മെക്സികോ സിറ്റി: മെക്സിക്കോയിലെ പോപ്പോകാറ്റെപെറ്റല്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് ആകാശത്തേക്ക് വലിയ തോതില്‍ പുകയും ചാരവും ഉയര്‍ന്നതിനെത്തുടര്‍ന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം. പലായനത്തിനായി തയ്യാറെടുക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെക്‌സിക്കോ സിറ്റി വിമാനത്താവളത്തിന്റെ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു. നിരവധി മുനിസിപ്പാലിറ്റികളിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടി.
മധ്യ മെക്‌സിക്കോയില്‍ സ്ഥിതിചെയ്യുന്ന അഗ്‌നിപര്‍വ്വതം ലോകത്തിലെ ഏറ്റവും അപകടകരമായ ഒന്നാണ്. 100 കിലോമീറ്റര്‍ ചുറ്റളവിലായി ഏകദേശം 25 ദശലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്.
മധ്യ സംസ്ഥാനങ്ങളായ മൊറേലോസ്, മെക്‌സിക്കോ, പ്യൂബ്ല എന്നിവയുടെ അതിര്‍ത്തിയിലാണ് പോപ്പോകാറ്റെപെറ്റല്‍ അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്.
അഗ്‌നിപര്‍വ്വത സ്‌ഫോടന ഭീഷണിയുടെ പശ്ചാത്തലത്തില്‍ മെക്സിക്കോയുടെ ദേശീയ ദുരന്തനിവാരണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇത് അര്‍ത്ഥമാക്കുന്നത് ജാഗ്രത തുടരാനും പലായനത്തിന് തയാറാകാനുമാണ്. വലിയ അളവില്‍ ലാവ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അഗ്‌നിപര്‍വ്വതത്തോട് ചേര്‍ന്നുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്ന ഏകദേശം മൂന്നു ദശലക്ഷം ആളുകളോട് ജാഗ്രത പാലിക്കാനും പലായനത്തിന് തയ്യാറെടുക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു. വീടിനു പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അടുത്ത ഘട്ടം റെഡ് അലര്‍ട്ടാണ്. നിര്‍ബന്ധിത ഒഴിപ്പിക്കലുകള്‍ക്ക് കാരണമാകുന്ന ഘട്ടമാണിത്. ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്ന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇതിനകം നിരവധി ഷെല്‍ട്ടറുകള്‍ തുറന്നിട്ടുണ്ട്.
ചാരം വീഴുന്നതിനാല്‍ എയര്‍പോര്‍ട്ട് കൂടാതെ മേഖലയിലെ 11 ഗ്രാമങ്ങളിലെ സ്‌കൂളുകളും അടച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മെക്‌സിക്കോ സിറ്റിയില്‍ നിന്ന് ഏകദേശം 45 മൈല്‍ (72 കിലോമീറ്റര്‍) അകലെയാണ് പോപ്പോകാറ്റെപെറ്റല്‍ അഗ്‌നിപര്‍വ്വതം. 1994 മുതല്‍ ഇത് സജീവമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.