അമേരിക്കയിൽ നടന്ന ഏറ്റവും പുതിയ ദിവ്യകാരുണ്യ അത്ഭുതത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു

അമേരിക്കയിൽ നടന്ന ഏറ്റവും പുതിയ ദിവ്യകാരുണ്യ അത്ഭുതത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു

ന്യൂയോർക്ക്: ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള അത്ഭുതം നടന്ന ന്യൂയോർക്ക് കണക്റ്റികെട്ടിലെ തോമസ്റ്റണിലെ സെന്റ് തോമസ് ദേവാലയത്തിലേക്ക് വിശ്വാസികൾ ഒഴുകി എത്തുകയാണ്. മാർച്ച് അഞ്ച് ഞായറാഴ്ച വിശുദ്ധ കുർബാന മധ്യേ ആണ് ദിവ്യകാരുണ്യ അത്ഭുതം സംഭവിച്ചത്. വിശുദ്ധ കുർബാന സ്വീകരിക്കുവാനെത്തിയ എല്ലാ വിശ്വാസികൾക്കും നൽകുവാൻ മതിയായ തിരുവോസ്തി സിബോറിയത്തിൽ ഇല്ലെന്ന് പുരോഹിതൻ മനസ്സിലാക്കി. വിശ്വാസികളുടെ എണ്ണത്തിൽ അസാധാരണ വർധന ഉണ്ടായപ്പോൾ സിബോറിയം ഏതാണ്ട് ശൂന്യമായിരുന്നു, എന്നാൽ നിമിഷങ്ങൾക്കുള്ളിൽ വീണ്ടും തിരുവോസ്തി നിറഞ്ഞിരിക്കുന്നുവെന്ന് പുരോഹിതൻ കണ്ടെത്തി. അസാധാരണമായ ഈ സംഭവം പള്ളിയിൽ കൂടിയിരുന്ന വിശ്വാസികളോട് പുരോഹിതൻ വെളിപ്പെടുത്തുകയും ചെയ്തു.

പ്രകടമായ ഈ അത്ഭുത സംഭവത്തിന്റെ തുടർന്നുള്ള നടപടികൾക്കായി കണക്റ്റിക്കട്ട് ആർച്ച് ബിഷപ്പ് ലിയോണാർഡ് ബ്ലയർ കത്തോലിക്കാ സഭയെക്കുറിച്ചും കാനോൻ നിയമങ്ങളെക്കുറിച്ചും അറിവുള്ള പരിചയ സമ്പന്നനായ ഒരു പുരോഹിതനെ സെന്റ് തോമസ് ദേവാലയത്തിലേക്ക് അന്വേഷണത്തിനായി അയച്ചു. എന്താണ് സംഭവിച്ചത്? ഏതു സാഹചര്യത്തിൽ? ആരിലൂടെ? എന്നിവ പരിശോധിക്കപ്പെടുന്ന നടപടി ക്രമത്തിൽ ഉൾപ്പെടും. സഭയുടെ അന്വേഷണത്തിൽ തിരുവോസ്തിയുടെ ശാസ്ത്രീയവും, ഫോറൻസിക് വിശകലനവും ഉൾപ്പെടുമെന്ന് ആർച്ച് ബിഷപ്പ് ലിയോനോർഡ് ബ്ലയർ പറഞ്ഞു.

കഴിഞ്ഞ 23 വർഷത്തിനിടക്ക് ഇതുവരെ കത്തോലിക്കാസഭ അംഗീകരിച്ച നാല് ദിവ്യകാരുണ്യ അത്ഭുതങ്ങൾ മാത്രമെ ഉണ്ടായിട്ടുള്ളൂ. 2013ൽ പോളണ്ടിൽ തറയിൽ വീണ തിരുവോസ്തി(COMMUNION HOST) അലിയിക്കാൻ വെള്ളത്തിൽ ഇട്ടതാണ് ഏറ്റവും പുതിയത്. ഇത് ചുവന്ന പാടുകളുള്ള വരകളായി മാറി. അത് പരിശോധിച്ചപ്പോൾ ഹൃദയ പേശികളുടെ ശകലങ്ങൾ അടങ്ങിയതായി കണ്ടെത്തിയത് രേഖപ്പെടുത്തിയിട്ടുണ്ട്.

