മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു: അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്ന് സമാധാന ചര്‍ച്ച; പ്രതിപക്ഷം രാഷ്ട്രപതിയെ കാണും

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു: അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്ന് സമാധാന ചര്‍ച്ച; പ്രതിപക്ഷം രാഷ്ട്രപതിയെ കാണും

ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്ന് സമാധാന ചര്‍ച്ച. പുതിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇംഫാലില്‍ ഉള്‍പ്പെടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിക്ക് നിവേദനം നല്‍കും.

ഇന്നലെ രാത്രി ഇംഫാലില്‍ എത്തിയ അമിത് ഷാ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് ചില അക്രമ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. വിവിധ ജന വിഭാഗങ്ങളുമായി അമിത് ഷാ സംസാരിക്കും.

സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ കലാപത്തിന് ഇടയാക്കുന്നു എന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തല്‍. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്നലെ വിവിധ ഇടങ്ങളില്‍ നിന്നായി വന്‍ ആയുധ ശേഖരം പിടികൂടിയിട്ടുണ്ട്. ന്യൂചേക്കോണ്‍, ഇംഫാല്‍ ഈസ്റ്റ് എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്. ഒരു മാസമായി തുടരുന്ന മണിപ്പൂര്‍ കലാപത്തില്‍ ഇതുവരെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.