2000 കിലോമീറ്റര്‍ ദൂരപരിധി, ഇസ്രായേലും ആക്രമണ പരിധിയില്‍; പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഇറാന്‍

2000 കിലോമീറ്റര്‍ ദൂരപരിധി, ഇസ്രായേലും ആക്രമണ പരിധിയില്‍; പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഇറാന്‍

ടെഹ്‌റാന്‍: ഇസ്രായേലില്‍ എവിടെയും ആക്രമണം നടത്താന്‍ ശേഷിയുള്ള പുതിയ ബാലിസ്റ്റിക് മിസൈല്‍ ഇറാന്‍ വിജയകരമായി പരീക്ഷിച്ചു. 2000 കിലോമീറ്ററോളം ദൂരപരിധിയുള്ള പുതിയ മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുണ്ട്. ഖൈബര്‍ എന്നു പേരിട്ടിരിക്കുന്ന മിസൈലിന് ഇസ്രായേലിലും ഇറാനു സമീപ മേഖലകളിലുള്ള യുഎസ് ബേസുകളിലും ആക്രമണം നടത്താനുള്ള കഴിവുണ്ടെന്ന് ഇറാന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഇതുകൂടാതെ 1,500 കിലോഗ്രാം ആയുധശേഷിയുമുണ്ട്.

ഇറാന്റെ ഖോറാംഷഹര്‍ 4 ബാലിസ്റ്റിക് മിസൈലിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഖൈബര്‍ മിസൈല്‍. ഇറാന്റെ നാളിതുവരെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ മിസൈലാണിത്. അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും എതിര്‍പ്പ് അവഗണിച്ച്, തങ്ങളുടെ മിസൈല്‍ പദ്ധതി കൂടുതല്‍ വികസിപ്പിക്കുമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി മൊഹമ്മദ്രേസ അഷ്തിയാനിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈലിന്റെ വിജയകരമായ വിക്ഷേപണം കാണിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

അപാരമായ കൃത്യതയുള്ള മിസൈലിന് ഏതു മിസൈല്‍ കവച സംവിധാനങ്ങളെയും കീഴടക്കാനുള്ള ശേഷിയുണ്ടെന്നാണ് ഇറാന്റെ അവകാശവാദം. ഈ മിസൈലിന്റെ പ്രധാന സവിശേഷതകളിലൊന്ന് റഡാറുകളുടെ കണ്ണുവെട്ടിക്കാനും ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളിലേക്കു തുളച്ചുകയറാനുമുള്ള കഴിവാണെന്നു പ്രതിരോധ മന്ത്രി പറഞ്ഞു.

വ്യത്യസ്ത ദൗത്യങ്ങള്‍ക്കായി വിവിധ പോര്‍മുനകള്‍ ഉപയോഗിക്കാനുള്ള ശേഷി ഈ മിസൈലിനുണ്ട്. ഏഴാം നൂറ്റാണ്ടില്‍ മുസ്ലിംകള്‍ കീഴടക്കിയ മദീനയിലെ ജൂത കോട്ടയുടെ പേരിലാണ് ഈ മിസൈലിനെ ഖൈബര്‍ എന്നും വിളിക്കുന്നത്.

അതിര്‍ത്തിയോ നയതന്ത്ര മേഖലകളോ പങ്കിടുന്നില്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ കലുഷിതമാണിന്ന്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.