'വാങ്ങിയതിന്റെ പങ്ക് മേലുദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്'; കൈക്കൂലിക്കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌കുമാര്‍

'വാങ്ങിയതിന്റെ പങ്ക് മേലുദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്'; കൈക്കൂലിക്കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌കുമാര്‍

പാലക്കാട്: കൈക്കൂലി വാങ്ങിയതിന്റെ പങ്ക് മേലുദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ടെന്ന് അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌കുമാറിന്റെ മൊഴി. സംഭവത്തില്‍ മറ്റുള്ളവര്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമാകാനായി പാലക്കയം വില്ലേജ് ഓഫീസിലെ മറ്റ് ജീവനക്കാരെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമായിരുന്നു പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌കുമാര്‍ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത്.

ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ ഒരുകോടിയോളം രൂപ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ മേലുദ്യോഗസ്ഥരുടെ അറിവോടെയാണ് കൈക്കൂലി വാങ്ങിയതെന്നും അവര്‍ക്കും പങ്ക് നല്‍കിയെന്നും സുരേഷ് കുമാര്‍ പറഞ്ഞു. അതേസമയം മേലുദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തിയില്ല എന്നാണ് വിവരം. ഏതാനും വര്‍ഷങ്ങളായി താമസിക്കുന്ന ലോഡ്ജ് മുറിയില്‍ നിന്നും കണ്ടെത്തിയ പണം താന്‍ കൈക്കൂലിയായി കൈപ്പറ്റിയതാണെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

വിജിലന്‍സ് കോടതി സുരേഷ് കുമാറിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ അനധികൃത സ്വത്ത് എങ്ങനെ സമ്പാദിച്ചെന്ന് വിജിലന്‍സ് അന്വേഷിക്കും. മന്ത്രിയുടെ അദാലത്തിനിടെ 2500രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് കൈക്കൂലി വാങ്ങിയ പണവും മറ്റ് വസ്തുക്കളും താമസിച്ചിരുന്ന മുറിയില്‍ നിന്നും കണ്ടെടുത്തത്. കൈക്കൂലി കണക്കു പറഞ്ഞായിരുന്നു ഇയാള്‍ വാങ്ങിയിരുന്നതെന്നും പണം നല്‍കാത്തവരെ മാസങ്ങളോളം നടത്തിച്ചിരുന്നതായുമാണ് നാട്ടുകാര്‍ പറയുന്നത്.

തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാര്‍ പാലക്കയം വില്ലേജ് ഓഫീസില്‍ എത്തുന്നത് മൂന്ന് വര്‍ഷം മുമ്പാണ്. 500 മുതല്‍ 10,000 രൂപ വരെയാണ് ഇയാള്‍ അപേക്ഷകരില്‍ നിന്നും കൈക്കൂലി കൈപറ്റിയത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധ സമരം വരെ നടത്തിയിരുന്നു. കൈക്കൂലിയായി എന്തു കിട്ടിയാലും സുരേഷ് കുമാര്‍ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.