ഒഡീഷ ട്രെയിൻ ദുരന്തം: മലയാളികളടക്കം രക്ഷപ്പെട്ട 250 പേരുമായി പ്രത്യേക ട്രെയിൻ ചെന്നൈയിലെത്തി

ഒഡീഷ ട്രെയിൻ ദുരന്തം: മലയാളികളടക്കം രക്ഷപ്പെട്ട 250 പേരുമായി പ്രത്യേക ട്രെയിൻ ചെന്നൈയിലെത്തി

ചെന്നൈ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ രക്ഷപ്പെട്ട മലയാളികളടക്കം 250 പേരടങ്ങുന്ന സംഘവുമായി പ്രത്യേക ട്രെയിൻ ചെന്നൈയിലെത്തി. ഇന്ന് പുലർച്ചെ 4.40 നാണ് സംഘം ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയത്. 

കോറമണ്ഡൽ എക്‌സ്പ്രസിലെ യാത്രക്കാരാണ് ഒഡിഷയിലെ ഭദ്രക്കിൽ നിന്നും പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിയത്. ഭുവനേശ്വറിൽനിന്ന് ശനിയാഴ്ച രാവിലെ 8.40 നാണ് ട്രെയിൻ പുറപ്പെട്ടത്.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയ സംഘത്തിൽ പത്ത് മലയാളികളുണ്ടെന്നാണ് വിവരം. ഇവരിൽ ഒരാൾക്ക് ​ഗുരുതരമല്ലാത്ത പരിക്കുണ്ട്. ഇദ്ദേഹത്തെ രാജിവ് ​ഗാന്ധി ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ ഇന്ന് തന്നെ നോർക്കയുടെ സഹായത്തോടെ നാട്ടിലെത്തിക്കുമെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം.

തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെയും ദക്ഷിണ റെയിൽവേയുടേയും നേതൃത്വത്തിൽ യാത്രക്കാർക്കായുള്ള മെഡിക്കൽ സംവിധാനങ്ങളെല്ലാം ചെന്നൈ സെൻട്രലിൽ ഒരുക്കിയിട്ടുണ്ട്. പ്രാഥമിക ചികിത്സ ആവശ്യമായവർക്ക് സ്റ്റേഷനിൽ വച്ചും തുടർന്ന് ആവശ്യമാണെങ്കിൽ ആശുപത്രികളിലേക്ക് മാറ്റാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കായി ചെന്നൈ സെൻട്രലിൽനിന്ന് ഒഡിഷയിലെ ഭദ്രകിലേക്കും ശനിയാഴ്ച പ്രത്യേക തീവണ്ടി ഏർപ്പെടുത്തിയിരുന്നു.

ഭുവനേശ്വറിൽ നിന്ന് ചെന്നൈയിലേക്ക് വരുന്നവർക്കും ചെന്നൈയിൽ നിന്ന് ഒഡിഷയിലേക്ക് പോകുന്ന അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്കും സൗജന്യ യാത്രയാണ് അനുവദിച്ചത്.

അപകടത്തിൽ ജീവൻ നഷ്ടമായവരുടെ 160 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഭുവനേശ്വറിലേക്ക് മാറ്റും. ബന്ധുക്കളെ ഭുവനേശ്വറിൽ എത്തിച്ച് തിരിച്ചറിയാൻ സൗകര്യമൊരുക്കും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.