സി.എന്‍.എന്‍ സര്‍വേ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പത്ത് വര്‍ഷത്തിനുള്ളില്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുമെന്ന് ബിസിനസ് തലവന്മാര്‍

സി.എന്‍.എന്‍ സര്‍വേ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പത്ത് വര്‍ഷത്തിനുള്ളില്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുമെന്ന് ബിസിനസ് തലവന്മാര്‍

കാലിഫോര്‍ണിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) വളരെ വിദൂരമല്ലാത്ത ഭാവിയില്‍ മനുഷ്യരാശിക്ക് വലിയ ഭീഷണി ഉയര്‍ത്തുമെന്ന ആശങ്ക പ്രകടിപ്പിച്ച് ലോകത്തെ ബിസിനസ് തലവന്മാര്‍. അമേരിക്കയിലെ യേല്‍ സര്‍വകലാശാല നടത്തിയ സിഇഒ ഉച്ചകോടിയില്‍ പങ്കെടുത്തവരാണ് തങ്ങളുടെ ആശങ്ക രാജ്യാന്തര മാധ്യമമായ സി.എന്‍.എന്നുമായി പങ്കുവച്ചത്. സി.എന്‍.എന്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത സി.ഇഒമാരില്‍ 42 ശതമാനം പേര്‍ പറഞ്ഞത്, അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്താന്‍ എ.ഐക്ക് കഴിവുണ്ടെന്നാണ്.

സര്‍വേയുടെ ഫലം ആശങ്കപ്പെടുത്തുന്നതാണെന്ന് യേല്‍ പ്രൊഫസര്‍ ജെഫ്രി സോനെന്‍ഫെല്‍ഡ് പറഞ്ഞു. എ.ഐ തുറക്കുന്ന അവസരങ്ങളും അപകടസാധ്യതകളും സംബന്ധിച്ചായിരുന്നു സി.എന്‍.എന്നിന്റെ സര്‍വേ.

വാള്‍മാര്‍ട്ട് സിഇഒ ഡഗ് മക്മില്യണ്‍, കൊക്കകോള സിഇഒ ജെയിംസ് ക്വിന്‍സി, സെറോക്‌സ്, സൂം തുടങ്ങിയ ഐടി കമ്പനികളുടെ തലവന്മാര്‍, ഫാര്‍മസ്യൂട്ടിക്കല്‍, മീഡിയ, മാനുഫാക്ചറിംഗ് സിഇഒമാര്‍ എന്നിവര്‍ ഉള്‍പ്പെടെ ലോകത്തെ വമ്പന്‍ ബിസിനസ് മാഗ്‌നറ്റുകളായ 119 സിഇഒമാരില്‍ നിന്നുള്ള പ്രതികരണങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പത്ത് വര്‍ഷത്തിനുള്ളില്‍ എ.ഐ മനുഷ്യരാശിയുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് 34% സിഇഒമാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കുമെന്ന് എട്ടു ശതമാനം പേര്‍ പറഞ്ഞു. എന്നാല്‍ 58 ശതമാനം ബിസിനസ് നേതാക്കള്‍ അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്നും തങ്ങള്‍ക്ക് ആശങ്കയില്ലെന്നും വ്യക്തമാക്കി.

നിരവധി വ്യവസായ പ്രമുഖരും അക്കാദമിക് വിദഗ്ധരും സെലിബ്രിറ്റികളും നിര്‍മിത ബുദ്ധിയുടെ അപകടത്തെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജനങ്ങളെ അടിച്ചമര്‍ത്താനായി ഏകാധിപതികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന കാലം വിദൂരമല്ലെന്നു ലോകമാകെ തരംഗമായ എഐ സോഫ്റ്റ്‌വെയറായ ചാറ്റ് ജിപിറ്റിയുടെ സൃഷ്ടാവ് സാം ഓള്‍ട്ട്മാന്‍ കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നിരവധി മനുഷ്യരെ കൊല്ലാന്‍ തക്കവിധം ശക്തമാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ ഉപദേശകന്‍ മാറ്റ് ക്ലിഫോര്‍ഡ് അഭിപ്രായപ്പെട്ടിരുന്നു. നിരവധി മരണങ്ങള്‍ക്ക് കാരണമായേക്കാവുന്ന സൈബര്‍, ജൈവ ആയുധങ്ങള്‍ സൃഷ്ടിക്കാന്‍ നിര്‍മിത ബുദ്ധിക്ക് കഴിവുണ്ടെന്നാണ് അദ്ദേഹം ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

മഹാമാരികളും ആണവ യുദ്ധവും പോലുള്ള സാമൂഹികമായ വിപത്തുകള്‍ നേരിടുന്നതിനൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മൂലമുള്ള അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതും ആഗോള മുന്‍ഗണനയായിരിക്കണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

ആരോഗ്യ സംരക്ഷണം, പ്രൊഫഷണല്‍ സേവനങ്ങള്‍/ഐടി, മീഡിയ എന്നീ മൂന്ന് പ്രധാന വ്യവസായങ്ങളില്‍ എ.ഐ വിപ്ലവകരമായ സ്വാധീനം ചെലുത്തുമെന്ന് സിഇഒമാര്‍ സൂചിപ്പിച്ചു. അതേസമയം, തെറ്റായ വിവരങ്ങള്‍ പ്രചരിക്കാനുള്ള അപകട സാധ്യതകളും ജോലി നഷ്ടപ്പെടലും ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ ഉടനടി ഉണ്ടാകാന്‍ സാധ്യതയുണ്ട്.

എ.ഐയെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ചുള്ള സമവായത്തിന്റെ അഭാവം ഭാവിയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും വ്യവസായ തലവന്മാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.