തോമസ്റ്റണിലെ ദിവ്യകാരുണ്യ അത്ഭുതത്തിന്റെ സാധ്യത അവലോകനം ചെയ്യപ്പെടുന്നുണ്ടെന്ന് മാർച്ച് 28 ന് ഹാർട്ട്ഫോർഡ് അതിരൂപത പ്രസ്താവനയിലൂടെ അറിയിച്ചു. അത്ഭുതങ്ങൾ സംഭവിക്കുമെന്ന് വിശ്വാസികളായ തങ്ങൾക്കറിയാം. അത്ഭുതങ്ങൾ നമ്മെ വിശ്വാസത്തിലേക്ക് വിളിക്കുന്ന ദൈവിക അടയാളങ്ങളാണ്.

റോമൻ കത്തോലിക്കർ അനുദിനം ഈ അത്ഭുതം അനുഭവിക്കുന്നു. ഓരോ തവണയും കുർബാനയിലൂടെ അപ്പം ക്രിസ്തുവിന്റെ ശരീരമായും വീഞ്ഞ് രക്തമായും മാറുന്നു. നൂറ്റാണ്ടുകളായി ഈ ദൈനംദിന അത്ഭുതം ചിലപ്പോൾ സ്വർഗത്തിൽ നിന്നുള്ള അസാധാരണമായ അടയാളങ്ങളാൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അത്തരം അടയാളങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ജാഗ്രതയോടെ അന്വേഷിക്കാൻ സഭ എപ്പോഴും ശ്രദ്ധാലുവാണ്. കാരണം അടിസ്ഥാനരഹിതമെന്ന് തെളിയിക്കുന്ന ഒന്നിന് വിശ്വാസ്യത നൽകപ്പെടുമെന്നും പ്രസ്താവനയിൽ പറയുന്നു.

ദിവ്യ കാരുണ്യ അത്ഭുതങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ദിവ്യകാരുണ്യ അത്ഭുതങ്ങൾ വളരെ വിരളമാണ്. CarloAcutis.com എന്ന വെബ്‌സൈറ്റ് പേജ് പ്രകാരം ദിവ്യകാരുണ്യ അത്ഭുതങ്ങൾ സഭാ ചരിത്രത്തിൽ 139 എണ്ണം ഉണ്ടായിട്ടുണ്ട്. ശാസ്ത്രീയമായി അന്വേഷണം നടത്തിയിട്ടുള്ളത് ചുരുക്കം ചിലത് മാത്രമാണ്. കഴിഞ്ഞ 50 വർഷത്തിനുള്ളിൽ ഒരു ദിവ്യകാരുണ്യ അത്ഭുതം മാത്രമാണ് സംഭവിച്ചതെന്ന് മനസിലാക്കുമ്പോൾ കത്തോലിക്കാ സഭ കൂടുതൽ നിലവാരമുള്ള അന്വേഷണ പ്രക്രിയയാണ് പിന്തുടരുന്നതെന്ന് അറിയാൻ സാധിക്കും

അത്ഭുതത്തെക്കുറിച്ചുള്ള റിപ്പോർട്ട് അയക്കുമ്പോൾ നടന്ന കാര്യങ്ങളിൽ പൂർണ്ണമായ ഉറപ്പുണ്ടായിരിക്കണം. അസാധാരണമായ എന്തെങ്കിലും സംഭവിച്ചുവെന്ന് ബിഷപ്പോ ആർച്ച് ബിഷപ്പോ സാക്ഷ്യപ്പെടുത്തണം. അത്ഭുതത്തെക്കുറിച്ച് പഠിക്കാൻ ബിഷപ്പ്, ശാസ്ത്രഞ്ജൻ, വിശ്വസനീയമായ വിദഗ്ധർ എന്നിവരടങ്ങിയ ഒരു ശാസ്ത്രീയ പാനൽ വിളിച്ചു കൂട്ടും. ശാസ്ത്രീയ പരിശോധനകൾ എല്ലാവരും ഒരുമിച്ചായിരിക്കണം നടത്തേണ്ടത്. എല്ലാവരും ഒരേ നിഗമനത്തിലെത്തുന്ന ഫലങ്ങൾ വിശകലനം ചെയ്യണം. പരീക്ഷണത്തിൽ ക്രിത്രിമ വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് ശാസ്ത്രീയ പാനൽ ഏകകണ്ഠമായി അം​ഗീകരിക്കണം.

