ഓസ്‌ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് ഒരുക്കിയ സ്വീകരണത്തില്‍നിന്ന്
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് പ്രൗഢഗംഭീരമായ സ്വീകരണം. നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായ മാറ്റ് ഫ്രെഗന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ചേര്‍ന്നാണ് പൗരസ്ത്യ സഭയുടെ ആത്മീയ അധ്യക്ഷന് സ്വീകരണം ഒരുക്കിയത്. ഓസ്‌ട്രേലിയയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിക്കുന്ന സിറോ മലബാര്‍ വിശ്വാസികളോടുള്ള സംസ്ഥാനത്തിന്റെ ആദരവും പ്രതിബദ്ധതയും പ്രകടമാക്കുന്നതായിരുന്നു ചടങ്ങ്.
പ്രമുഖ രാഷ്ട്രീയ നേതാവും സൗത്ത് ഈസ്റ്റേണ്‍ മെട്രോപൊളിറ്റന്‍ റീജിയണ്‍ എംപിയുമായ ലീ ടാര്‍ലാമിസ് ഒഎഎം, ക്രാന്‍ബോണ്‍ അംഗം പോളിന്‍ റിച്ചാര്‍ഡ്സ് എം.പി, സ്പീക്കര്‍ എഡ്വേര്‍ഡ്സ്, ക്ലാരിന്‍ഡ അംഗമായ മെങ് ഹെയാങ് തക് എം.പി എന്നിവര്‍ ചേര്‍ന്ന് കര്‍ദിനാളിന് ആശംസകള്‍ അറിയിച്ചു.
വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള പാര്‍ലമെന്റിന്റെ പ്രതിബദ്ധത അടിവരയിടുന്നതായിരുന്നു സ്വീകരണച്ചടങ്ങെന്ന് നന്ദി പ്രകാശിപ്പിക്കവേ കര്‍ദിനാള്‍ ആലഞ്ചേരി അഭിപ്രായപ്പെട്ടു. കുടിയേറ്റ സമൂഹങ്ങളുടെ സംഭാവനകളോടുള്ള വിക്ടോറിയ സംസ്ഥാനത്തിന്റെ ആദരവിന്റെ തെളിവായി സ്വീകരണത്തെ പിതാവ് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
കുടിയേറ്റക്കാര്‍ പ്രത്യേകിച്ച് മലയാളി സമൂഹം നല്‍കിയ സംഭാവനകളെയും സാംസ്‌കാരിക സമ്പന്നതയെയും അംഗീകരിക്കാനും വിലമതിക്കാനുമുള്ള വിക്ടോറിയയുടെ വിശാലമായ പൈതൃകത്തെ കര്‍ദിനാള്‍ അഭിനന്ദിച്ചു.
മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ പുതിയ മെത്രാന്‍ ബിഷപ്പ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍, വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി, ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, ഫാ. സിജീഷ് പുല്ലങ്കുന്നേല്‍, ഫാ. എബ്രഹാം കഴുന്നടിയില്‍, ഡോ. മൈക്കിള്‍ മഞ്ഞള്ളൂര്‍, ജോര്‍ജി എ അഗസ്റ്റിന്‍ എന്നിവര്‍ കര്‍ദിനാള്‍ ആലഞ്ചേരിക്കൊപ്പം ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26