കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില; 10 ദിവസത്തിനിടെ കൂടിയത് 75 രൂപ: ലക്ഷ്യം കാണാതെ കെ ചിക്കൻ പദ്ധതി

കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില; 10 ദിവസത്തിനിടെ കൂടിയത് 75 രൂപ: ലക്ഷ്യം കാണാതെ കെ ചിക്കൻ പദ്ധതി

കൊച്ചി: സസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. 10 ദിവസം കൊണ്ട് കിലോയ്ക്ക് 70 മുതൽ 75 രൂപ വരെയാണ് വില ഉയർന്നത്. നിലവിൽ 250 രൂപയാണ് ഒരു കിലോ ഇറച്ചിക്കോഴിയുടെ വില. ഇതോടെ പല ഹോട്ടലുകളിലും ചിക്കൻ വിഭവങ്ങൾക്ക് വില വർധിച്ചു തുടങ്ങി. 

വിഭവങ്ങൾ അനുസരിച്ച് വില 10 മുതൽ 30 രൂപയോളമാണ് കൂടിയത്. ഹോട്ടൽ മെനുവിലെ പ്രധാന ചിക്കൻ വിഭവങ്ങളായ ബിരിയാണി, കറികൾ, അൽഫാം തുടങ്ങി ഷവർമയ്ക്കടക്കം വില കൂടിത്തുടങ്ങി. അതേസമയം കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനിൽ (കെഎച്ച്ആർഎ) അംഗങ്ങളായ ഹോട്ടലുകൾ തത്കാലം വില വർധിപ്പിക്കുന്നില്ലെന്ന തീരുമാനത്തിലാണ്.

നോൺ വെജ് ഹോട്ടലുകളിൽ കൂടുതലും ചിക്കൻ വിഭവങ്ങൾക്കാണ് ആവശ്യം. അതുകൊണ്ട് ദിവസം ശരാശരി 40 കിലോ ചിക്കൻ ഉപയോഗിക്കുന്ന ഹോട്ടലുകൾക്ക് 3,000 രൂപ അധികം നൽകേണ്ട അവസ്ഥയാണ്. കൂടുതൽ ചിക്കൻ ഉപയോഗിക്കുന്ന കടകളിൽ ബാധ്യത അതിനനുസരിച്ച് കൂടും.

പൊതു വിപണിയെക്കാൾ കുറഞ്ഞ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘കേരള ചിക്കൻ’ പദ്ധതി ലക്ഷ്യം കണ്ടില്ല. കുടുംബശ്രീ, കെപ്‌കോ, ബ്രഹ്മഗിരി മാംസ സംസ്കരണ ഫാക്ടറി, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ എന്നിവരായിരുന്നു നോഡൽ ഏജൻസികൾ. ഇതിൽ ബ്രഹ്മഗിരി പിന്മാറി. 

പദ്ധതി ഫലം കാണാത്തതിനാൽ തമിഴ്‌നാടിന്റെ കൈയിലാണ് കേരളത്തിലെ ചിക്കൻ വിപണി. കേരളത്തിൽ ചിക്കൻ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാകണമെന്നാണ് കെഎച്ച്ആർഎയുടെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.