പരിക്കേറ്റവരില്‍ നാല് തൃശൂര്‍ സ്വദേശികളും; ബോഗികളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക: സമീപകാലത്തെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തം

പരിക്കേറ്റവരില്‍ നാല് തൃശൂര്‍ സ്വദേശികളും; ബോഗികളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക: സമീപകാലത്തെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തം

തൃശൂര്‍/ന്യൂഡല്‍ഹി: ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ തൃശൂര്‍ സ്വദേശികളായ നാല് പേര്‍ക്ക് പരിക്കേറ്റു. അന്തിക്കാട് കണ്ടശാംകടവ് സ്വദേശികളായ രഘു, കിരണ്‍, വൈശാഖ്, ലിജീഷ് എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്. ഒരാളുടെ പല്ലുകള്‍ തകര്‍ന്നു, മറ്റൊരാള്‍ക്ക് കൈയ്ക്കും പരിക്കുണ്ട്.

അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള വീട്ടുകാരുടെ സഹായത്തോടെ ഇവര്‍ നാട്ടിലെ കരാറുകാരനുമായി ബന്ധപ്പെട്ടു. കൊല്‍ക്കത്തയില്‍ ഒരു ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട് ടൈല്‍സ് ജോലികള്‍ക്ക് പോയി മടങ്ങുമ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന നാലുപേര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയിരുന്നു.

ബോഗികളില്‍ ഇപ്പോഴും യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയില്‍വേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനു രംഗത്തുണ്ട്. ഒഡീഷയില്‍ ശനിയാഴ്ച ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ് വെള്ളിയാഴ്ച ഒഡിഷയില്‍ സംഭവിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ പുലര്‍ച്ചെ 3.27 ന് മാര്‍വാര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് സൂര്യനാഗ്രി എക്‌സ്പ്രസ് അഞ്ച് മിനിറ്റിന് ശേഷം പാളം തെറ്റി 10 പേര്‍ക്ക് പരിക്കേറ്റു. ആര്‍ക്കും മരണം സംഭവിച്ചില്ല.

ഏപ്രില്‍ മൂന്നിന് കോഴിക്കോട് എലത്തൂരില്‍ കണ്ണൂരിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനില്‍ ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി തീയിട്ടതിനെ തുടര്‍ന്ന് എട്ട് യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. രണ്ട് വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് പേരെ പിന്നീട് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മെയ് 15ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെന്നൈ-ബാംഗ്ലൂര്‍ ഡബിള്‍ ഡെക്കര്‍ എക്സ്പ്രസിന്റെ ഒരു കോച്ച് ബിസ്നട്ടം സ്റ്റേഷന് സമീപം രാവിലെ 11.30 ഓടെ പാളം തെറ്റി. അപകടത്തില്‍ പരിക്കുകളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിന് ശേഷമാണ് ഇന്നലെയുണ്ടായ വലിയ ട്രയിന്‍ അപകടം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.