എയര്‍ ന്യൂസിലന്‍ഡ് ലഗേജുകള്‍ക്കൊപ്പം യാത്രക്കാരുടെ ഭാരവും പരിശോധിക്കുന്നു

എയര്‍ ന്യൂസിലന്‍ഡ് ലഗേജുകള്‍ക്കൊപ്പം യാത്രക്കാരുടെ ഭാരവും പരിശോധിക്കുന്നു

ഓക്‌ലന്‍ഡ്: വിമാനത്തില്‍ കയറുന്നതിന് മുന്‍പ് യാത്രക്കാരുടെ ഭാര പരിശോധന നടത്താന്‍ എയര്‍ ന്യൂസിലന്‍ഡ്. ടേക്ക് ഓഫീന് മുന്‍പ് പൈലറ്റുമാര്‍ക്ക് വിമാനത്തിന്റെ ഭാരവും ബാലന്‍സും കൃത്യമായി മനസിലാക്കാനാണ് പുതിയ നടപടി എന്നാണ് വിശീദകരണം. ശരാശരി യാത്രക്കാരുടെ ഭാരം നിര്‍ണയിക്കുന്നതിനുള്ള ഒരു സര്‍വേയുടെ ഭാഗമായാണ് എയര്‍ ന്യൂസിലന്‍ഡ് അന്താരാഷ്ട്ര വിമാനങ്ങളിലെ യാത്രക്കാരുടെ ഭാരം പരിശോധിക്കുന്നത്.

ഓക്ലന്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര വിമാനങ്ങളിലെ യാത്രക്കാരുടെ ഭാരം അളക്കല്‍ ഈ ആഴ്ച്ച ആരംഭിച്ചു. ജൂലൈ രണ്ടു വരെയാണ് ഈ ഉദ്യമമെന്ന് എയര്‍ ന്യൂസിലന്‍ഡിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍വേയ്ക്കായി എയര്‍പോര്‍ട്ടിലെ ഗേറ്റ് ലോഞ്ചുകളില്‍ രണ്ട് സ്‌കെയിലുകള്‍ സ്ഥാപിക്കും.

സ്‌കെയിലിയില്‍ കയറി അളവ് നോക്കിയിട്ട് വേണം അകത്തേക്ക് പ്രവേശിക്കാന്‍. എന്നാല്‍ ഭാരം ഡിസ്പ്ലേയില്‍ കാണിക്കില്ല. എയര്‍ലൈന്‍ ക്രൂ അംഗങ്ങള്‍ക്ക് പോലും ഈ വിവരങ്ങള്‍ ലഭ്യമാകില്ല.

'വിമാനത്തില്‍ കൊണ്ടുപോകുന്ന എല്ലാ കാര്യങ്ങളും ഞങ്ങള്‍ തൂക്കിനോക്കും - കാര്‍ഗോ മുതല്‍ വിമാനത്തിലെ ഭക്ഷണം വരെ. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ക്യാബിന്‍ ബാഗുകള്‍ക്കുമായി ശരാശരി ഭാരമാണ് കണക്കാക്കുന്നത്. അതാണ് ഈ സര്‍വേയില്‍ നിന്ന് ലഭിക്കുന്നത്' - എയര്‍ലൈനിന്റെ ലോഡ് കണ്‍ട്രോള്‍ ഇംപ്രൂവ്മെന്റ് സ്പെഷ്യലിസ്റ്റ് അലസ്റ്റര്‍ ജെയിംസ് പ്രസ്താവനയില്‍ പറഞ്ഞു.

നിലവില്‍ ആവറേജ് ഭാരം കണക്കാക്കിയാണ് ലഗേജുകളും മറ്റും വിമാനത്തില്‍ കയറ്റുന്നത്. പുതിയ മാര്‍ഗത്തിലൂടെ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാമെന്നാണ് എയര്‍ലൈന്‍ വാദിക്കുന്നത്. ലഗേജ് ഉള്‍പ്പെടെ 13 വയസിന് മുകളില്‍ പ്രായമുള്ള ആളുകളുടെ സ്റ്റാന്‍ഡേര്‍ഡ് വെയ്റ്റ് 86 കിലോയാണ് നിശ്ചയിച്ചിരിക്കുന്നത്. യാത്രക്കാരുടെ ശരാശരി ഭാരം അറിയുന്നത് ഭാവിയില്‍ ഇന്ധനക്ഷമത മെച്ചപ്പെടുത്തുമെന്ന് എയര്‍ ന്യൂസിലന്‍ഡ് അധികൃതര്‍ പറഞ്ഞു.

ന്യൂസിലന്‍ഡിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ (സിഎഎ) ആവശ്യ പ്രകാരമാണ് എയര്‍ ന്യൂസിലന്‍ഡ് സര്‍വേ ആരംഭിച്ചത്. അതേസമയം, ആളുകളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ പരസ്യമാക്കില്ല. സര്‍വേ ഫലപ്രദമാകണമെങ്കില്‍ അടുത്ത അഞ്ചാഴ്ചയ്ക്കുള്ളില്‍ 10,000 യാത്രക്കാരെങ്കിലും ഭാര പരിശോധനയില്‍ സ്വമേധയാ പങ്കെടുക്കേണ്ടതുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.