പരിശുദ്ധ കുർബാന വെള്ളമുള്ള ഒരു പാത്രത്തിൽ വയ്ക്കും. അത് അത്ഭുതകരമാണെങ്കിൽ അലിഞ്ഞു പോകില്ല. സാധാരണ സാഹചര്യങ്ങളിൽ അത് രണ്ട് ദിവസത്തിനുള്ളിൽ അലിഞ്ഞുപോകുമെന്ന് മാജിസ് സെന്ററിന്റെയും സ്പിറ്റ്സർ സെന്റർ ഫോർ വിഷനറി ലീഡർഷിപ്പിന്റെയും പ്രസിഡന്റായ ജെസ്യൂട്ട് ഫാദർ റോബർട്ട് സ്പിറ്റ്സർ പറഞ്ഞു.

കുർബാന അത്ഭുതങ്ങളുടെ കാര്യം വരുമ്പോൾ അവയിൽ ഭൂരിഭാഗവും മാംസമായി മാറിയ അല്ലെങ്കിൽ അവയിൽ രക്തം ഉള്ളതായി തോന്നുന്ന നി​ഗമനങ്ങളുമായി ബന്ധപ്പെട്ടിരിക്കുമെന്ന് ബിഷപ്പ് ബോണിസി അഭിപ്രായപ്പെട്ടു. ഹാർട്ട്ഫോർഡിന്റെ കാര്യത്തിൽ വീഡിയോ തെളിവുകളുണ്ട്, അതിനാൽ ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിയും. പ്രത്യേക യൂക്കറിസ്റ്റിക് സിബോറിയം എപ്പോഴെങ്കിലും കൈ മാറിയിട്ടുണ്ടോ എന്ന് അവർക്ക് അതിലൂടെ മനസിലാക്കാൻ സാധിക്കും.

പ്രസക്തമായ എല്ലാ ഭൗതിക തെളിവുകളും വിശകലനം ചെയ്യുന്നതോടൊപ്പം, പുരോഹിതന്മാർ, ദിവ്യകാരുണ്യ ശുശ്രൂഷകർ, ഇടവകക്കാർ തുടങ്ങിയ സാക്ഷികളുമായി അഭിമുഖം നടത്തും. യൂക്കറിസ്റ്റിക് ഹോസ്റ്റിലേക്ക് മറ്റൊന്നും ചേർത്തിട്ടില്ലെന്ന് മനസിലായാൽ എല്ലാ തെളിവുകളും ശേഖരിച്ച് പരിശോധിച്ച ശേഷം, ശാസ്ത്ര സംഘത്തിന്റെ തലവൻ റിപ്പോർട്ട് സമർപ്പിക്കും. സംഭവിച്ചത് ശാസ്ത്രീയമായി വിശദീകരിക്കാനാകാത്തതാണെന്നാണ് അന്തിമ നിഗമനമെങ്കിൽ ടീമിലെ എല്ലാവരും അത് സമ്മതിക്കണം. ആത്യന്തികമായി, തീരുമാനമെടുക്കേണ്ടത് ബിഷപ്പാണ്. ചിലപ്പോൾ വത്തിക്കാനുമായി കൂടിയാലോചിക്കും, പക്ഷേ അന്തിമ തീരുമാനം ബിഷപ്പിന്റേതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.