സിഡ്‌നി: കൈകളിലേന്തിയ ത്രിവര്‍ണ പതാക വീശിയും ദേശീയ പതാകയുടെ നിറമുള്ള തലപ്പാവുകളും അണിഞ്ഞ് സിഡ്‌നിയില്‍ തടിച്ചുകൂടിയ ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഓസ്ട്രേലിയയിലെത്തിയ പ്രധാനമന്ത്രിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് ഇന്ത്യന്‍ സമൂഹം സിഡ്‌നിയില്‍ നല്‍കിയത്.
സിഡ്‌നിയിലെ ഒളിംപിക് പാര്‍ക് അരീനയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനായി ഓസ്‌ട്രേലിയയിലെ വിവിധ മേഖലയില്‍ നിന്നായി നിരവധി ആളുകളാണ് സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സിഡ്‌നിയിലേക്ക് എത്തിയത്. മോഡി എയര്‍വെയ്‌സ് എന്ന പേരിട്ട ക്വാണ്ടസ് വിമാനത്തില്‍ മെല്‍ബണില്‍ നിന്ന് സിഡ്‌നിയിലെത്തിയത് 170ല്‍ അധികം ആളുകളാണ്.
നരേന്ദ്ര മോഡിയെ സ്വാഗതം ചെയ്യാന്‍ സിഡ്നിയിലെ ആകാശത്ത് ''വെല്‍കം മോഡി'' എന്നെഴുതിയ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സിഡ്നിയിലെ കമ്മ്യൂണിറ്റി പരിപാടിക്ക് മുന്നോടിയായാണ് വിമാനം കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന വെളുത്ത പുക കൊണ്ട് ആകാശത്ത് ഇങ്ങനെ എഴുതിയത്. ഇന്ത്യ-ഓസ്‌ട്രേലിയ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന ഒന്നായി പ്രധാനമന്ത്രിയുടെ ഓസീസ് സന്ദര്‍ശനം മാറിയതായാണ് വിലയിരുത്തല്‍.
ഓസ്‌ട്രേലിയയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ, അദ്ദേഹത്തിന്റെ ജനപ്രീതിയെ ഉദ്ദേശിച്ച് 'ദി ബോസ്' എന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി വിശേഷിപ്പിച്ചത്. മോഡി അസാമാന്യമായ ഊര്‍ജ്ജമുള്ളയാളെന്നും ആല്‍ബനീസി കൂട്ടിച്ചേര്‍ത്തു. ആമുഖ പ്രഭാഷണത്തിലാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി ഇന്ത്യന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചത്. തുടര്‍ന്ന് നമസ്‌തേ ഓസ്‌ട്രേലിയ എന്ന സംബോധനയോടെ പ്രസംഗം തുടങ്ങിയ ഇന്ത്യന്‍ പ്രധാനമന്ത്രി ഹിന്ദിയിലാണ് പ്രസംഗിച്ചത്. വലിയ കരഘോഷത്തോടെയാണ് ഇരു നേതാക്കളെയും ജനങ്ങള്‍ സ്വീകരിച്ചത്.
'ഒന്‍പത് വര്‍ഷത്തിനിടെ രണ്ട് തവണ ഓസ്‌ട്രേലിയ സന്ദര്‍ശിക്കാനായതില്‍ സന്തോഷമുണ്ട്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ അദ്ദേഹം ഇന്ത്യയെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവാണ്. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വളര്‍ച്ച സന്തോഷിപ്പിക്കുന്നു. ഈ ചെറിയ ഇന്ത്യയെ തിരിച്ചറിഞ്ഞതില്‍ വലിയ സന്തോഷം.
പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഇന്ത്യ - ഓസ്‌ട്രേലിയ ബന്ധത്തിന് ആധാരം. ജനാധിപത്യ ബോധവും ഇരു രാജ്യങ്ങളെയും ഒന്നിച്ച് നിര്‍ത്തുന്നു. ഭാരതത്തിന്റെ വൈവിധ്യത്തെ സ്വീകരിച്ച ഓസ്‌ട്രേലിയയുടെ ഹൃദയവിശാലതയെ പ്രകീര്‍ത്തിച്ചാല്‍ മതിയാവില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടും. ലോക രാജ്യങ്ങളെ സഹായിക്കാന്‍ ഇന്ത്യ എപ്പോഴും സന്നദ്ധമാണ്. 150 രാജ്യങ്ങള്‍ക്ക് കൊവിഡ് കാലത്ത് ഇന്ത്യ സഹായം നല്‍കി. ഡിജിറ്റല്‍ വിപ്ലവത്തില്‍ ഇന്ത്യ ലോക നേതാവായി,' - മോഡി പറഞ്ഞു.
'നമ്മുടെ ജീവിതശൈലി വ്യത്യസ്തമായിരിക്കാം, എന്നാല്‍ ഇപ്പോള്‍ യോഗ നമ്മെ ബന്ധിപ്പിക്കുന്നു. ക്രിക്കറ്റ് കാരണം ഞങ്ങള്‍ വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ടെന്നീസും സിനിമകളും നമ്മളെ കൂടുതല്‍ അടുപ്പിക്കുന്നു. ഞങ്ങള്‍ വ്യത്യസ്ത രീതികളില്‍ ഭക്ഷണം തയ്യാറാക്കുന്നവരായിരിക്കും, പക്ഷേ മാസ്റ്റര്‍ഷെഫ് ഇപ്പോള്‍ നമ്മളെ ബന്ധിപ്പിക്കുന്നു'.
ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും നയതന്ത്രബന്ധം കൊണ്ട് മാത്രം പരസ്പര വിശ്വാസവും പരസ്പര ബഹുമാനവും വികസിച്ചിട്ടില്ലെന്നും അതിന്റെ യഥാര്‍ത്ഥ കാരണം ഓസ്ട്രേലിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം സിഡ്നിയില്‍ വിമാനമിറങ്ങിയ മോഡിയെ ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മിഷണറുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ആന്റണി ആല്‍ബനീസിയുമായി നരേന്ദ്രമോഡി ഉഭയകക്ഷി ചര്‍ച്ചനടത്തും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വര്‍ധിച്ചുവരുന്ന ചൈനീസ് സാന്നിധ്യത്തില്‍ ഒരേപോലെ ആശങ്കയുള്ള ഇന്ത്യയും ഓസ്‌ട്രേലിയയും, പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചചെയ്യും.
ജി 7 ഉച്ചകോടിക്കായി ജപ്പാനിലും പിന്നാലെ പാപ്പുവ ന്യൂ ഗിനിയയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ഓസ്‌ട്രേലിയയിലെത്തിയത്. അതേസമയം നരേന്ദ്ര മോഡിയെ പ്രതിസ്ഥാനത്തുനിര്‍ത്തുന്ന ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കാന്‍ബറയിലെ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പാര്‍ലമെന്റില്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വാടകയ്ക്ക് ലഭിക്കുന്ന ഹാളിലാണ് പ്രദര്‍ശനം. ഗ്രീന്‍ പാര്‍ട്ടിയിലെ ചില സെനറ്റര്‍മാര്‍ പ്രദര്‍ശനത്തിനു ശേഷം ആളുകളെ അഭിസംബോധന ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.