതാണ്. വിവിധ പ്രതിരോധ സ്ഥാപനങ്ങള്‍ പദ്ധതിയുടെ ഭാഗമായി. 'ഗൈഡ്' എന്നര്‍ത്ഥം വരുന്ന സംസ്‌കൃത പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ വാക്കാണ് ഇക്ഷക്.
കൂടാതെ അത്യാധുനിക ഹൈഡ്രോ ഗ്രാഫിക് സാങ്കേതിക വിദ്യയുടെ സംയോജനം കൂടിയാണ് ഇക്ഷക്. ഉയര്‍ന്ന റെസല്യൂഷനുള്ള മള്‍ട്ടി-ബീം എക്കോ സൗണ്ടര്‍, ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍ (എയുവി), റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആര്‍ഒവി), നാല് സര്‍വേ മോട്ടോര്‍ ബോട്ടുകള്‍ (എസ്എംബി) എന്നിവ കപ്പലില്‍ ഉണ്ട്. ഹെലികോപ്ടര്‍ പറന്നുയരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വനിതാ ഓഫീസര്‍മാര്‍ക്ക് പ്രത്യേക താമസ സൗകര്യമുള്ള ആദ്യത്തെ എസ്വിഎല്‍-ക്ലാസ് സര്‍വേ കപ്പലാണ് ഐഎന്‍എസ് ഇക്ഷക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.